പാതിരാവിലും ഉണര്‍ന്നിരിക്കുന്ന മനുഷ്യമാലാഖമാര്‍
പടച്ചോന്റെ ചില തിരഞ്ഞെടുപ്പുകളുണ്ട്; കാലമേല്‍പിക്കുന്ന മുറിവുണക്കാന്‍, അനീതിയുടെ കാലത്തെ നീതിയാകാന്‍, അസഹിഷ്ണുതയോട് സഹിഷ്ണുതയാകാന്‍, സ്വപ്നങ്ങള്‍ കത്തിയമരുമ്പോള്‍ പ്രതീക്ഷയുടെ വെട്ടം പിടിക്കാന്‍, ഭൂമി കുടഞ്ഞെറിയുമ്പോള്‍, നക്കിത്തുടക്കുമ്പോള്‍ സാന്ത്വനത്തിന്റെ കരസ്പര്‍ശമാകാന്‍... അങ്ങനെയങ്ങനെ.. അത്തരത്തിലൊരു തിരഞ്ഞെടുപ്പ് തന്നെയായിരുന്നു ഒഴുകൂര്‍ മുഹമ്മദ് ബാഖവിയെ മലപ്പുറം തേഞ്ഞിപ്പലത്തിനടുത്ത് ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന പാണമ്പ്ര പള്ളിയിലേക്ക് എത്തിച്ചതും.
തൊണ്ണൂറുകളുടെ തുടക്കം. പാണമ്പ്രയില്‍ ബസ് മറിഞ്ഞു നിരവധി പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. അപകടങ്ങളും അപകടമരണങ്ങളും വിരളമായ കാലത്ത് ഈ വാര്‍ത്ത ജില്ലയെ നടുക്കിക്കളഞ്ഞു. പാണമ്പ്ര അങ്ങനെ ഒരു പേടിപ്പെടുത്തുന്ന സ്ഥലനാമമായി ജനങ്ങളുടെ മനസില്‍ ഇടംപിടിച്ചു. 1998ലെ റമദാനില്‍ ഒരു വെള്ളിയാഴ്ച പാണമ്പ്ര പള്ളിയിലേക്ക് ഖതീബും മുദരിസുമായി കടന്നുവരുമ്പോള്‍ മുഹമ്മദ് ബാഖവിയുടെ മനസില്‍ ആ ദേശം നടുക്കുന്നൊരോര്‍മയായി കടന്നുകൂടിയിരുന്നു. വരുംകാലങ്ങളില്‍ താന്‍ അനുഭവിക്കേണ്ട നീറുന്ന കാഴ്ചകളിലേക്കുള്ള വാതില്‍ തുറക്കലോ അല്ലെങ്കില്‍ നിതാന്ത ജാഗ്രത തേടലോ ആയിരിക്കാമത്.
ജാഗ്രതയുടെ ജനലഴികള്‍
മുഹമ്മദ് ബാഖവി പാണമ്പ്ര പള്ളിയില്‍ ചാര്‍ജെടുത്തിട്ട് അധികം ആയിട്ടില്ല. അന്നൊരു രാത്രി റോഡില്‍നിന്ന് 'അമ്മേ അമ്മേ' എന്ന നിലവിളിയും കൂട്ടക്കരച്ചിലും കേള്‍ക്കുന്നു. ഓടിച്ചെന്നു നോക്കുമ്പോള്‍ ഒരു ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്കു തള്ളിനില്‍ക്കുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ല് പൊട്ടി മുന്‍പിലുണ്ടായിരുന്ന ചില സ്ത്രീകളും കുട്ടികളും റോഡിലേക്കു തെറിച്ചുവീണു നിലവിളിക്കുന്നു. തെക്കുനിന്നു വിനോദയാത്രയ്ക്കു പുറപ്പെട്ട സംഘമാണ് അപകടത്തില്‍പെട്ടിരിക്കുന്നത്.
ചിന്തിച്ചുനില്‍ക്കാന്‍ സമയമില്ല. ഒരു കൈ സഹായത്തിന് ആരുമില്ലാത്ത നേരം. ബാഖവി പള്ളിയിലേക്കു തന്നെ തിരിച്ചുപോയി ദര്‍സിലെ ശിഷ്യന്മാരെ വിളിച്ചുണര്‍ത്തി രക്ഷാപ്രവര്‍ത്തനത്തിനായി കൂട്ടിക്കൊണ്ടുവന്നു. കുട്ടികള്‍ കൈയില്‍ കിട്ടിയ പാത്രങ്ങളിലെല്ലാം വെള്ളമെടുത്ത് റോഡിലേക്കോടി. അപകടത്തില്‍പെട്ടവര്‍ക്ക് വെള്ളം കൊടുത്തു ശുശ്രൂഷിച്ചു ആദ്യം. പള്ളിയുമായി നിരന്തരബന്ധം പുലര്‍ത്തിയിരുന്ന അയല്‍വാസികളായ ചില ചെറുപ്പക്കാരെ ഉടന്‍ വിളിച്ചുവരുത്തി ഇവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.
