അത്ര മോശം വാക്കായിരുന്നില്ല കഞ്ഞി
മലയാളി ഇന്നലെവരെ ജീവിച്ചത് കഞ്ഞി കുടിച്ചായിരുന്നു. കാര്‍ഷിക ജീവിതത്തിന്റെ അവിഭാജ്യശീലമായിരുന്നു കഞ്ഞി. സമൂഹത്തിന്റെ സാമ്പത്തിക നിലവാരത്തിലുണ്ടായ പരിവര്‍ത്തനങ്ങളും ആധുനിക ജീവിതശീലങ്ങളുടെ കടന്നുവരവുമാണ് കഞ്ഞിയെ മലയാളിയുടെ ഭക്ഷണമെനുവില്‍നിന്നു പുറത്താക്കിയത്. അരനൂറ്റാണ്ടുവരെയും കേരളത്തിലെ ഇടത്തരം കുടുംബങ്ങള്‍ പോലും ഉച്ചയ്ക്കും രാവിലെയും കഞ്ഞി കുടിച്ചിരുന്നവരാണ്. നാട്ടിന്‍പുറവും നഗരവും തമ്മില്‍ ഭക്ഷണശീലങ്ങളില്‍ വലിയ വ്യത്യാസമൊന്നും ഇല്ലാതിരുന്ന കാലത്ത് ധനാഢ്യരുടെ ഭക്ഷ്യശീലങ്ങളിലും കഞ്ഞി പ്രധാന ഇനമായിരുന്നു.
നാടന്‍ കുത്തരിയുടെ കൊഴുപ്പുള്ള വെള്ളവും ഇളം ചുവപ്പ് അല്ലെങ്കില്‍ നേരിയ തവിട്ടുനിറമുള്ള വറ്റും കലര്‍ന്ന കഞ്ഞി ചൂടോടെ കുടിച്ചുകൊണ്ടാണ് മുന്‍തലമുറകള്‍ അവരുടെ ജീവിതം പടുത്തുയര്‍ത്തിയത്. അധ്വാനവര്‍ഗക്കാരായ തൊഴിലാളികള്‍ക്കു പോഷകാഹാരം കൂടിയായി കഞ്ഞി വര്‍ത്തിച്ചു. തവിടിന്റെ ഗുണഗണങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാത്ത നാടന്‍ അരിയുടെ കഞ്ഞിവെള്ളം നാട്ടിന്‍പുറത്തുകാരെ സംബന്ധിച്ചു ക്ഷീണം മാറ്റാനുള്ള പാനീയമായിരുന്നു. ദാഹത്തിനും തളര്‍ച്ചയ്ക്കും ബോധക്ഷയത്തിനുപോലും ഉപ്പിട്ട കഞ്ഞിവെള്ളം നല്‍കിവന്നവരാണു നാട്ടിന്‍പുറത്തുകാര്‍. ഇന്നത്തെ ഗ്ലൂക്കോസിന്റെ ഗുണം അന്നത്തെ കഞ്ഞിവെള്ളത്തിന് ഉണ്ടായിരുന്നു. ഉരലില്‍ ഇടിച്ചും കുത്തിയും ഗ്രാമീണ വീടുകളില്‍ നെല്ലില്‍നിന്നു നേരിട്ട് ഉണ്ടാക്കിയ അരിക്ക് കടുത്ത തവിട്ടുനിറത്തിന്റെ സ്വാഭാവികതയുണ്ടായിരുന്ന കാലമാണത്.
നെല്ലുകുത്ത് മില്ലുകള്‍ വ്യാപകമായ ശേഷവും നാടന്‍ അരിയുടെ തവിട്ടുനിറം ഒരു പരിധിവരെ നിലനിന്നു. ഫ്‌ളോര്‍ മില്ലുകളില്‍നിന്നു കുത്തിയെടുത്തു കൊണ്ടുവരുന്ന അരി ചേറി തവിട്ട് കളഞ്ഞ് ചാക്കില്‍ കെട്ടിയും പത്തായങ്ങളില്‍ നിറച്ചും കുട്ടകളിലും മഞ്ചപ്പെട്ടികളിലും നിറച്ചും സൂക്ഷിച്ചിരുന്ന കാലത്തും അരിക്ക് ഇളം തവിട്ടുനിറവും ആ അരി വെന്ത ചോറിനും അതിന്റെ വെള്ളത്തിനും ആകര്‍ഷകമായ ഒരുതരം നാട്ടുഗന്ധവും നിലനിന്നു.
