ലോകകപ്പ് യോഗ്യതാ മത്സരം ഖത്തറിനെ ഞെട്ടിക്കാന്‍...
ദോഹ: ഒമാനെതിരേ അവസാന എട്ടു മിനുട്ടിലെ വീഴ്ചകള്‍ക്ക് മൂന്നു പോയിന്റ് നഷ്ടപ്പെടുത്തിയ ഇന്ത്യ ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഇ ഗ്രൂപ്പിലെ കരുത്തരായ ഖത്തറിനെതിരേ ഇന്നിറങ്ങുമ്പോള്‍ സമനില പോലും വിജയത്തിന്റെ തിളക്കം നല്‍കും. ഏഷ്യന്‍ ചാംപ്യന്മാരെന്ന പ്രൗഢിയും ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴത്തെ ചരിത്രവും ഖത്തറിന് അനുകൂലമാണെങ്കിലും ഒന്നും നഷ്ടപ്പെടാനില്ലെന്ന ധൈര്യത്തിലാണ് ഇന്ത്യ ഇറങ്ങുക.
മറുവശത്ത് ആതിഥേയ രാജ്യമെന്ന നിലയില്‍ കാണികളുടെ നിറഞ്ഞ പിന്തുണയിലിറങ്ങുന്ന ഖത്തറിന്റെ ലോകകപ്പ് എന്‍ട്രി എപ്പഴേ ഉറപ്പിച്ചതാണെങ്കിലും ഏഷ്യന്‍ കപ്പിനു യോഗ്യത നേടാന്‍ ഗ്രൂപ്പ് ചാംപ്യന്മാരാവുക തന്നെ വേണം. അല്‍മോഇസ് അലിയുടെ ഹാട്രിക്കിന്റെ കരുത്തില്‍ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഏകപക്ഷീയമായ ആറു ഗോളിനു തോല്‍പ്പിച്ച ഖത്തര്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്. 11 മിനുട്ടിനിടെയായിരുന്നു താരത്തിന്റെ രണ്ടു ഗോളുകള്‍. ഇരു ടീമുകളും തമ്മിലെ വ്യത്യാസവും അല്‍മോഇസാകും. കഴിഞ്ഞ മത്സരത്തിലെ രണ്ടും മൂന്നും ഗോളുകള്‍ ഖത്തറിന്റെ പാസിങ്ങിലെ മികവു കാണിക്കുന്നു. മുന്നേറ്റനിരയില്‍ പന്തെത്തിക്കുന്നതിലും പ്രതിരോധത്തിലും മികവു പുലര്‍ത്തുന്ന ഖത്തറിന്റെ യൂസുഫ് അബ്ദു റിസാഗിനെയും പെഡ്രോയെയും മറികടന്ന് പന്ത് എതിര്‍ വലയിലെത്തിക്കാന്‍ ഇന്ത്യയുടെ സുഭാശിഷ് ബോസും ആശിഖ് കുരുണിയനും വിയര്‍ക്കേണ്ടിവരും. ഇന്നത്തെ മത്സരത്തില്‍ യാസന്‍ നഈം ഖത്തര്‍ നിരയില്‍ കളിക്കും. അസുഖം മൂലം പുറത്തായ മുഹമ്മദ് അല്‍ ബക്‌രിക്കു പകരക്കാരനായാണ് താരം ഇറങ്ങുക.
ഖത്തറിനെയും ഒമാനെയും കൂടാതെ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകളെയാണ് ഇ ഗ്രൂപ്പില്‍ ഇന്ത്യക്ക് നേരിടാനുള്ളത്.
ബംഗ്ലാദേശിനെയും അഫ്ഗാനെയും തോല്‍പ്പിച്ച് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്താനാവും ഇന്ത്യയുടെ ശ്രമം. ഖത്തര്‍ ലോകകപ്പ് യോഗ്യത ആതിഥേയരെന്ന നിലയില്‍ ആദ്യമേ ഉറപ്പിച്ചതിനാല്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയാലും ഇന്ത്യക്ക് യോഗ്യത നേടാനാവും.