മുഹമ്മദ് ബാഖവിയുടെ ആദ്യത്തെ നേരനുഭവം എന്നതിലുപരി ഇത് വലിയൊരു തുടര്‍ച്ചയുടെ തുടക്കമായിരുന്നു. അവിടുന്നങ്ങോട്ട് എത്രയോ തവണ ഈ ഉസ്താദും ശിഷ്യന്മാരും റോഡില്‍ ചോരവാര്‍ന്നു മരിക്കേണ്ടിയിരുന്ന പല ജന്മങ്ങളെയും ജീവിതത്തിന്റെ തീരത്തേക്കു തിരികെക്കൊണ്ടുവന്നു. ചിലതെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചു. പലതും പറയാനും കേള്‍ക്കാനും ആളില്ലാതെയും പോയി. അപകടങ്ങള്‍ അധികവും പാതിരാത്രി സംഭവിക്കുന്നതു കാരണം രക്ഷാപ്രവര്‍ത്തനത്തിലെ ഈ മാലാഖമാരെ ആരും അറിയാതെ പോയി. നേരം വെളുക്കുന്നതിനുമുന്‍പു തന്നെ ക്രെയിന്‍ വന്ന് അപകടത്തില്‍പ്പെട്ട വാഹനം സംഭവസ്ഥലത്തുനിന്നു നീക്കം ചെയ്യുന്നതിനാല്‍ തലേന്ന് അവിടെ സംഭവിച്ചതിനെ കുറിച്ചു നാട്ടുകാര്‍ക്കും ഒരു ധാരണയുമുണ്ടായിരുന്നില്ല.
വാര്‍ത്തയാകല്‍, ആകാതിരിക്കല്‍ എന്നതിലെല്ലാമുപരി, ഓരോ ചെറുശബ്ദങ്ങള്‍ക്കു പോലും നിരത്തിലേക്കു തുറക്കപ്പെട്ട രണ്ടു ജനലുകളാണ് മുഹമ്മദ് ബാഖവിയുടേതും പള്ളിയിലെ മുഅദ്ദിന്‍ മുഹമ്മദ് അലി ഫൈസിയുടേതും. രാത്രിയുടെ ഏതു യാമങ്ങളിലും ഉസ്താദ് വെപ്രാളപ്പെട്ടു വിളിച്ചുണര്‍ത്തിയേക്കാമെന്നും പള്ളിയിലെ ഹൗളില്‍നിന്നു വെള്ളം കോരി റോഡിലേക്കോടേണ്ടിവരുമെന്നും മനസിനെ പാകപ്പെടുത്തി അര്‍ധമയത്തിലേക്കു പോകുന്ന വിദ്യാര്‍ഥികള്‍. ഈ ജാഗ്രതയെ ഏതുവാക്കിനാല്‍ നാം പാടിപ്പുകഴ്ത്തും, ഏതു പൂവിട്ടു പൂജിക്കും. ഇത്തരമൊരു ജാഗ്രത തന്നെയായിരുന്നു മലയാളത്തിന്റെ അനശ്വര നടന്‍ ജഗതി ശ്രീകുമാറിനെയും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്.
ജഗതിയെ രക്ഷിച്ച മാലാഖമാര്‍
2012 മാര്‍ച്ച് മാസം പത്താം തിയതിക്കുശേഷം കേട്ടുകൊണ്ടിരിക്കുന്ന രണ്ടു ക്രൂരതമാശകളാണ് ജഗതിപ്പടിയും ജഗതിവളവും. ജഗതി ശ്രീകുമാര്‍ എന്ന അതുല്യ നടനെ ജീവിച്ചിരിക്കെ തന്നെ മലയാളിക്കു നഷ്ടമായത് ഇതേ പാണമ്പ്ര വളവില്‍വച്ചായിരുന്നു.
