എന്താകും കടലാടിപ്പാറ..?
സമരപാതയിലൂടെ കടലാടിപ്പാറ
കടലാടിപ്പാറയിലെ ജനകീയ സമരം രണ്ടു ഘട്ടങ്ങളിലായാണ് നടന്നത്. ആശാപുരയ്ക്കു ഖനനത്തിന് അനുമതി നല്‍കിയതോടെ 2007 ഡിസംബര്‍ 10ന് കടലാടിപ്പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഒന്നാം ഘട്ട സമരമാരംഭിച്ചു. എന്‍. വിജയന്‍ ചെയര്‍മാനും ബാബു ചേമ്പേന കണ്‍വീനറുമായതാണ് കടലാടിപ്പാറ സംരക്ഷണ സമിതി.
തുടര്‍ന്ന് പി. കരുണാകരന്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനെ കണ്ടു തുടര്‍ നടപടികള്‍ നിര്‍ത്തിവെയ്പ്പിച്ചതോടെയാണ് 36 ദിവസം നീണ്ട പന്തല്‍ കെട്ടി നടത്തിയ സമരം അവസാനിച്ചത്.
2013 ല്‍ ആശാപുര കമ്പനി പാരിസ്ഥിതികാഘാത പഠനത്തിനും ടേംസ് ഓഫ് റഫറന്‍സ് തയാറാക്കുന്നതിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു അപേക്ഷ നല്‍കിയതോടെയാണു രണ്ടാം ഘട്ട സമരമാരംഭിച്ചത്. പ്രധാന രാഷ്ട്രീയ കക്ഷികളുടെയും യുവജന സംഘടനകളുടേയും സംസ്ഥാന നേതാക്കളുള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ചു സമരത്തിനു പിന്തുണ നല്‍കിയിരുന്നു. തുടര്‍ന്നു നിയമസഭാ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഖനനാനുമതി റദ്ദുചെയ്യുമെന്നു സ്ഥലം എം.എല്‍.എ ആയിരുന്ന ഇ. ചന്ദ്രശേഖരന്റെ സബ്മിഷനു നിയമസഭയില്‍ മറുപടി നല്‍കിയതോടെയാണു രണ്ടാം ഘട്ട സമരത്തിനു പരിസമാപ്തിയായത്.
പിന്നീട് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പാരിസ്ഥിതികാഘാത പഠനത്തിനായി സ്ഥലത്തെത്തിയ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജെ. അന്‍സാരിയുടെ നേതൃത്വത്തിലുള്ള സംഘത്തിനും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നു മടങ്ങേണ്ടി വന്നു.
കടലാടിപ്പാറയുടെ ചരിത്രം
ഏക്കറുകളോളം നീണ്ടു കിടക്കുന്ന ജൈവ കലവറയാണ് കടലാടിപ്പാറ. ഇവിടെ നിന്നു നോക്കിയാല്‍ കടല്‍ കാണാന്‍ കഴിയുന്നതുകൊണ്ടാണ് ആ പേരു ലഭിച്ചത്. അതല്ല പണ്ടു കാലത്ത് കിഴക്കന്‍ മലയോരത്തു നിന്നും ഒരുകുടുംബം വാവ് ദിവസം ബലിതര്‍പ്പണത്തിനായി കടല്‍തേടി പോയി എന്നും ഈ പാറയില്‍ എത്തിയപ്പോള്‍ കൂട്ടത്തില്‍ ഒരാളെ കാണാത്തതിനാല്‍ അവിടെ വിശ്രമിച്ചുവെന്നും സമയം ഏറെ വൈകിയതിനാല്‍ കടലിനെ നോക്കി അവിടെ നിന്നുതന്നെ ബലി തര്‍പ്പണം ചെയ്തുവെന്നും അങ്ങനെയാണ് ഈ പേര് ലഭിച്ചതെന്നും മറ്റൊരൈതിഹ്യം.
പട്ടാണിപ്പാറ എന്നും ഇതിനു പേരുണ്ട്. നിരവധി അപൂര്‍വയിനം പൂമ്പാറ്റകളുടേയും ഓര്‍ക്കിഡുകളുടേയും സസ്യ, ജന്തുജാലങ്ങളുടേയും ആവാസകേന്ദ്രം കൂടിയാണ് കടലാടിപ്പാറ. ഈ കുന്നിന്‍ മുകളില്‍ കയറിയാല്‍ കാണുന്ന കാഴ്ചകള്‍ ആരുടേയും മനം കുളിര്‍പ്പിക്കും. ഹ്രസ്വചിത്രങ്ങളുടെ ചിത്രീകരണത്തിനും മറ്റുമായും ഇവിടെ ആള്‍ക്കാര്‍ എത്താറുണ്ട്.
