റോഡ് തകര്‍ന്നു; ഗതാഗത യോഗ്യമാക്കാന്‍ നടപടിയില്ല
വടക്കാഞ്ചേരി: സംസ്ഥാന പാതയില്‍ പാര്‍ളിക്കാട് വ്യാസകോളജ് സ്റ്റോപ്പ് മുതല്‍ അകമല വരെ റോഡ് തകര്‍ന്ന് തരിപ്പണമായി കിടക്കുമ്പോഴും ഗതാഗത യോഗ്യമാക്കാന്‍ പദ്ധതിയോ നടപടിയോ ഇല്ലാത്തതില്‍ വന്‍ പ്രതിഷേധം.
ഭീമന്‍ ഗര്‍ത്തങ്ങളുടെ കേന്ദ്രമാണ് ഈ മേഖല. അപകടങ്ങള്‍ നിത്യസംഭവം. ചെറുവാഹനങ്ങളുടെ നടുവൊടിഞ്ഞ് വഴിയില്‍ കിടക്കുന്നത് പതിവ് കാഴ്ചയാണ്. ഇരുചക്രവാഹനയാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്. കരുതക്കാട് മേഖലയില്‍ റോഡില്ല. വിണ്ട് കീറി പാളികള്‍ അടര്‍ന്ന് കിടപ്പാണ് സംസ്ഥാന പാത. വടക്കാഞ്ചേരി മേല്‍പ്പാല പരിസരവും അതീവ ദയനീയ അവസ്ഥയിലാണ്. ജനപ്രതിനിധികളും, മന്ത്രിമാരും, പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥരുമൊക്കെനിരന്തരം കടന്ന് പോകുന്നതാണ് ഈ വഴി. അതിനിടെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന കുറാഞ്ചേരി മേഖലയിലെ റോഡ് നവീകരണ നിര്‍മാണം ഇന്നലെ പൂര്‍ത്തിയാക്കി. നാളെ മിണാലൂര്‍ മുതല്‍ അത്താണി വരെയുള്ള ദൂരം ടാറിങ് നടക്കും. ബി.എം ആന്‍ഡ് ബിസി മാതൃകയിലാണ് ടാറിങ് . അത്താണി കുറ്റിയങ്കാവ് ജങ്ഷനില്‍ പാതയോരത്തെ മണ്ണും, കല്ലും ശരിയായ രീതിയില്‍ നീക്കം ചെയ്യാതെയാണ് ടാറിങ് നടക്കുന്നതെന്ന ആരോപണവും ശക്തമാണ്. പാര്‍ളിക്കാട് മുതല്‍ അകമല വരെയുള്ള റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."