അടുത്ത വര്‍ഷം 141 അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകള്‍: മന്ത്രി രവീന്ദ്രനാഥ്
കോട്ടക്കല്‍: അടുത്ത അധ്യയന വര്‍ഷാരംഭത്തില്‍ 141 അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക് സ്‌കൂളുകള്‍ സംസ്ഥാനത്തുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. അടുത്ത അധ്യയന വര്‍ഷം ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസു വരെ പൂര്‍ണമായും ഹൈടെകിലേക്കു മാറും. എല്‍.പി, യു.പി സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിന് 500 കോടി സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് സകൂളുകള്‍ എന്ന വ്യത്യാസമില്ലാതെയാണ് ഫണ്ടനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോട്ടക്കല്‍ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലെ 138 സ്മാര്‍ട്ട് ക്ലാസ് മുറികളുടെ സമ്പൂര്‍ണ സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷനായി.
മാനേജര്‍ ബഷീര്‍ എടരിക്കോട്, എടരിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി സുബൈര്‍ തങ്ങള്‍, തിരൂരങ്ങാടി ഡി.ഇ.ഒ എം.ടി അജിത കുമാരി, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.പി നാസര്‍, മെമ്പര്‍ കെ. ഉണ്ണികൃഷ്ണന്‍, പ്രധാനാധ്യാപിക എസ്. ഖദീജാബി, ജില്ലാ ഐ.ടി കോര്‍ഡിനേറ്റര്‍ അബ്ദുല്‍ റഷീദ്, പി.ടി.എ പ്രസിഡന്റ് പന്തക്കന്‍ ഖാദര്‍ ഹാജി, എം.ടി.എ പ്രസിഡന്റ് സി. നിഷര്‍ബാന്‍, ബഷീര്‍ പൂവഞ്ചേരി സംസാരിച്ചു.
പാഠപുസ്തക പരിഷ്‌കരണം നിര്‍ദേശങ്ങള്‍ ലഭിച്ചതിന് ശേഷമെന്ന് മന്ത്രി
കോട്ടക്കല്‍: വൈദേശാധിപത്യത്തിനെതിരേ ചെറുത്ത് നില്‍പ് നടത്തിയ കുഞ്ഞാലി മരക്കാര്‍, വേലുത്തമ്പി ദളവ തുടങ്ങിയവരെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കം ചെയ്യുന്നത് കരിക്കുലം പരിഷ്‌കരണ കമ്മിറ്റിക്കു നിര്‍ദേശങ്ങള്‍ ലഭിച്ച് ചര്‍ച്ച ചെയ്ത ശേഷം മാത്രമായിരിക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും 20 വീതം പുസ്തകങ്ങള്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി കുഞ്ഞാലി മരക്കാര്‍, വേലുത്തമ്പി ദളവ, സൈനുദ്ദീന്‍ മഖ്ദൂമും പടപാട്ടുകളും, ഖാസി മുഹമ്മദിന്റെ കവിതകള്‍ എന്നിവ ഒഴിവാക്കപ്പെടുന്നു എന്ന ആരോപണത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. പൂര്‍ണമായും പാഠപുസ്തകങ്ങളില്‍ ഇടത് പ്രത്യയ ശാസ്ത്രം തിരുകി കയറ്റാനുള്ള ശ്രമം പാഠപുസ്തക പരിഷ്‌കരണത്തിലൂടെ നടക്കുന്നുണ്ടെന്ന് അധ്യാപകസംഘടനകളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."