കഞ്ഞിവെള്ളം
അരി വെന്ത വെള്ളത്തെ മലയാളികള്‍ കഞ്ഞിവെള്ളം എന്നാണു വിളിച്ചത്. ആ വിളിപ്പേരില്‍ തന്നെ കഞ്ഞിയുടെ സ്വാധീനം കാണാം. കഞ്ഞിയൂറ്റിയാണ് ചോറുണ്ടാക്കുന്നത് എന്ന കാഴ്ചപ്പാടാണ് ഈ സ്വാധീനത്തില്‍ പ്രതിഫലിക്കുന്നത്. അതായത് മലയാളിയുടെ ഏറ്റവും ആദിമമായ അരിയാഹാരം കഞ്ഞിയായിരുന്നു. കഞ്ഞിയില്‍നിന്ന് ഒരുപടി മുന്നിലേക്കുള്ള പരിഷ്‌ക്കരണം എന്ന നിലയിലേ ചോറിനെ അഥവാ ഊണിനെ മലയാളി പൂര്‍വികര്‍ കണ്ടിട്ടുള്ളൂ. അതുകൊണ്ടാണ് മൂന്നുനേരത്തെ കഞ്ഞിശീലത്തില്‍നിന്ന് ഉച്ചയൂണിലേക്കു മാറിയ കാലത്തും അധികം മലയാളികളും ഉച്ചയൂണ് എന്നു പ്രയോഗിക്കാതെ ഉച്ചക്കഞ്ഞി എന്നു മാത്രമായി പറഞ്ഞുവന്നത്. കര്‍ഷക ജന്മിമാരുടെ വീടുകളില്‍ മാത്രമാണ് കേരളത്തില്‍ മധ്യദശകങ്ങളില്‍ ഊണ് ശീലമായിരുന്നത്. പിന്നീടത് എല്ലാ വിഭാഗങ്ങളിലേക്കും പകരുകയായിരുന്നു. പാടത്ത് നിത്യക്കൂലിക്കു പണിയെടുത്ത കര്‍ഷക തൊഴിലാളികള്‍ അവര്‍ക്കു വൈകുന്നേരങ്ങളില്‍ കിട്ടിയിരുന്ന നെല്ല് വീട്ടില്‍ കൊണ്ടുവന്ന് വറുത്ത് ഉരലില്‍ കുത്തി അരിയാക്കി അന്തികളില്‍ കഞ്ഞിവച്ചു കുടിച്ചു.
കേരളത്തിലെ കാര്‍ഷിക ജീവിതവുമായി, പ്രത്യേകിച്ച് നെല്‍കൃഷിയുമായി ബന്ധപ്പെട്ട സ്വാഭാവിക ഭക്ഷ്യരീതി കഞ്ഞിയായിരുന്നു. രാവിലെ പാടത്തെത്തുന്ന കര്‍ഷക തൊഴിലാളികള്‍ തലേന്നാളത്തെ കഞ്ഞിവെള്ളത്തില്‍ ഉപ്പിച്ചു കുടിച്ചു വയര്‍ നിറച്ചാണു പണിക്കിറങ്ങിയത്. പത്തുമണി നേരങ്ങളില്‍ അവരുടെ വീടുകളില്‍നിന്നു പാടവരമ്പുകളിലേക്ക് കഞ്ഞിപ്പാത്രങ്ങളെത്തി. പിച്ചള തൂക്കുപാത്രങ്ങളിലും ചെറിയ അലൂമിനിയം കുടുക്കകളിലും ചൂടുള്ള കഞ്ഞിയും തൊട്ടുകൂട്ടാനുള്ള അനുബന്ധങ്ങളും പാടവരമ്പുകളിലെത്തി. ഉച്ചകളിലും ഇതുതന്നെയായിരുന്നു അവസ്ഥ. ഉച്ചക്കഞ്ഞിക്ക് ഉപ്പേരിയോ കറികളോ കൂടുതലുണ്ടാകും. പിച്ചള തൂക്കുപാത്രങ്ങളില്‍ വിളമ്പുന്ന തവിട്ടുനിറമുള്ള ആവി പറക്കുന്ന കുത്തരിക്കഞ്ഞിക്കു നേരിയ സുഗന്ധവും ആകര്‍ഷണീയതയും ഉണ്ടായിരുന്നു. വയല്‍ വരമ്പുകളില്‍ ഇത്തരം കഞ്ഞിപ്പാത്രങ്ങളുടെ നിരകള്‍ മുന്‍പ് പതിവു കാഴ്ചയായിരുന്നു.