പുലര്‍ച്ചെ റോഡില്‍നിന്നു വലിയ സ്‌ഫോടനശബ്ദം കേട്ട് ഓടിയെത്തിയ ദര്‍സ് വിദ്യാര്‍ഥികളായ റഊഫും സമീറലിയും നവാസും കണ്ടത് ഡിവൈഡറിലേക്ക് ഇടിച്ചുകയറി തകര്‍ന്നുതരിപ്പണമായ കാറും അകത്ത് ശരീരം മുഴുവന്‍ രക്തത്തില്‍ കുളിച്ച രണ്ടു യാത്രക്കാരും. വളരെ പ്രയാസപ്പെട്ട് കാറിന്റെ വാതില്‍ തുറന്ന് ഇരുവരെയും പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തൃശ്ശൂര്‍ ഭാഗത്തേക്ക് ഒരു ആംബുലന്‍സ് വരുന്നത് കണ്ടു. കൈ കാണിച്ചു നിറുത്തിച്ചു. ഉടനെ തന്നെ രണ്ടുപേരെയും ആംബുലന്‍സില്‍ കയറ്റി. ഇവരെ ആംബുലന്‍സിലേക്ക് എടുത്തുവയ്ക്കാനും രക്ഷാപ്രവര്‍ത്തനത്തിനും സഹായിച്ച, ആ സമയം അതുവഴി വന്ന ലോറിക്കാരില്‍ ഒരാള്‍ ആംബുലന്‍സില്‍ കൂടെ കയറി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വളരെ വേഗത്തില്‍ തന്നെ ഇരുവരെയും എത്തിച്ചു. ഈ കാരുണ്യ പ്രവര്‍ത്തനത്തിന്റെ പ്രതിഫലമെന്നോണം അപ്പോള്‍ തന്നെ ആശുപത്രി അധികൃതര്‍ ആംബുലന്‍സില്‍ കൂടെ കയറിയ വ്യക്തിക്ക് ഒരു ലക്ഷം രൂപ ഇനാം നല്‍കി.
തങ്ങള്‍ രക്ഷിച്ചത് ജഗതി ശ്രീകുമാര്‍ എന്ന ജനപ്രിയ താരത്തെയാണെന്ന സത്യം തിരിച്ചറിയാന്‍ രാവിലത്തെ ടി.വി വാര്‍ത്ത കാണേണ്ടിവന്നു ഈ ദര്‍സ് വിദ്യാര്‍ഥികള്‍ക്ക്. അപ്പോഴേക്കും വാര്‍ത്ത നാടൊട്ടുക്കും പരന്നിരുന്നു. പിറ്റേന്നത്തെ എല്ലാ പത്രങ്ങളിലും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ ഈ മൂന്നുപേരും ഇടംപിടിച്ചു. 'ദര്‍സില്‍ വന്നിട്ട് അധികം കാലമായിട്ടില്ല. ഇതിനകം തന്നെ ഇരുപതോളം തവണ രക്ഷാപ്രവര്‍ത്തനം നടത്തിയ സമീര്‍ അലി, റഊഫ്, നവാസ് എന്നിവര്‍ക്ക് ഇതു മറ്റൊരു പുണ്യപ്രവൃത്തി.' ഇങ്ങനെയായിരുന്നു ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത്. അതോടെ ജഗതിയെ രക്ഷിച്ചതിന്റെ പേരില്‍ പല വാഗ്ദാനങ്ങളും ഇവരെ തേടിയെത്തി. എന്നാല്‍, സംഭവത്തിനുശേഷം ആറു വര്‍ഷം കഴിഞ്ഞിട്ടും ആ വാഗ്ദാനങ്ങളൊക്കെയും പൂര്‍ത്തീകരിക്കപ്പെടാതെ ബാക്കികിടക്കുന്നു.
അപകടമൊഴിയാ വളവ്
ഇതിനുശേഷവും പലരും അപകടത്തില്‍പെട്ടു നിലവിളിക്കാനും മരണത്തോട് മല്ലടിക്കാനും പാണമ്പ്രയെ തന്നെ തിരഞ്ഞെടുത്തു. അല്ലെങ്കില്‍ ദൈവം അവരെ പാണമ്പ്രയിലേക്കു പറഞ്ഞയച്ചു. ഓരോ സംഭവത്തിലും മുഹമ്മദ് ബാഖവിയും ശിഷ്യന്മാരും രക്ഷാദൗത്യമേറ്റെടുത്തു. സാക്ഷികളുടെ ഒപ്പിട്ടുകൊടുത്തു.