ഒമാനെതിരേ ആദ്യ പകുതിയില്‍ നടത്തിയ ഗംഭീര പ്രകടനം ഖത്തറിനെതിരേയും ആവര്‍ത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുക. പിഴവുകള്‍ തിരുത്തി ഫ്രീകിക്ക് വിദഗ്ധനായ ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസിനും ഗോള്‍വേട്ടക്കാരന്‍ സുനില്‍ ഛേത്രിക്കും പന്ത് യഥേഷ്ടം ലഭിക്കുന്ന തരത്തിലാകും ടീമിനെ അണിനിരത്തുക. ഉദേന്ദ സിങും ആശിഖും മികച്ച ഫുട്‌ബോളാണ് കാഴ്ചവയ്ക്കുന്നത്. ഗോളി ഗുര്‍പ്രീത് സിങ് സന്ധു ബാറിനു കീഴില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. എങ്കിലും ഏഷ്യയിലെ മികച്ച ടീമിനെതിരേ അവരുടെ തട്ടകത്തില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം അത്ര എളുപ്പമല്ലെന്ന് സമ്മതിച്ചേ തീരൂ. അതിനിടെ സുനില്‍ ഛേത്രി കളിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്നത്തെ മത്സരത്തില്‍ എട്ടു ശതമാനം ടിക്കറ്റുകള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് അനുവദിച്ചിരുന്നു. എന്നാല്‍ അവയെല്ലാം രണ്ടുദിവസം മുന്‍പേ വിറ്റു തീര്‍ന്നിട്ടുണ്ട്.
സാധ്യതാ ടീം:ഖത്തര്‍-ഹസ ന്‍ അല്‍ ഹൈദോസ്, അല്‍ മോഇസ് അലി, യൂസുഫ്. വൈ, അഫീഫ്, ബസ്സാം, മാദിബോ, അബ്ദുല്‍ കരീം, ബൊആലം, താരീഖ്, പെഡ്രോ, സാദ് (ഗോളി).
ഇന്ത്യ: സുനില്‍ ഛേത്രി(ക്യാപ്റ്റന്‍), ആശിഖ് കുരുണിയന്‍, ബ്രന്‍ഡന്‍, ഉദേന്ദ സിങ്, റൗളിന്‍ ബോര്‍ഗസ്, അനിരുദ്ധ് ഥാപ്പ, സുഭാശിഷ് ബോസ്, ആദില്‍, സന്ദേശ് ജിങ്കന്‍, ബെക്, ഗുര്‍പ്രീത് (ഗോളി). രാത്രി 10ന് തുടങ്ങുന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് തല്‍സമയം സംപ്രേഷണം ചെയ്യും.
ഖത്തര്‍ ശക്തരാണ്,
പക്ഷേ പേടിയില്ല:
ഇന്ത്യന്‍ കോച്ച്
ദോഹ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഏഷ്യന്‍ ചാംപ്യന്മാരായ ഖത്തറിനെ നേരിടുന്നത് തെല്ലും പേടിയില്ലാതെയാണെന്ന് ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാച്ച്. ഗ്രൂപ്പിലെ ഏറ്റവും ശക്തരായ ടീമാണ് ഖത്തര്‍. അവരെ തോല്‍പ്പിക്കുക എളുപ്പവുമല്ല. എന്നാല്‍ ഈ മത്സരം ഏറെ പഠിക്കാന്‍ അവസരം നല്‍കും. നാലോ അഞ്ചോ കളിക്കാരെ മാറ്റിയാണ് ടീം രൂപപ്പെടുത്തിയത്. ഗോള്‍ നേടാനും മികച്ച ഫുട്‌ബോള്‍ കാഴ്ചവയ്ക്കാനുമായിരിക്കും തങ്ങള്‍ ശ്രമിക്കുകയെന്നും സ്റ്റിമാച്ച് പറഞ്ഞു.
കഴിഞ്ഞ കളിയെ കുറിച്ച് ഓര്‍ക്കാതെ അടുത്ത മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ടീമെന്ന് ഒമാനെതിരേ ക്രോസ് ബാറില്‍ തട്ടിയതു കൊണ്ട് ഗോള്‍ നഷ്ടമായ ഉദേന്ദ സിങ് പറഞ്ഞു.
ഒമാനെതിരായ മത്സരത്തില്‍ ആദ്യ പകുതിയില്‍ ലീഡ് നേടിയ ഇന്ത്യയെ 82, 90 മിനുട്ടുകളില്‍ നേടിയ ഗോളുകള്‍ക്കാണ് ഒമാന്‍ പരാജയപ്പെടുത്തിയത്. ശനിയാഴ്ചയാണ് ഇന്ത്യന്‍ ടീം ഖത്തറിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."