കാര്‍ തകര്‍ത്ത് യാത്രക്കാരെ മര്‍ദിച്ച സംഭവം ബസും പത്തുപേരെയും കസ്റ്റഡിയിലെടുത്തു
തളിപ്പറമ്പ്: സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ കാര്‍ തടയുകയും യാത്രക്കാരെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ ബസും ജീവനക്കാരടക്കം പത്തുപേരെയും പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കണ്ണൂരില്‍നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന മൂന്നംഗ സംഘം സഞ്ചരിച്ച കാര്‍ പരിയാരം ചുടലയില്‍ ഇന്നോവയിലെത്തിയ സംഘം തടഞ്ഞ് കാറിലുള്ളവരെ മര്‍ദിക്കുകയും കാറിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തത്. മാഹി മഞ്ചക്കല്‍ സ്വദേശി ഇ.കെ. സോജിത്തും സുഹൃത്തും സോജിത്തിന്റെ അമ്മയുമാണ് കാറില്‍ ഉണ്ടായിരുന്നത്. സോജിത്തിന്റെ അഞ്ച് പവനോളം തൂക്കം വരുന്ന സ്വര്‍ണമാലയും നഷ്ടപ്പെട്ടു.
മണിപ്പാലില്‍ സ്ഥിരതാമസമാക്കിയ മാഹി സ്വദേശികളായ സോജിത്തും കുടുംബവും മണിപ്പാലിലേക്ക് പോവുകയായിരുന്നു. കണ്ണൂരില്‍നിന്നും പയ്യന്നൂരിലേക്ക് പോകുന്ന തബു എന്ന സ്വകാര്യബസ് ധര്‍മ്മശാലയില്‍ വെച്ച് റോഡില്‍ ട്രാഫിക് ബ്ലോക്കിനിടയിലും നിരന്തരം ഹോണടിച്ചത് കാറോടിച്ചയാള്‍ ചോദ്യം ചെയ്തിരുന്നുവത്രേ. പിന്നീട് ലൂര്‍ദ്ദ് ആശുപത്രിക്ക് സമീപം ടെമ്പോ ട്രാവലറിലെത്തിയ ഒരുസംഘം കാര്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും ആളുകള്‍ കൂടിയതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു.
ചുടല വളവില്‍വച്ചാണ് കറുത്ത ഇന്നോവയിലെത്തിയ സംഘം വീണ്ടും ഇവരെ ആക്രമിച്ചത്. നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. നാട്ടുകാര്‍ നല്‍കിയ ഇന്നോവയുടെ നമ്പര്‍ പൊലിസ് പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് കണ്ടെത്തി.
പൊലിസ് പിന്നാലെ വന്ന തബു ബസ് കസ്റ്റഡിയിലെടുത്തു. ചില്ല് തകര്‍ക്കുന്നതിനിടയില്‍ കൈക്ക് പരുക്കേറ്റ അക്രമി സംഘത്തില്‍ പെട്ട ഒരാള്‍ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സ തേടിയതായി പൊലിസ് പറഞ്ഞു.
ബസ് ജീവനക്കാരടക്കം പത്തുപേരെ തളിപ്പറമ്പ് സി.ഐ പി.കെ.സുധാകരന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."