ഗ്രാമീണശീലത്തിന്റെ ഒരു ഭാഗമായി നിലനിന്നതാണ് വാറ്റുകഞ്ഞി. അന്തിക്കു ചോറും വെന്ത് അടുപ്പില്‍നിന്നു കലം താഴെയിറക്കിയാല്‍ ഉടനെ വീട്ടിലെ കാരണവന്മാര്‍ക്കും മുതിര്‍ന്നവര്‍ക്കും അതില്‍നിന്ന് ചൂടോടെ അല്‍പം ഒരു പരന്ന പിച്ചളക്കിണ്ണത്തില്‍ ഒഴിച്ചുകൊടുക്കും. ഉപ്പുമാങ്ങയോ ചുട്ട പപ്പടമോ സഹിതം അവര്‍ അതു കുടിക്കും. ചോറ് വാര്‍ക്കുന്നതിനുമുന്‍പുള്ളതോ ആ സമയത്ത് ഉള്ളതോ എന്ന നിലയ്ക്കാണ് ഈ കഞ്ഞി വാറ്റുകഞ്ഞി എന്ന പേരാര്‍ജിച്ചത്. ഇടത്തരം കുടുംബത്തിലെല്ലാം വാറ്റുകഞ്ഞി പതിവുണ്ടായിരുന്നു. ചോറിന്റെ സത്തയും ഗുണവും കഞ്ഞിവെള്ളത്തിലാണ് അടങ്ങിയിരിക്കുന്നത് എന്ന നാടന്‍ കാഴ്ചപ്പാട് അക്കാലങ്ങളിലെ കഞ്ഞിവെള്ള ശീലങ്ങളുടെ അടിസ്ഥാനമാണ്.
ഉപയോഗങ്ങള്‍ പലവിധം
കഞ്ഞിവെള്ളം കൊണ്ടുള്ള പൂര്‍വകാല ഉപയോഗങ്ങള്‍ എണ്ണമറ്റവയാണ്. വീടുകളിലെ വളര്‍ത്തുമൃഗങ്ങളിലേക്കും ചെടികളിലേക്കും വരെ കഞ്ഞിവെള്ളത്തിന്റെ ഉപയോഗം നീണ്ടുചെന്നു. തലേന്നാളത്തെ കഞ്ഞിവെള്ളത്തില്‍ പിണ്ണാക്കും അവശിഷ്ട ചോറും മറ്റും കലര്‍ത്തിയാണു പശുക്കള്‍ക്കു കൊടുത്തത്. തൊഴുത്തുകളുടെ ഓരം ചേര്‍ന്നുണ്ടായിരുന്ന തൊട്ടികളില്‍ പഴങ്കഞ്ഞിവെള്ളം പതിവായി സൂക്ഷിച്ചിരുന്നു. ഇതില്‍ അടുക്കളയില്‍നിന്നുള്ള പലതരം ശേഷിപ്പുകള്‍ കലര്‍ത്തി പശുക്കള്‍ക്കു നല്‍കി. വീട്ടുപറമ്പില്‍ നട്ടുപിടിപ്പിക്കുന്ന മിരിങ്ങാത്തറികള്‍ക്കും വേപ്പിന്‍തൈകള്‍ക്കും മുളകുചെടികള്‍ക്കും വാഴകള്‍ക്കും പയറ്റുചെടികള്‍ക്കും മത്തന്‍, കുമ്പളം, വെള്ളരി തുടങ്ങിയവയ്ക്കുമെല്ലാം കഞ്ഞിവെള്ളം ഒഴിച്ചുകൊടുക്കുന്നത് ഗ്രാമീണശീലമാണ്. കഞ്ഞിവെള്ളത്തിന്റെ പശിമയേറ്റു വളരുന്ന മുരിങ്ങാത്തറികളും പയറ്റുചെടികളും മത്തന്‍ചെടികളും നല്ല രീതിയില്‍ ഇലക്കറുപ്പ് കാട്ടുകയും അവയുടെ പൂക്കള്‍ക്കും ഫലങ്ങള്‍ക്കും തിണര്‍പ്പ് കൂടുകയും ചെയ്തിരുന്നു. ഇങ്ങനെ കഞ്ഞിവെള്ളം മനുഷ്യേതര തലങ്ങളിലേക്കും ചെന്നെത്തിക്കൊണ്ടിരുന്നു.
