അഭയാര്‍ഥി പീഡനം: ആസ്ത്രേലിയ കണ്ണടയ്ക്കുന്നു
മെല്‍ബണ്‍: അഭയാര്‍ഥികള്‍ക്കെതിരായി രാജ്യത്തു നടക്കുന്ന അക്രമങ്ങളിലും പീഡനങ്ങളിലും ആസ്ത്രേലിയ ശ്രദ്ധപതിപ്പിക്കുന്നില്ലെന്നു റിപ്പോര്‍ട്ട്. രാജ്യത്തേക്കു കൂടുതല്‍ അഭയാര്‍ഥികള്‍ കടന്നുവരുന്നതിനെ നിരുത്സാഹപ്പെടുത്താനായാണ് സര്‍ക്കാര്‍ മനഃപൂര്‍വം ഇത്തരത്തില്‍ നീങ്ങുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മനുസ് ഐലന്‍ഡിലും പപ്പുവയിലും ബോട്ടിലും മറ്റും എത്തുന്ന അഭയാര്‍ഥികളെ നേരെ അറസ്റ്റ് ചെയ്തു ജയിലിലടക്കുന്നതായും വാര്‍ത്തയുണ്ട്. ഇത്തരത്തില്‍ കുട്ടികളും സ്ത്രീകളും പുരുഷന്മാരുമായി 1,200 പേര് 2012 മുതല്‍ ആസ്ത്രേലിയയിലെത്തിയതായാണ് കണക്ക്.
ഇറാഖ്, ഇറാന്, പാകിസ്താന്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ആസ്ത്രേലിയയിലേക്കു കൂടുതലും അഭയാര്‍ഥികളെത്തുന്നത്. ഇത്തരത്തില്‍ ജയിലിലടക്കുന്നവരെ സന്ദര്‍ശിക്കാനും കടുത്ത നിയന്ത്രണങ്ങളുണ്ട്.
ആസ്ത്രേലിയയിലെത്തിയ അഭയാര്‍ഥികള്‍ക്കു ഓര്‍മശക്തി നഷ്ടപ്പെടുന്നതടക്കം വിവിധ ആരോഗ്യപ്രശ്നങ്ങള്‍ സംഭവിക്കുന്നതായി ആംനെസ്റ്റി ഇന്റര്‍നാഷനലും ഹ്യൂമന്‍ റൈറ്റ്സ് വാച്ചും നടത്തിയ സംയുക്ത സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. പലരും ആത്മഹത്യയില്‍ അഭയം തേടിയതായും സര്‍വേ വ്യക്തമാക്കുന്നു.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ആസ്ത്രേലിയന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍, ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ് ആംനെസ്റ്റി തയാറാക്കിയിരിക്കുന്നതെന്നാണ് ആരോപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."