ഒരിക്കല്‍ പുലര്‍ച്ചെ ബഹളം കേട്ട് വിദ്യാര്‍ഥികള്‍ ഓടിച്ചെന്നു നോക്കുമ്പോള്‍ കാര്‍ തല കുത്തനെ മറിഞ്ഞുകിടക്കുന്നു. താഴെ കുടുങ്ങിക്കിടന്ന രണ്ടുപേരെ പുറത്തിറങ്ങാന്‍ സഹായിച്ച് ഓരത്തേക്കു പിടിച്ചിരുത്തി വെള്ളം കൊടുത്തു. കുറച്ചു കഴിഞ്ഞ് അവരില്‍നിന്ന് ഒരാള്‍ കുട്ടികളുടെ നേരെ കൈകൂപ്പി കരഞ്ഞു പറഞ്ഞു: ''മക്കളേ, നിങ്ങള്‍ എന്നെ പോകാന്‍ അനുവദിക്കണം. ഞാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കു പോവുകയാണ്. ഞാന്‍ അപകടത്തില്‍പെട്ട വിവരമറിഞ്ഞാല്‍ എന്റെ ഗള്‍ഫ് പോക്ക് മുടങ്ങും. നിങ്ങള്‍ എന്നെ സഹായിക്കണം. ആരും അറിയരുത്.' എല്ലാവരും ചേര്‍ന്ന് കാര്‍ നേരെയാക്കി. അയാള്‍ യാത്ര തുടര്‍ന്നു. ഭാഗ്യത്തിന് രണ്ടു പേര്‍ക്കും ഒന്നും പറ്റിയിട്ടുണ്ടായിരുന്നില്ല.
മറ്റൊരിക്കല്‍ ഒരു കണ്ടെയ്‌നര്‍ ലോറിയാണ് വളവില്‍ മറിഞ്ഞു കിടക്കുന്നത്. ഡ്രൈവര്‍ മാത്രമേ വാഹനത്തിലുണ്ടായിരുന്നുള്ളൂ. ഉസ്താദ് എത്തിയപ്പോഴേക്കും അയാള്‍ സ്വയം പുറത്തുകടന്നിരുന്നു. അദ്ദേഹത്തിനും ഒന്നും സംഭവിച്ചിരുന്നില്ല. വിവരം അറിയിച്ചതനുസരിച്ചു നേരം വെളുത്തിട്ടേ കണ്ടെയ്‌നര്‍ ഉയര്‍ത്താന്‍ ക്രെയിന്‍ എത്തൂ. അതുവരെ എന്തു ചെയ്യും. ഉസ്താദ് അദ്ദേഹത്തെ പള്ളിയോടു ചേര്‍ന്നുള്ള മദ്‌റസയിലെ ഉസ്താദുമാരുടെ മുറിയിലേക്കു കൊണ്ടുപോയി. അവിടെ ഒഴിവുണ്ടായിരുന്ന കട്ടിലില്‍ അദ്ദേഹത്തിനു വിശ്രമിക്കാനുള്ള സൗകര്യമൊരുക്കി. അടുത്ത ദിവസം രാവിലെ അദ്ദേഹം അവിടുന്ന് കുളിച്ചു വൃത്തിയായി നാട്ടിലേക്ക് ബസ് കയറി.
ഒരു നാടിനെ രക്ഷിച്ച മുഅദ്ദിന്‍
ഈ കഴിഞ്ഞ സെപ്റ്റംബറില്‍ മലപ്പുറം ജില്ല ഒരു വന്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത് പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ വാര്‍ത്തയായിരുന്നു. അതിനു പിന്നില്‍ പാണമ്പ്ര പള്ളിയിലെ മുഅദ്ദിനും മുഹമ്മദ് ബാഖവിയുടെ ശിഷ്യനുമായ മുഹമ്മദ് അലി ഫൈസിയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് റോഡില്‍നിന്നു വലിയ ശബ്ദം കേട്ട് അദ്ദേഹം ജനല്‍ തുറന്നുനോക്കിയെങ്കിലും ഇരുട്ടില്‍ ഒന്നും വ്യക്തമായില്ല. പള്ളിക്കാട്ടിലേക്ക് ഏതോ വാഹനം മറിഞ്ഞിട്ടുണ്ടെന്നു വ്യക്തം. വാഹനത്തിന്റെ ലൈറ്റും എന്‍ജിനും ഓഫ് ആയിരുന്നില്ല.
