കിഫ്ബി: വിലയിരുത്തിയ കമ്പനിക്ക് യോഗ്യതയില്ല: എന്നിട്ടും ആറ് കോടി രൂപ കൈമാറി, സര്‍ക്കാര്‍ പ്രതിരോധത്തില്‍
തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനത്തിനും മൂലധനിക്ഷേപത്തിനുമുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) പദ്ധതികള്‍ വിലയിരുത്തുന്നതിനായി ചുമതലപ്പെടുത്തിയ സ്വകാര്യ കമ്പനിക്ക് മതിയായ യോഗ്യതകളില്ലെന്ന് ആക്ഷേപം. അതേസമയം, ഈ കമ്പനിക്ക് കിഫ്ബി പദ്ധതികള്‍ വിലയിരുത്തിയ വകയില്‍ സര്‍ക്കാര്‍ കൈമാറിയത് ആറ് കോടിയിലധികം രൂപയും.
പദ്ധതികളുടെ അവലോകന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രോജക്ട് അപ്രൈസല്‍ കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ട ടെറനസ് എന്ന സ്ഥാപനത്തിന് കിഫ്ബി നേരിട്ട് 63,38,697രൂപയും സെന്റര്‍ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേന 6.06 കോടി രൂപയും നല്‍കിയിട്ടുണ്ടെന്ന് നിയമസഭയുടെ പതിനാലാം സമ്മേളനത്തില്‍ സണ്ണി ജോസഫ് എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് ധനമന്ത്രി ടി.എം.തോമസ് ഐസക്ക് രേഖാമൂലം മറുപടി നല്‍കിയിരുന്നു.
എന്നാല്‍ ഈ രംഗത്ത് വേണ്ടത്ര പ്രവര്‍ത്തി പരിചയമോ, മികവോ ഇല്ലാത്ത ടെറനസ് കണ്‍സള്‍ട്ടിങ് സ്ഥാപനത്തെ എന്തിനാണ് ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച കിഫ്ബിയുടെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള പദ്ധതികളും മറ്റും അവലോകനം ചെയ്യാന്‍ ചുമതലപ്പെടുത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്. കിഫ്ബിയുടെ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ 2016 ഓഗസ്റ്റില്‍ പ്രത്യേക ഓര്‍ഡിനന്‍സിലൂടെ ഭേദഗതി വരുത്തുന്നതിന് ഏകദേശം ഒരു വര്‍ഷം മുമ്പ് മാത്രമാണ് ഈ കമ്പനി തന്നെ രൂപീകരിക്കുന്നത്.
പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്ത ടെറനസിന് ധന വകുപ്പില്‍നിന്നു വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടെന്ന ആക്ഷേപവും ഉയരുന്നു.
സേവനങ്ങള്‍ സ്വീകരിച്ച വകയില്‍ മാത്രം കിഫ്ബി സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 9,66,50,815 കോടി രൂപയാണ് കഴിഞ്ഞ ജനുവരി വരെ നല്‍കിയത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മറവില്‍നിന്ന് യോഗ്യതയില്ലാത്ത നിരവധി സ്വകാര്യ കമ്പനികളും പണം സ്വന്തമാക്കിയതായി പറയുന്നു. കണക്കുകളനുസരിച്ച് പദ്ധതി അവലോകനം, ഉപദേശവും കണ്‍സള്‍ട്ടന്‍സി സേവനങ്ങളും പരിശീലനം എന്നിവയ്ക്കായി സി.എം.ഡിക്ക് മാത്രം 15,38,38,672 കോടി രൂപയാണ് കിഫ്ബി നല്‍കിയിട്ടുള്ളത്.
കിഫ്ബിയുടെ സമ്പൂര്‍ണ ഓഡിറ്റ് സി.എ.ജിക്ക് നിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാട് വിവാദമായിരിക്കുകയാണ്. കിഫ്ബിയിലെ തീര്‍ത്തും ദുരൂഹമായ ഇടപാടുകള്‍ സി.എ.ജി ഓഡിറ്റ് ചെയ്താല്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ഭയന്നാണ് സര്‍ക്കാര്‍ സമ്പൂര്‍ണ ഓഡിറ്റ് സി.എ.ജിക്ക് നിഷേധിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യോഗ്യതയില്ലാത്ത കമ്പനിയെ പദ്ധതികളുടെ അവലോകന ചുമതല ഏല്‍പ്പിച്ചതെന്ന ആരോപണവും ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."