പുലക്കാട്ടുകര റെഗുലേറ്റര്‍ പാലത്തില്‍ ഗര്‍ത്തം
പുതുക്കാട്: പുലക്കാട്ടുകര റഗുലേറ്റര്‍ പാലത്തില്‍ ഗര്‍ത്തം.
ഒന്നരമീറ്റര്‍ വ്യാസത്തിലും ഒരുമീറ്റര്‍ താഴ്ചയിലുമാണ് ഗര്‍ത്തം രൂപപ്പെട്ടത്. കരിങ്കല്ലുകൊണ്ട് തീര്‍ത്ത ഭിത്തിയുടെ ഉള്ളില്‍ നിന്നും മണ്ണൊലിച്ചു പോയതാണ് ഗര്‍ത്തം രൂപപ്പെടാന്‍ കാരണം. പാലത്തിനോട് ബന്ധിപ്പിച്ചിട്ടുള്ള ഭിത്തിയില്‍ നിന്ന് മണ്ണൊലിച്ച് പോയതോടെ ഭിത്തിക്ക് ബലക്ഷയം സംഭവിച്ചിരിക്കുകയാണ്. പ്രളയത്തില്‍ പുഴ കരകവിഞ്ഞ് ഭിത്തിക്കുള്ളില്‍ ചോര്‍ച്ച അനുഭവപ്പെട്ടിരുന്നു. പാലത്തിന്റെ തൂണുകള്‍ക്കുള്ളില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുന്ന സ്ഥിതിയാണ്. ഷട്ടറുകള്‍ താഴ്ത്തി വെള്ളം സംഭരിക്കുമ്പോഴും ഭിത്തികള്‍ക്കുള്ളില്‍ നിന്ന് ചോര്‍ച്ച ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പാലത്തിന്റെ ഇരുഭാഗങ്ങളിലുള്ള ഭിത്തിയെ ബലപ്പെടുത്താന്‍ നിര്‍മിച്ച കരിങ്കല്‍കെട്ട് മാസങ്ങള്‍ക്ക് മുന്‍പ് തകര്‍ന്നു വീണിരുന്നു. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലം പൊളിച്ച് പുതിയ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തിനിടെയാണ് ഗര്‍ത്തം രൂപപ്പെട്ടത്. തൃക്കൂര്, നെന്മണിക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിലൂടെ നിരവധി പേരാണ് കടന്നുപോകുന്നത്. കാല്‍നടയാത്രികര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും പോകാന്‍ കഴിയുന്ന പാലത്തില്‍ ഗര്‍ത്തം രൂപപെട്ടതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. സംഭവമറിഞ്ഞ് ഇറിഗേഷന്‍, പഞ്ചായത്ത്, പൊലിസ്, വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി. ഗര്‍ത്തം താല്‍ക്കാലികമായി മണ്ണിട്ട് മൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."