ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ദേശീയ കര്‍ഷക പ്രക്ഷോഭം സംഘടിപ്പിക്കുന്നു
കല്‍പ്പറ്റ: സ്വതന്ത്ര കര്‍ഷക സംഘടനയായ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ദേശീയതലത്തില്‍ കര്‍ഷക പ്രക്ഷോഭം സംഘടിപ്പിക്കുന്നു.
കര്‍ഷകര്‍ക്ക് ശമ്പളവും പെന്‍ഷനും അനുവദിക്കുക, ഉദ്യോഗസ്ഥരുടെ ശമ്പള പരിധി മാസം ഒരു ലക്ഷം രൂപയായി പരിമിതപ്പെടുത്തുക, കുരുമുളക്, റബറും ഉള്‍പ്പടെ കാര്‍ഷികോല്‍പന്നങ്ങളുടെ ഇറക്കുമതി പരമാവധി കുറക്കുക, ഇതര രാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരം കുറഞ്ഞ കാര്‍ഷികോല്‍പന്നങ്ങള്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ചതെന്ന വ്യാജേന കയറ്റുമതി ചെയ്യുന്നത് കര്‍ശനമായി തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയ പ്രക്ഷോഭം ആസൂത്രണം ചെയ്യുന്നതെന്ന് ഫോറം സംസ്ഥാന കണ്‍വീനര്‍ എന്‍.ജെ ചാക്കോ, ട്രഷറര്‍ ടി ഇബ്രാഹിം, ജില്ലാ ചെയര്‍മാന്‍ അഡ്വ. പി.ജെ ജോര്‍ജ്, കണ്‍വീനര്‍ എ.എന്‍ മുകുന്ദന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ വിദ്യാധരന്‍ വൈദ്യര്‍, ഒ.ആര്‍ വിജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രക്ഷോഭത്തിന്റെ ഭാഗമായി, രാജ്യത്തെ പ്രമുഖ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫോറം തുടക്കമിട്ടതായി ഭാരവാഹികള്‍ പറഞ്ഞു. കര്‍ഷകരോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമീപനം തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്.
നിത്യജീവിതത്തിനു മാര്‍ഗമില്ലാതെ ഗതികേടിലായ കൃഷിക്കാരാണ് മധ്യപ്രദേശില്‍ പരിധിവിട്ട സമരത്തിലേക്ക് നീങ്ങിയത്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാതെയാണ് ഭരണകൂടം കര്‍ഷകസമരത്തെ ക്രൂരമായി അടിച്ചമര്‍ത്തിയത്. കര്‍ഷകരുടെ ജീവിതസാഹചര്യങ്ങള്‍ വേണ്ടവിധം പഠിക്കാനും ജീവിത സൂചികയെക്കുറിച്ച് ചിന്തിക്കാനും കേന്ദ്രവും സംസ്ഥാനങ്ങളും ഭരിക്കുന്നവര്‍ തയാറാകുന്നില്ല. അതേസയമം ഉദ്യോഗസ്ഥ സമൂഹത്തെ ശമ്പളവും ആനൂകൂല്യങ്ങളും വാരിക്കോരി നല്‍കി പ്രീണിപ്പിക്കാനും കൂടെ നിര്‍ത്താനും മാറിമാറിവരുന്ന ഭരണാധികാരികള്‍ മത്സരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്നതിനു തുല്യമായ പരിഗണന മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കും ലഭിക്കേണ്ടതാണ്.
അധ്വാനിക്കുന്ന ജനവിഭാഗങ്ങളില്‍ കര്‍ഷകര്‍ മാത്രമാണ് കടക്കെണികളില്‍പ്പെട്ട് യാതന അനുഭവിക്കുന്നത്. കൃഷിയെ തൊഴിലായി അംഗീകരിക്കാനും ഇതര തൊഴില്‍ മേഖലകളിലുള്ളവര്‍ അനുഭവിക്കുന്ന ജീവിതസാഹചര്യങ്ങള്‍ കര്‍ഷകര്‍ക്ക് ഉറപ്പുവരുത്താനും ഭരണാധികാരികള്‍ തയാറാകേണ്ട കാലം അതിക്രമിച്ചിരിക്കയാണ്.
മധ്യപ്രദേശിലെ കര്‍ഷക സമരം ഒരു മുന്നറിയിപ്പാണ്. ഭരണചക്രം തിരിക്കുന്നവര്‍ ഇതിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണണമെന്നും ഫോറം ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."