'ഒടുവില്‍ കോഴിക്കോട് വച്ച് മകളെ കണ്ടപ്പോള്‍ ഉത്തംറാവ് മാറോട് ചേര്‍ത്ത് പൊട്ടി കരഞ്ഞു'
കോഴിക്കോട്: കൈവിട്ടു പോയ മകളെ തേടി ഉത്തംറാവ് രാജ്യം മുഴുവന്‍ തിരഞ്ഞിട്ടുണ്ട്. പ്രതീക്ഷ കൈവിടാതെ വീണ്ടും അന്വേഷിച്ചപ്പോഴാണ് നഷ്ടപ്പെട്ടുവെന്ന് കരുതിയ പ്രിയങ്കയെ ഒടുവില്‍ കോഴിക്കോട്ടു വച്ചു കണ്ടു മുട്ടുന്നത്. അവളെ കണ്ട നിമിഷം പ്രിയങ്കയെ മാറോട് ചേര്‍ത്തു അയാള്‍ സന്തോഷത്തിന്റെ ആനന്ദാശ്രു പൊഴിച്ചു.
കോഴിക്കോട് സി ജെ എം കോടതി വഴിയാണ് പ്രിയങ്ക കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിപ്പെട്ടത്. പൂര്‍ണ്ണമായും മനോനില തെറ്റിയ പെണ്‍കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കി എടുക്കുക അത്ര എളുപ്പമായിരുന്നില്ല. നിരന്തരമായ ആശയ വിനിമയത്തിന്റെ ഭാഗമായി ചില വാക്കുകളും ചില സ്ഥലങ്ങളും പിതാവിന്റെ പേരും ലഭിച്ചതാണ് തന്റെ കുടുംബത്തെ കണ്ടെത്താന്‍ അധികൃതരെ സഹായിച്ചത്.
തുടര്‍ന്ന് സോഷ്യല്‍ വര്‍ക്കര്‍ സുഭാഷ് ചന്ദ്ര ബോസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ മന്‍വാത്ത് ഡിസ്റ്റിക്കിലെ ഉക്കൈഗാവാണ്‍ എന്ന സ്ഥലത്തെ മാണിക്ക് ഉത്തംറാവ് ചിവാന്തിയുടെ മകളാണെന്ന് മനസ്സിലാക്കുകയായിരുന്നു. മണ്‍വാത്ത് പോലീസിന്റെ സഹായത്താല്‍ അദ്ദേഹത്തെ കണ്ടെത്തുകയുമായിരുന്നു.
മകളെ കാണാതായത്തിന് ശേഷം മകളെയും തിരഞ്ഞ് ഈ അച്ചന്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കാല്‍നടയായി സഞ്ചരിച്ചിട്ടുണ്ട്. ഏക മകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഗ്രാമത്തില്‍ ചില പ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്ന് ഉത്തംറാവ് പറഞ്ഞു.
സോഷ്യല്‍ വര്‍ക്കര്‍ സുഭാഷ് ചന്ദ്ര ബോസിന്റെ ഇടപെടലോടെ അച്ഛന്‍ കോഴിക്കോട് എത്തി. മകളെ മാറോട് ചേര്‍ത്ത് പൊട്ടി കരഞ്ഞ രംഗം ഹോസ്പിറ്റല്‍ ജീവനക്കാരെപ്പോലും കണ്ണീരണിയിച്ചു.
സൂപ്രണ്ടിന്റെയും സോഷ്യല്‍ വര്‍ക്കര്‍ ശോഭിത തോപ്പലിന്റെയും സാന്നിദ്ധ്യത്തില്‍ അച്ഛന്‍ മകളെയുമായി മഹാരാഷ്ട്രയിലേയ്ക്ക് തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."