അലി ഫൈസി ഉടനെ തന്നെ തന്റെ മൊബൈലിലെ ടോര്‍ച്ച് തെളിയിച്ച് അങ്ങോട്ട് ചെന്നു. ചേളാരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലേക്കു വരികയായിരുന്ന ഗ്യാസ് ടാങ്കറാണ് അപകടത്തില്‍പെട്ടിരിക്കുന്നത്. ഡ്രൈവര്‍ അകത്ത് കുടുങ്ങിക്കിടപ്പുണ്ട്. അദ്ദേഹത്തെ പുറത്തെടുക്കാനാകുന്നില്ല. ഡ്രൈവര്‍ക്കാണെങ്കില്‍ വാഹനം ഓഫ് ചെയ്യാനും കഴിയുന്നില്ല. അലി റോഡിലേക്ക് കയറി വാഹനങ്ങള്‍ക്കു കൈ കാണിച്ചു. ടാങ്ക് പൊട്ടി ഗ്യാസ് അന്തരീക്ഷത്തില്‍ പരക്കുന്നതിന്റെ മണം ലഭിച്ചതുകൊണ്ടാകാം പലരും വാഹനം നിറുത്തിയെങ്കിലും പുറത്തിറങ്ങാന്‍ തയാറായില്ല. എല്ലാവരും കാര്യമന്വേഷിച്ചു സ്ഥലം വിട്ടു. അല്‍പം കഴിഞ്ഞ് ഒരു പൊലിസ് വാഹനം വന്നു. അവര്‍ നിറുത്തി അദ്ദേഹത്തിന്റെ കൂടെ ചെന്ന് ഡ്രൈവറെ പുറത്തുകടക്കാന്‍ സഹായിച്ചു. എന്‍ജിന്‍ ഓഫ് ചെയ്തു.
പൊലിസിന്റെ നിര്‍ദേശപ്രകാരം അലി പള്ളിയില്‍ കയറി അനൗണ്‍സ് ചെയ്യാന്‍ തുടങ്ങി. പരിസരത്തുള്ള വീടുകളില്‍ തീ, ഗ്യാസ്, കറന്റ്, മൊബൈല്‍ തുടങ്ങിയവ ഉപയോഗിക്കരുതെന്നായിരുന്നു വിളംബരം. അര്‍ധരാത്രി തുടങ്ങിയ ഈ പണി രാവിലെവരെ ഇടവിട്ട് ഇടവിട്ടു തുടര്‍ന്നുകൊണ്ടിരുന്നു. അഞ്ചു ടാങ്കറുകളില്‍ നിറക്കാനുള്ള എസെന്‍സ് ആയിരുന്നു ഈ ടാങ്കറിലുണ്ടായിരുന്നത്. അപകടം നടന്ന പാണമ്പ്രയില്‍നിന്നു വെറും എഴുനൂറ് മീറ്റര്‍ അപ്പുറത്താണ് പെട്രോള്‍ പമ്പും അതിനോടു ചേര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമുള്ളത്. മുഹമ്മദലി ഫൈസി കൃത്യസമയത്ത് ഉണര്‍ന്നില്ലായിരുന്നുവെങ്കില്‍, അദ്ദേഹം അവിടേക്ക് ഓടിച്ചെന്നില്ലായിരുന്നുവെങ്കില്‍ ആ പ്രദേശത്തിന്റെ സ്ഥിതി എന്താകുമായിരുന്നു!
ബാഖവിക്ക് പറയാനുള്ളത്
മിക്ക അപകടങ്ങളും പുലര്‍ച്ചെ രണ്ടിനും ആറിനും ഇടയ്ക്കാണു സംഭവിക്കാറ്. അതുകൊണ്ട് കഴിവതും രാത്രിയാത്രകള്‍ കുറക്കാന്‍ ശ്രമിക്കുക. ഇത്രയുമാണ് മുഹമ്മദ് ബാഖവിക്കു പറയാനുള്ളത്.
ഡിവൈഡര്‍ വന്നതിനുശേഷമാണ് അപകടങ്ങളുടെ എണ്ണം വര്‍ധിച്ചതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പലപ്പോഴും രാത്രിയില്‍ റോഡില്‍ തിരക്ക് കുറയുന്നതിനാല്‍ വാഹനങ്ങള്‍ റോഡിന്റെ മധ്യം പിടിച്ചു വരുന്നതും അപകടസാധ്യത കൂട്ടുന്നു. മേലെ ചേളാരിയില്‍നിന്ന് പാണമ്പ്രവരെ ഇറക്കമായതിനാല്‍ ഇവിടെ പെട്ടെന്നു തുടങ്ങുന്ന ഡിവൈഡര്‍ ഇത്തരം യാത്രക്കാര്‍ക്കു വലിയ ഭീഷണിയാകുന്നു. ഡിവൈഡറില്‍ കയറിയ ശേഷമായിരിക്കും അവര്‍ വിവരം അറിയുന്നതുതന്നെ. ഒന്നുകില്‍ ഡിവൈഡര്‍ അല്‍പം നീട്ടി നിര്‍മിക്കുകയോ അല്ലെങ്കില്‍ പാടേ എടുത്തുകളയുകയോ ചെയ്യണമെന്നാണ് ബാഖവിക്ക് നിര്‍ദേശിക്കാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."