ഓണം കൊഴുപ്പിക്കാന്‍ ബീനാച്ചി എസ്റ്റേറ്റില്‍ വന്‍ വാറ്റുകേന്ദ്രം: ചാരായവും വാറ്റുപകരണങ്ങളും നശിപ്പിച്ചു
സുല്‍ത്താന്‍ ബത്തേരി: ബീനാച്ചി എസ്റ്റേറ്റില്‍ വന്‍ വാറ്റുകേന്ദ്രം കണ്ടെത്തി ചാരായവും വാറ്റുപകരണങ്ങളും നശിപ്പിച്ചു.
ഓണത്തോട് അനുബന്ധിച്ച് എക്സൈസ് നടത്തുന്ന ഒപ്പറേഷന് വിശുദ്ധിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തി 615ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചത്. 12 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ബത്തേരി മാനന്തവാടി പാതയില്‍ നിന്നും അരകിലോമീറ്റര്‍ ഉള്ളിലായായാണ് വാറ്റുകേന്ദ്രം ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് അടിക്കാട് വളര്ന്നുനില്ക്കുന്ന ഒറ്റയടിപ്പാതയിലൂടെ സഞ്ചരിച്ച് സ്പെഷ്യല്‍ സ്ക്വാഡ് ഇവിടെയെത്തിയത്. കാടുമൂടിയ സ്ഥലത്ത് ടാര്‍പ്പായ വലിച്ചുകെട്ടിയായിരുന്നു വാറ്റുകേന്ദ്രപ്രവര്ത്തിച്ചിരുന്നത്. 60 ലിറ്ററിന്റെ എട്ടുബക്കറ്റുകളിലും, 31 ലിറ്ററിന്റെ മൂന്ന് കന്നാസ്, 30ലിറ്റര്‍ കൊള്ളുന്ന കലത്തിലുമായിരുന്നു വാഷ് സൂക്ഷിച്ചിരുന്നത്. ഇതിനടുത്ത് തന്നെ കന്നാസിലായിരുന്നു ചാരായവും സൂക്ഷിച്ചിരുന്നത്.
സംഭവത്തില്‍ കേസെടുത്ത് ബത്തേരി റെയിഞ്ചിലേക്ക് കൈമാറി. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."