ബോക്‌സൈറ്റിന്റെ കലവറ
ജില്ലയിലെ ബോക്‌സൈറ്റിന്റെ കലവറയാണ് കടലാടിപ്പാറ. 1977ല്‍ ഡോ.ടി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തിയ പഠനത്തിലാണ് കടലാടിപ്പാറയില്‍ വന്‍ ബോക്‌സൈറ്റ് നിക്ഷേപം കണ്ടെത്തിയത്. 1982 മുതല്‍ തന്നെ നീലേശ്വരം മുതല്‍ കിനാനൂര്‍-കരിന്തളം വരെയുള്ള 2000 ഏക്കര്‍ സ്ഥലത്തെ ബോക്‌സൈറ്റ് നിക്ഷേപം ഉപയോഗപ്പെടുത്താനുള്ള ആലോചനകള്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായി കടലാടിപ്പാറയിലുള്‍പ്പെടെ നിക്ഷേപ പഠനവും നടന്നിരുന്നു. സര്‍ക്കാര്‍ തലത്തിലും ഇതിനായുള്ള സമര്‍ദ്ദം ശക്തമായിരുന്നു. 1990ലെ ഇടതുമുന്നണി മന്ത്രിസഭ ഇതു സംബന്ധിച്ചു ബിര്‍ല ഗ്രൂപ്പുമായി ചര്‍ച്ചയും നടത്തിയതാണ്. അന്നു ആശാപുര ഗ്രൂപ്പും ബിര്‍ലയുടെ ഭാഗമായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരുടേയും വ്യവസായ മന്ത്രി കെ.ആര്‍ ഗൗരിയമ്മയുടേയും നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ബോക്‌സൈറ്റ് നിക്ഷേപം ഉപയോഗപ്പെടുത്തി അലുമിനിയം ഫാക്ടറി തുടങ്ങാന്‍ 600 കോടി രൂപ നിക്ഷേപിക്കാന്‍ ബിര്‍ലയും തയാറായതാണ്. ഇതിലേക്കായി സംസ്ഥാന മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് 30 ലക്ഷം രൂപയും വകയിരുത്തിയിരുന്നു.
എന്നാല്‍ ആവശ്യത്തിനു വൈദ്യുതി ലഭ്യമല്ലാത്തതിനാലാണ് അന്നു പദ്ധതി ഉപേക്ഷിച്ചത്. പിന്നീട് 2003ലാണ് സ്വതന്ത്ര കമ്പനിയായി മാറിയ ആശാപുര കടലാടിപ്പാറയിലെ 200 ഏക്കര്‍ സ്ഥലത്ത് ബോക്‌സൈറ്റ് ഖനനത്തിനായി അപേക്ഷ നല്‍കിയത്. തുടര്‍ന്ന് അന്നത്തെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞ് ഇവിടെ അലുമിനിയം കാല്‍സിനേഷന്‍ പ്ലാന്റ് സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. 2007 ല്‍ അന്നത്തെ വ്യവസായ മന്ത്രി എളമരം കരീമാണ് ഖനനത്തിന് അനുമതി നല്‍കിയത്.
മോഹിപ്പിക്കുന്ന കടലാടി
കടലാടിപ്പാറയിലെ ബോക്‌സൈറ്റ് നിക്ഷേപം ഉപേക്ഷിച്ചു പോകാന്‍ ആശാപുര തയാറായിരുന്നില്ല. പാരിസ്ഥിതികാഘാതപഠനത്തിനു സാഹചര്യമൊരുക്കണമെന്നു കാണിച്ചു കമ്പനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേ സമയം തന്നെ കേന്ദ്ര സര്‍ക്കാര്‍ പാരിസ്ഥിതികാഘാതപഠനത്തിനുള്ള കാലാവധി ഈ വര്‍ഷം നവംബര്‍ വരെ നീട്ടി നല്‍കുകയും ചെയ്തു. കമ്പനി നല്‍കിയ റിട്ട് ഹരജിയില്‍ വിധി പറയുമ്പോഴാണു പൊതുജനാഭിപ്രായം തേടാനുള്ള അവസരമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതിനെതിരേ പ്രദേശത്ത് വന്‍ പ്രതിഷേധമാണുള്ളത്. സഹനസമരത്തിനു പകരം ഇത്തവണ പ്രതിരോധ സമരത്തിനാണു നാട്ടുകാര്‍ ഒരുങ്ങുന്നത്. തങ്ങളുടെ ജീവന്‍ കൊടുത്തും കടലാടിപ്പാറയെ സംരക്ഷിക്കുമെന്ന നിലപാടിലാണവര്‍. മന്ത്രി ഇ. ചന്ദ്രശേഖരനുള്‍പ്പെടെയുള്ള ജനപ്രതിനിധികളും പ്രാദേശിക ഭരണകൂടവും മുഴുവന്‍ രാഷ്ട്രീയ കക്ഷികളും അവര്‍ക്കു പിന്തുണയുമായുണ്ട്.
ഇനി...
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇവിടെ പൊതുജനാഭിപ്രായം തേടല്‍ അനിവാര്യമായിരിക്കുകയാണ്. ഇക്കാര്യത്തില്‍ നിലപാടെടുക്കേണ്ടത് ജില്ലാ കലക്ടറാണ്. ഇതിനുള്ള തിയതി നിശ്ചയിച്ചു പത്രമാധ്യമങ്ങളിലൂടെ പരസ്യം നല്‍കണം. പദ്ധതി പ്രദേശത്തായിരിക്കും ഇതു നടക്കുക. പൊതുജനാഭിപ്രായം തേടല്‍ നടന്നാല്‍ ആ സമയത്ത് എന്തു നിലപാടാണു സ്വീകരിക്കേണ്ടതെന്നു വരും ദിവസങ്ങളില്‍ നടക്കുന്ന യോഗങ്ങളില്‍ തീരുമാനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."