ജാസ്മിന്‍ അഹമ്മദിനെതിരെ യു.എ.പി.എ
കാഞ്ഞങ്ങാട്: അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്കു പോകാന്‍ ശ്രമിക്കവേ പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന യുവതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കി.
ബിഹാര്‍ സ്വദേശിനിയും പടന്നയിലെ അബ്ദുല്‍ റഷീദിന്റെ രണ്ടാംഭാര്യയെന്നു പറയപ്പെടുകയും ചെയ്യുന്ന ജാസ്മിന്‍ അഹമ്മദിനെ നാലുദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി കെ. സുനില്‍ബാബുവാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
ജാസ്മിന്‍ അഹമ്മദിനെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ ആദ്യമായാണ് യു.എ.പി.എ ചുമത്തുന്നത്.
ഐ.എസ് ബന്ധത്തെ സംബന്ധിച്ചും തൃക്കരിപ്പൂരില്‍നിന്നു കാണാതായവരെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍നിന്നു ശേഖരിക്കാനുണ്ടെന്നാണ് പൊലിസ് വ്യക്തമാക്കിയത്. നാലു വയസുള്ള മകളുമായി ഡല്‍ഹിയില്‍നിന്നു കാബൂളിലേക്കു പോകാനുള്ള യാത്രയ്ക്കിടയിലാണ് യുവതിയെ എംബാര്‍ക്കേഷന്‍ ഉദ്യോഗസ്ഥര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. തുടര്‍ന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ സഹായത്തോടെ പൊലിസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജാസ്മിന്‍ ജനിച്ചുവളര്‍ന്നതും പഠിച്ചതും ഗള്‍ഫിലാണെന്നാണ് സൂചന. കാസര്‍കോടിനു പുറമേ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലും ഒട്ടേറെ തവണ സന്ദര്‍ശനം നടത്തിയ ജാസ്മിന്‍, അധ്യാപികയായി ജോലി ചെയ്തിരുന്നതായും വിവരമുണ്ട്. ഇവരില്‍നിന്നു കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്.
യുവതിയുടെ തിരോധാനം;
അന്വേഷണോദ്യോഗസ്ഥര്‍
കാസര്‍കോട്ടെത്തി
കാസര്‍കോട്: ഐ.എസ് ബന്ധമുണ്ടെന്നു സംശയിക്കുന്ന യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനു തലസ്ഥാനത്തുനിന്നുള്ള ഉദ്യോഗസ്ഥര്‍ കാസര്‍കോട്ടെത്തി. പൊയിനാച്ചിയിലെ കോളജില്‍ പഠിക്കവേ മതംമാറിയ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. തിരുവനന്തപുരത്തുകാരിയായ നിമിഷയാണ് മതംമാറി ഫാത്തിമയെന്ന പേര് സ്വീകരിക്കുകയും മതംമാറിയ യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തതെന്നു കണ്ടെത്തിയതായി സൂചനയുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ സഹപാഠികളില്‍നിന്നു ശേഖരിക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. യുവതിയുടെ അടുത്ത സുഹൃത്തുക്കളായ രണ്ടുപേരെ കോളജിന്റെ മേലാധികാരിയുടെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം ചോദ്യംചെയ്തു. മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് യുവതിയുടെ തിരോധാനത്തില്‍ തിരുവനന്തപുരം പൊലിസ് കേസെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."