റോഡിന്റെ അറ്റകുറ്റപ്പണി പാതിവഴിയില്‍ നിലച്ചത് ദുരിതമായി
രയറോം: ഏറെ നാളത്തെ മുറവിളിക്കും രോദനങ്ങള്‍ക്കു ശേഷം ആരംഭിച്ച റോഡിന്റെ അറ്റകുറ്റപ്പണി പാതിവഴിയില്‍ നിലച്ചത് വീണ്ടും ദുരിതമായി.
മാസങ്ങളായി പാടെ തകര്‍ന്നുകിടക്കുന്ന രയറോം പെരുവട്ടം പ്രാപ്പൊയില്‍ റോഡില്‍ ആരംഭിച്ച അറ്റകുറ്റപ്പണിയാണ് നിലച്ചത്. കുണ്ടേരി വരെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും പിന്നീട് നിലയ്ക്കുകയായിരുന്നു. എട്ടു കിലോമീറ്ററുള്ള റോഡിന്റെ പകുതിഭാഗം ഇപ്പോള്‍ ഗതാഗതയോഗ്യമല്ല. കാല്‍നടയാത്ര പോലും അസാധ്യമാക്കുന്ന തരത്തിലാണ് റോഡുള്ളത്.
ടാറിങ് പൊട്ടിപ്പൊളിഞ്ഞു റോഡില്‍ മെറ്റല്‍ ചിതറിക്കിടക്കുകയാണ്. വാഹനങ്ങള്‍ക്ക് ഇത് അപകടഭീഷണി ഉയര്‍ത്തുന്നു. ചിതറിക്കിടക്കുന്ന മെറ്റലില്‍ തെന്നി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവായി. കുത്തനെ ചെരിഞ്ഞും നിരവധി കൊടുംവളവുകളുമുള്ള ഈ പാത സ്വതവേതന്നെ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. പെരുവട്ടം, കുണ്ടേരി കോളനിവാസികള്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ പുറംലോകവുമായി ബന്ധപ്പെടുന്ന റോഡാണിത്. അറ്റകുറ്റപ്പണി ഉടന്‍ പുനരാരംഭിക്കണമെന്നും അല്ലെങ്കില്‍ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും ടാക്‌സി തൊഴിലാളികളും നാട്ടുകാരും മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."