മാളയിലെ സൗഹൃദ തീരം വീണ്ടും തുറക്കുന്നു
മാള: പഞ്ചായത്തിന്റെ കീഴിലുള്ള സൗഹൃദ തീരം വീണ്ടും തുറക്കുന്നു. ഉല്ലാസ ജലയാത്രക്കായി ആരംഭിച്ച സൗഹൃദ തീരം സംരക്ഷിക്കാന്‍ ഫണ്ട് അനുവദിച്ചതോടെയാണ് വീണ്ടും തുറക്കാന്‍ വഴിയൊരുങ്ങിയത്.
പുനര്‍നിര്‍മാണത്തിനായി സര്‍ക്കാര്‍ സ്ഥാപനമായ സാഫ് ആണ് ഫണ്ട് ലഭ്യമാക്കിയത്. സീഫുഡ് കിച്ചണും ഭക്ഷണ ശാലയും അനുബന്ധ സൗകര്യങ്ങളും സംവിധാനിക്കുന്നതിന് വേണ്ടി ഒന്നര ലക്ഷം രൂപയാണ് അനുവദിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഇതോടെ മാളയിലെ സൗഹൃദ തീരം വീണ്ടും തുറക്കാന്‍ വഴിയൊരുങ്ങുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് പഞ്ചായത്ത് കെട്ടിടത്തോട് ചേര്‍ന്ന് മാളചാലിന്റെ ഓരത്ത് നിര്‍മിച്ച സൗഹൃദ തീരം പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥ കാരണമാണ് നശിച്ചത്. പഞ്ചായത്തിന് മാസ വാടക ലഭിക്കുന്ന സംരഭമായിരുന്നിട്ടു കൂടി സൗഹൃദ തീരം നിലനിര്‍ത്താനുള്ള കാര്യമായ യാതൊരു ശ്രമവും പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. 2014ല്‍ ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ ശ്രമഫലമായി ആരംഭിച്ച സൗഹൃദ തീരത്ത് ഉല്ലാസ ജലയാത്രക്കായി ഫൈബര്‍ പെഡല്‍ ബോട്ടുകള്‍ ഒരുക്കിയിരുന്നു. കൂടാതെ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കായി ഫുഡ് കോര്‍ട്ടും ഒരുക്കിയിരുന്നു. മാളചാലില്‍ കൂടി ഫൈബര്‍ ബോട്ടില്‍ സഞ്ചരിച്ച് മനോഹര കാഴ്ചകള്‍ കാണുന്നതിനായി നിരവധി ആളുകള്‍ കുടുംബ സമേതം എത്തിയിരുന്നു. കേട് വന്ന ഫൈബര്‍ ബോട്ടുകള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗ പ്രദമാക്കാനോ കൂടുതല്‍ സൗകര്യങ്ങളൊരുക്കി സന്ദര്‍ശകരെ ആകര്‍ഷിക്കാനോ പഞ്ചായത്ത് ഭരണ സമിതി ശ്രദ്ധിച്ചില്ല. മാത്രമല്ല സൗഹൃദ തീരം നടത്തിപ്പുകാര്‍ക്ക് ഇളവുകള്‍ നല്‍കി സൗഹൃദ തീരം അടച്ച് പൂട്ടല്‍ ഒഴിവാക്കാനും അധികൃതര്‍ ശ്രമിച്ചില്ല. ഈ സാഹചര്യത്തിലാണ് സാഫ് മുന്‍കൈയെടുത്ത് സൗഹൃദ തീരത്ത് സീ ഫുഡ് കിച്ചണ്‍ ആരംഭിക്കുന്നതിനായി ഫണ്ട് അനുവദിച്ചത്. പട്ടികജാതി വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായിട്ടുള്ള പദ്ധതിയിലാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. വൈവിദ്യമാര്‍ന്ന നാടന്‍ കടല്‍ മത്സ്യ വിഭവങ്ങള്‍ ഇവിടെ നിന്ന് ചൂടോടെ ലഭ്യമാകുന്നതാണ്. സൗഹൃദ തീരത്തുണ്ടായിരുന്ന ഫൈബര്‍ ബോട്ടുകള്‍ ഒന്നൊഴികെ മറ്റുള്ളവ പ്രളയത്തില്‍ ഒഴുകി പോയതായി സംശയിക്കുന്നു.
വീണ്ടും ഫൈബര്‍ ബോട്ടുകള്‍ വാങ്ങിയാല്‍ മാത്രമേ സൗഹൃദ തീരം സജീവമാക്കാന്‍ കഴിയൂ. നവംബര്‍ മാസത്തില്‍ ഉദ്ഘാടനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സാഫ് ജില്ല നോഡല്‍ ഓഫിസര്‍ മുജീബ് അറിയിച്ചു. ഫുഡ് ഫെസ്റ്റിവല്‍ പോലുള്ള പരിപാടികളിലൂടെ ഉദ്ഘാടനം ശ്രദ്ധേയമാക്കാനും ഉദ്ദേശമുണ്ടെന്ന് അദ്ധേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."