ഗോതമ്പ് പൊടിച്ചെടുക്കാന്‍ ചെലവു കുറഞ്ഞ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് കെ.ബി ജോയി
കൊടുങ്ങല്ലൂര്‍: പൊറാട്ടയുണ്ടാക്കാവുന്നത്ര മിനുസത്തില്‍ ഗോതമ്പ് പൊടിച്ചെടുക്കാവുന്ന ചെലവു കുറഞ്ഞ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് എടവിലങ്ങ് സ്വദേശി കെ.ബി ജോയി.
ഭക്ഷ്യ സംസ്‌ക്കരണത്തിലെ ക്രയോജനിക്ക് ഗ്രെയ്ന്റിങ് അഥവാ കോള്‍ഡ് പ്രോസ്സസ്സ് എന്ന സമ്പ്രദായമാണ് ജോയി ഉപയോഗിച്ചിട്ടുള്ളത്. ഒരു ഭക്ഷ്യവസ്തുവിന്റെ യഥാര്‍ഥ ഗുണം, മണം, നിറം, രുചി ചോരാതെ തീന്‍മേശയിലെത്തിക്കുകയെന്നത് ഏറെ ശ്രമകരമാണ്. ധാന്യങ്ങള്‍ പൊടിച്ചെടുക്കുന്നിടത്ത് ഈ പ്രശ്‌നം തുടങ്ങുന്നു. ധാന്യങ്ങള്‍ക്കു പൊടിക്കുന്ന യന്ത്രത്തിലെ അമിത ചൂട് മൂലം സ്വാഭാവിക ഗുണങ്ങള്‍ നഷ്ടപ്പെടും. ഇവിടെയാണ് ജോയിയുടെ യന്ത്രം വ്യത്യസ്തമാകുന്നത്. ഗോതമ്പ് ചുടാകാതെ മൈദയേക്കാള്‍ മൃദുവായി മെഷ് അരിപ്പയിലുടെ അരിച്ചെടുക്കും വിധം പൊടിചെടുക്കും ഈ യന്ത്രം. 100 മെഷ് മൃദുവായി ഭക്ഷ്യവസ്തുക്കള്‍ പൊടിക്കുവാന്‍ ഇന്ന് നിലവിലുള്ള ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ ശാലകളിലെ ഗ്രെയ്ന്റര്‍ പള്‍വറെസര്‍ ഹാമര്‍ മില്ല് എന്നീ യന്ത്രങ്ങള്‍ ഉപയോഗിച്ച് കഴിയില്ല.
മാത്രമല്ല തുടര്‍ച്ചയായി പൊടിക്കുമ്പോള്‍ ഭക്ഷ്യ വസ്തുവിന്റെ താപനില 80 മുതല്‍ 90 ഡിഗ്രി വരെ ഉയരും. ചിലപ്പോള്‍ 200 ഡിഗ്രി വരെ ഉയര്‍ന്ന് ഭക്ഷ്യവസ്തു കരിഞ്ഞു പോവുകയും ചെയ്യും. ഭക്ഷ്യവസ്തുവിന്റെ യാഥാര്‍ഥ ഗുണം, മണം, നിറം, രുചി എന്നിവ ആവശ്യമെങ്കില്‍ ഭക്ഷ്യവസ്തു പൊടിക്കുന്നതിന്റെ മുന്‍മ്പ് 38 ഡിഗ്രി സെല്‍ഷ്യസില്‍ തണുപ്പിക്കണം.
അപ്പോള്‍ ഭക്ഷ്യവസ്തു യന്ത്രങ്ങളിലുടെ പൊടി രൂപത്തില്‍ പുറത്തു വരുമ്പോള്‍ താപനില 30ഡിഗ്രി ആയിരിക്കും. സമൂഹത്തിലെ അതിസമ്പന്നര്‍ക്ക് വേണ്ടി ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന ഈ രീതിയുടെ ശാസ്ത്രനാമം ക്രയോജനിക്ക് ഗ്രെയിന്റിങ്ങ് എന്നാണ്. ഈ രീതിയില്‍ ഉല്‍പാദിപ്പിച്ച ഗോതമ്പ് പൊടിക്ക് കിലോക്ക് 75 മുതല്‍100 രൂപ വരെയാണ് വില. ക്രയോജനിക്ക് ഗ്രെയിന്റിങ് സാങ്കേതിവിദ്യയില്‍ ഉല്‍പാദിപ്പിച്ച ഭക്ഷ്യവസ്തുക്കള്‍ സാധാരണ ജനങ്ങള്‍ക്ക് വാങ്ങാന്‍ കഴിയാറില്ല.
യന്ത്ര നിര്‍മാണമേഖലയിലെ 35 വര്‍ഷത്തെ ഗവേഷണങ്ങളുടെ ഫലമാണ് ജോയിയുടെ പുതിയ യന്ത്രം. ഭക്ഷ്യവസ്തുക്കളുടെ മണവും രുചിയും നല്‍കുന്ന അമൂല്യമായ എണ്ണ വരെ നഷ്ടപ്പെടാതെ മൈദയെക്കാള്‍ മൃദുവായി പൊടിക്കാന്‍ ജോയി വികസിപ്പിച്ചെടുത്ത കോള്‍ഡ് പ്രോസ്സസ് യന്ത്രത്തിന് കഴിയും.
ജോയി തന്റെ സ്വന്തം മെഷീനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തയാറാക്കുന്ന ഗോതമ്പ് പൊടിക്ക് ആവശ്യക്കാര്‍ ഏറെയാണ്. ചെലവു കുറഞ്ഞ മാലിന്യ സംസ്‌ക്കരണ പ്ലാന്റ്, പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍ വേര്‍തിരിക്കുന്ന സംവിധാനം, പ്ലാസ്റ്റിക് മാലിന്യം കൊണ്ട് ഇഷ്ടിക തുടങ്ങി വ്യത്യസ്തങ്ങളായ കണ്ടെത്തലുകളിലൂടെ ശ്രദ്ധേയനാണ് ജോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."