വള്ളുവനാട്ടുകാര്‍ കഞ്ഞ്യര്‍ളം തൂമിച്ചത് എന്നു പറഞ്ഞാല്‍ അതിനര്‍ഥം കഞ്ഞിവെള്ളത്തില്‍ ഉണക്കയോ പച്ചയോ ആയ മുളകുകള്‍ അരിഞ്ഞിട്ടു മണ്‍ചട്ടിയില്‍ മൂപ്പിച്ചെടുത്ത ചെറിയ ഉള്ളിക്കഷണങ്ങളില്‍ ചേര്‍ത്ത് വഴറ്റിയുണ്ടാക്കുന്ന താല്‍ക്കാലിക കറി എന്നാണ്. പണ്ടുകാലങ്ങളില്‍ ഒട്ടുമിക്ക വള്ളുവനാടന്‍ ദരിദ്രവീടുകളിലും ഈ കഞ്ഞിവെള്ളം തൂമിച്ച കറി പതിവായിരുന്നു. കഞ്ഞിവെള്ളത്തില്‍ പയറ്റിലയോ മത്തനിലയോ മുരിങ്ങയിലയോ ഇട്ടു വഴറ്റി വേവിച്ചുണ്ടാക്കുന്ന ഇലക്കറികളും പതിവായിരുന്നു.
മാന്തക്കഞ്ഞി
മറ്റൊരു കഞ്ഞിവെള്ള വിഭവമാണ് മാന്തക്കഞ്ഞി. കഞ്ഞിവെള്ളത്തില്‍ ഉണക്കമാന്തളിട്ടു വേവിച്ച് അതില്‍ പച്ചമുളക് കീറിയിട്ട് ഉണ്ടാക്കിയ കറിയാണ് മാന്തക്കഞ്ഞി. ഉണക്ക മാന്തളിനൊപ്പം തന്നെയാണു ചിലര്‍ പച്ചമുളക് നീളത്തില്‍ കീറിയിട്ടിരുന്നത്. മാന്തളിന്റെയും പച്ചമുളകിന്റെയും വേവുസമയങ്ങളില്‍ വ്യത്യാസം ഉള്ളതുകൊണ്ടുതന്നെ മാന്തക്കഞ്ഞിയിലെ മാന്തളിനും പച്ചമുളക് കീറിനും രണ്ടുതരം വേവായിരിക്കും. ഇതൊഴിവാക്കാന്‍ ചില വീട്ടമ്മമാര്‍ പച്ചമുളക് അരച്ചുചേര്‍ത്ത് മാന്തക്കഞ്ഞി ഉണ്ടാക്കിയിരുന്നു.
