ഖത്തറില്‍ പുതിയ തൊഴില്‍ നിയമം; തൊഴില്‍ കരാറിന് അന്തിമ രൂപമായി
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കിയ താമസ കുടിയേറ്റ നിയമത്തിലെ തൊഴില്‍ കാരാര്‍ വ്യവസ്ഥകള്‍ക്കു തൊഴില്‍- സാമൂഹ്യക്ഷേമ മന്ത്രാലയം അന്തിമരൂപം നല്‍കി. രാജ്യത്തു നിലവിലുള്ള 'കഫാല' സമ്പ്രദായം ഉപേക്ഷിച്ചു പുതിയ തൊഴില്‍ നിയമം ഈ വര്‍ഷം നടപ്പിലാക്കുമെന്നു കഴിഞ്ഞ വര്‍ഷം അമീര്‍ വ്യക്തമാക്കിയിരുന്നു.
പുതിയ നിയമമനുസരിച്ചു വിദേശ രാജ്യങ്ങളില്‍നിന്നു തൊഴിലാളികള്‍ ഖത്തറിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുമ്പോള്‍തന്നെ അവരുടെ രാജ്യത്തുനിന്നു തൊഴില്‍ കരാറില്‍ ഒപ്പുവയ്ക്കാന്‍ സാധിക്കും. ഇതിനു ശേഷമേ വിസ അനുവദിക്കൂ. ഇതുവഴി റിക്രൂട്ടിങ് തട്ടിപ്പുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.
പുതിയ തൊഴില്‍ നിയമത്തിന് 2015 ഒക്‌ടോബര്‍ 27നാണ് ഖത്തര്‍ അമീര്‍ അംഗീകാരം നല്‍കിയിരുന്നതെങ്കിലും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേ നിയമം നിലവില്‍വരികയുള്ളൂ എന്നു വ്യക്തമാക്കിയിരുന്നു. തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം പരീക്ഷണാടിസ്ഥാനത്തില്‍ നിയമം ഉടന്‍ നടപ്പിലാക്കും.
വിസ റദ്ദ് ചെയ്തു രാജ്യത്തുനിന്നു പുറത്തുപോയ പ്രവാസികള്‍ക്കു മടങ്ങിവരുന്നതിനുണ്ടായിരുന്ന രണ്ടു വര്‍ഷത്തെ വിലക്ക് എടുത്തുകളയുന്നെന്നതാണ് പുതിയ നിയമത്തിന്റെ മറ്റൊരു പ്രത്യേകത. എന്നാല്‍, പ്രവാസി തൊഴിലാളിക്കു ശിക്ഷ ലഭിക്കുകയും ശിക്ഷയ്‌ക്കെതിരേ അപ്പീല്‍ നല്‍കാതിരിക്കുകയോ അപ്പീല്‍ കോടതി തള്ളുകയോ ചെയ്യുകയുണ്ടായാല്‍ ഖത്തറില്‍ തിരികെ പ്രവേശിക്കുന്നതിനു നാലുവര്‍ഷത്തെ വിലക്കുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."