എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കലക്ടറേറ്റ് മാര്‍ച്ച് ഓഗസ്റ്റില്‍
കാസര്‍കോട്: സര്‍ക്കാര്‍ തീരുമാനങ്ങളും സുപ്രീംകോടതി വിധിയും നടപ്പാക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ഓഗസ്റ്റ് ഒന്‍പതിനു കലക്ടേറ്റ് മാര്‍ച്ചു നടത്തും. കഴിഞ്ഞ വര്‍ഷം നടന്ന പട്ടിണിസമരത്തെ തുടര്‍ന്നു സര്‍ക്കാരുമായുണ്ടാക്കിയ ഒത്തുതീര്‍പ്പിലും തുടര്‍ന്ന് സുപ്രീം കോടതി വിധിയിലും ലിസ്റ്റ് ചെയ്യപ്പെട്ട മുഴുവന്‍ ദുരിതബാധിതര്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത സാമ്പത്തിക സഹായം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൂര്‍ണമായും വിതരണം ചെയ്തിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. സുപ്രീം കോടതി വിധിയനുസരിച്ച് ഏപ്രില്‍ 10നു മുമ്പു നല്‍കേണ്ട ധനസഹായത്തില്‍ മൂന്നാം ഗഡു പോലും ദുരിതബാധിതര്‍ക്ക് എത്തിക്കാന്‍ കഴിയാത്തത് ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലമാണെന്നു യോഗം ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ ക്യാംപ് നടന്നിട്ട് മാസങ്ങളായെങ്കിലും പട്ടിക പ്രസിദ്ധീകരിക്കാന്‍ തയാറാകാത്തതും പ്രതിഷേധത്തിനിടയാക്കി. മോറട്ടോറിയം അവസാനിക്കാറായിട്ടും കടം എഴുതി തള്ളാനുള്ള നീക്കവും നടക്കുന്നില്ല. ട്രിബ്യൂണലിനു വേണ്ടി നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ മന്ത്രിയായപ്പോള്‍ മൗനം പാലിക്കുന്നതു നിര്‍ഭാഗ്യകരമാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മുനീസ അമ്പലത്തറ അധ്യക്ഷയായി. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കെ.ടി ബിന്ദുമോള്‍, പി. കൃഷ്ണന്‍, കെ. ചന്ദ്രാവതി, ടി.വി ദിനേശന്‍, എം.വി ശ്യാമള, കെ.എസ് അജിത, പി.ജെ ആന്റണി, കെ.എം രാജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."