ഉണങ്ങിയ ചക്കക്കുരുവും മുരിങ്ങയിലയും കഞ്ഞിവെള്ളത്തില്‍ വേവിച്ചുണ്ടാക്കിയ മുരിങ്ങാക്കറിക്കു സവിശേഷ രുചിയാണ്. ചക്കക്കുരു വേവുമ്പോള്‍ ഉയരുന്ന നേരിയ ഗന്ധവും മുരിങ്ങയില വെന്ത മണവും ചേര്‍ന്ന് ഇത്തരം കറികള്‍ക്കു വേറിയ ചൂരുണ്ടായിരുന്നു. അടുപ്പത്ത് കലത്തില്‍ വെന്തുകൊണ്ടിരിക്കുന്ന അരിയിലേക്കു തൊലികളഞ്ഞ കപ്പക്കിഴങ്ങ് വെറിമുറിക്കാതെ ഇട്ടുവേവിക്കുന്ന പതിവ് വള്ളുവനാട്ടുകാര്‍ക്കിടയില്‍ പണ്ടുകാലത്ത് നിലനിന്നു. ഇങ്ങനെ ചോറ്റില്‍ വേവുന്ന കൊള്ളിക്കിഴങ്ങ് അതീവ മൃദുലമായിരിക്കും. പല്ലില്ലാത്ത വയസായ കാരണവന്മാര്‍ക്ക് തിന്നാനാണ് കൂടുതലായും ഇത്തരത്തില്‍ കപ്പ ചോറ്റിലിട്ടു വേവിച്ചിരുന്നത്. അരി വെന്ത വെള്ളത്തിന്റെ രുചികൂടി അതില്‍ കലര്‍ന്നിരുന്നതിനാല്‍ ഇരട്ടിരുചിയായിരുന്നു അതിന്.
കഞ്ഞി കേരളീയ ജീവിതത്തില്‍നിന്നു തീര്‍ത്തും വേരറ്റുപോയിട്ടില്ല എന്നു നമുക്കറിയാം. എന്നാല്‍, മൂന്നുനേരം കഞ്ഞി കുടിച്ചിരുന്ന കേരളീയര്‍ പിന്നീട് ഒരുനേരം ഊണിലേക്കും അതു കഴിഞ്ഞു രണ്ടുനേരം ഊണിലേക്കും മാറി. പിന്നീട് ഊണെന്നാല്‍ ഉച്ച മാത്രമെന്ന അവസ്ഥ വന്നു. ശേഷിച്ച രണ്ടുനേരവും പുത്തന്‍ വിഭവങ്ങളും പലഹാരങ്ങളും ദോശയും ചപ്പാത്തിയും പൊറോട്ടയുമൊക്കെയായി. എന്നാല്‍, പനിക്കാലങ്ങളിലും രോഗാവസ്ഥകളിലും കഞ്ഞി ലളിതഭക്ഷണമായി നിലനിന്നു.
ഫാസ്റ്റ് ഫുഡ്-നഗര ഭക്ഷണശീലങ്ങളിലേക്കുള്ള മാറ്റത്തിന്റെ ഫലമായി അരി ഭക്ഷണം തിരസ്‌കരിക്കപ്പെടുന്ന അവസ്ഥയുമുണ്ടായി. ഒരുനേരം പോലും കഞ്ഞി കുടിക്കാത്തവരുടെ ഭൂരിപക്ഷം വര്‍ധിച്ചു. എന്നാല്‍, ഇപ്പോള്‍ ഒരു തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ ധാരാളമായി കാണാം. ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളില്‍ ചെടിപ്പും മടുപ്പും അനുഭവപ്പെടുന്ന ഒരു വലിയ വിഭാഗം നഗര-കേരളീയര്‍ ഇന്ന് കഞ്ഞി പതിവാക്കിത്തുടങ്ങിയിട്ടുണ്ട്. വന്‍ നഗരങ്ങളില്‍ പോലും കഞ്ഞിക്കടകള്‍ വര്‍ധിക്കുന്നതും തട്ടുകടകളിലേക്ക് കഞ്ഞി തിരിച്ചെത്തുന്നതും കാണാം. പനിക്കാലങ്ങളില്‍ ചുട്ട പപ്പടവും ഉപ്പിലിട്ട മാങ്ങയും ചൂടു കഞ്ഞിയുമായി ജീവിച്ച കേരളീയര്‍ക്ക് കഞ്ഞിയെന്നത് രോഗാവസ്ഥയുടെ സൂചകമായിത്തോന്നലുണ്ടായി. ദരിദ്രന്റെയും പട്ടിണിക്കാരന്റെയും താഴ്ന്ന ജീവിതാവസ്ഥയില്‍ ഉള്ളവന്റെയും ഭക്ഷണമാണ് കഞ്ഞിയെന്ന കേരളീയന്റെ ഇടക്കാല അഹന്തയ്ക്കു കാലം മറ്റു രീതിയില്‍ കണക്കുതീര്‍ക്കുന്നതിന്റെ ലക്ഷണമാണു നഗരങ്ങളില്‍ വര്‍ധിച്ചുവരുന്ന കഞ്ഞിയോടുള്ള സമകാലിക ആഭിമുഖ്യം. അത്ര പെട്ടെന്ന് കേരളീയ ജീവിതത്തില്‍നിന്നു പറ്റെ തുടച്ചുമാറ്റാനാവാത്ത ആദിമമായ ഒരു ഭക്ഷ്യശീലം എന്ന നിലയില്‍ കഞ്ഞിക്കുള്ള അനന്യത വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നഗരവല്‍കൃതശീലങ്ങളില്‍നിന്നും ഫാസ്റ്റ് ഫുഡ് ഭക്ഷണത്തില്‍നിന്നുമുള്ള ഒരു പിന്മാറ്റമായൊന്നും അതിനെ കാണാനാവില്ല.
നേര്‍ച്ച കഞ്ഞി പാര്‍ച്ച
ദാരിദ്ര്യം കൊടികുത്തി വാണിരുന്ന കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന ഒരു സമ്പ്രദായമാണ് നേര്‍ച്ച കഞ്ഞി പാര്‍ച്ച. വിപത്തുകള്‍ നീങ്ങാനും അനുഗ്രഹങ്ങള്‍ക്കും വേണ്ടി ആളുകള്‍ ജാതിമത ഭേദമന്യേ നേര്‍ച്ചയാക്കി ദരിദ്രരെ വിളിച്ചുവരുത്തി മാസത്തില്‍ ചില ക്ഷേത്രങ്ങളില്‍ ഇത്തരം കഞ്ഞി പാര്‍ച്ചകള്‍ നടന്നിരുന്നു. റമദാനിലെ ഇരുപത്തിയേഴാം രാവിന്റെ വൈകുന്നേരം കഞ്ഞി നല്‍കുന്ന പതിവ് വള്ളുവനാട്ടിലെ ചില പള്ളികളില്‍ നിലനിന്നിരുന്നു. പതുക്കെപ്പതുക്കെ കഞ്ഞി മുഖ്യധാരയില്‍നിന്ന് അപ്രത്യക്ഷമായതിന്റെ തുടര്‍ച്ചയായി നേര്‍ച്ചക്കഞ്ഞിയും ഇല്ലാതായി.
കൃഷിയുടെ പിന്മാറ്റവും ഭക്ഷ്യശീലങ്ങളിലെ പരിണാമവും കമ്പോളത്തില്‍നിന്നു കിട്ടുന്ന അരിയിലുള്ള വിശ്വാസക്കുറവുമെല്ലാം കഞ്ഞിയുടെ പിന്മാറ്റത്തില്‍ ഘടകങ്ങളായിരിക്കാം. മൂന്നുനേരം കഞ്ഞി കുടിച്ചു വളര്‍ന്നവരുടെ പിന്‍തലമുറക്കാര്‍ കഞ്ഞിയെ സ്റ്റാന്‍ഡേഡ് കുറവിന്റെയും നിലവാരക്കമ്മിയുടെയും സൂചനയായി ഉപയോഗിക്കുന്ന പതിവ് ഇന്നുണ്ട്. 'അവനാളൊരു കഞ്ഞിയാണ് ', 'കഞ്ഞിപ്പാര്‍ട്ടിയാണ് ' എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ കഞ്ഞിയെ അവഹേളിക്കുന്ന സമകാലികശൈലികളാണ്. അശ്ലീലം, തെറി എന്നിവയോട് അടുത്തുവരില്ല എങ്കില്‍പോലും കഞ്ഞി എന്ന വാക്കിനെ തരംതാഴ്ചയുടെ പര്യായമായാണു ചില നഗരവല്‍കൃത മനസ്‌കര്‍ ഇന്ന് ഉപയോഗിക്കുന്നത്. കഞ്ഞികുടിച്ചു വളര്‍ന്നുവന്ന ഒരു ജനതയുടെ പിന്മുറക്കാരാണിതു ചെയ്യുന്നതെന്നോര്‍ക്കണം. അവരെ ഓര്‍മിപ്പിക്കാനുള്ളത് കഞ്ഞി അത്ര മോശം വാക്കല്ല എന്നു മാത്രമല്ല കഞ്ഞി മോശം വാക്കേ അല്ല എന്നു തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."