ഒരു മാനനഷ്ടത്തിന്റെ പ്രശ്‌നങ്ങള്‍
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഐ.പി.എസ്, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തുവോ എന്നറിയില്ല. ഫയല്‍ ചെയ്യുമെന്നു ബെഹ്‌റ പറഞ്ഞതായി ആരും കണ്ടുമില്ല, കേട്ടുമില്ല. പക്ഷേ, പത്രങ്ങളിലങ്ങനെയുണ്ട്. സത്യമാണോ എന്തോ...
ബെഹ്‌റ സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പെരുമാറുന്നു എന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞ സ്ഥിതിക്ക് ബെഹ്‌റ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യണമല്ലോ. ചെയ്യുന്നില്ലെങ്കില്‍ ചെയ്യിക്കണമല്ലോ. എങ്കില്‍, മാധ്യമങ്ങളെക്കൊണ്ട് അങ്ങനെ റിപ്പോര്‍ട്ട് ചെയ്യിക്കണമല്ലോ. അതാണ് സംഗതി അഡ്വാന്‍സായി റിപ്പോര്‍ട്ട് ചെയ്തത്. അവര്‍ ചെയ്യാനുള്ളത് ചെയ്തു. ഇനി ഏതു പുലിവാല് പിടിക്കണം എന്നു തീരുമാനിക്കേണ്ടത് ബെഹ്‌റയാണ്. ബെഹ്‌റയായി, ബെഹ്‌റയുടെ പാടായി.
അഥവാ മുല്ലപ്പള്ളിക്കെതിരേ കേസ് കൊടുക്കുന്നുണ്ടെങ്കില്‍ ആദ്യം കൊടുക്കേണ്ട കേസ് ഇതല്ല എന്നൊരു വിനീതമായ അഭിപ്രായം പൊതുജനത്തിനുണ്ട്. ഗുജറാത്തില്‍ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ രക്ഷിച്ചതിനുള്ള പ്രതിഫലമായാണ് ബെഹ്‌റയെ ഡി.ജി.പി ആക്കിയതെന്ന് ഇതേ മുല്ലപ്പള്ളി ആക്ഷേപിച്ചിട്ടുണ്ട്. വെറുതെ അടിച്ചുവിട്ടതല്ല. കേന്ദ്രത്തില്‍ മന്ത്രിയായിരുന്നപ്പോള്‍ ഈ ഫയല്‍ കണ്ടിട്ടുണ്ടത്രെ. മുല്ലപ്പള്ളിക്കെതിരേ ഒന്നു രണ്ടു കേസിന് അന്നു വകുപ്പുണ്ടായിരുന്നു. ബെഹ്‌റ മടിച്ചു. അതില്‍ കൂടുതല്‍ മാനമൊന്നും ഇപ്പോള്‍ ഇടിഞ്ഞിട്ടില്ല.
മാനനഷ്ടക്കേസ് കൊടുക്കുന്നതില്‍ ചില്ലറ പ്രശ്‌നങ്ങളുണ്ട്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി എന്ന് ഒരാളെ വിശേഷിപ്പിക്കുന്നത് മഹാമാന നഷ്ടമാണ് എന്നെങ്ങനെ പാര്‍ട്ടിയുടെ സര്‍ക്കാര്‍ പറയും പോട്ടെ, അതൊരു ബഹുമാനമായൊന്നും എടുക്കേണ്ട. മാനക്കേടാണെന്നു കരുതാമോ. മുമ്പൊരിക്കല്‍ മുഖ്യമന്ത്രി നായനാര്‍ ലോക്കല്‍ സെക്രട്ടറിയെപ്പോലെ സംസാരിക്കരുത് എന്ന് അന്നത്തെ തീപ്പൊരി കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി പറഞ്ഞത് പൊല്ലാപ്പുണ്ടാക്കിയിരുന്നു. നായനാര്‍ക്ക് അതിലൊരു മാനക്കേടും തോന്നിയില്ല. പക്ഷേ, നായനാരെപ്പോലെ ലോക്കല്‍ സെക്രട്ടറിമാര്‍ സംസാരിക്കാനും പെരുമാറാനും തുടങ്ങിയാല്‍ അവരുടെ മേല്‍ ജനം കൈവയ്ക്കുമെന്നോ മറ്റോ ആരോ ലേഖനമെഴുതിയതു പാര്‍ട്ടിക്കു ഒട്ടും പിടിച്ചില്ല. ചില്ലറ പ്രശ്‌നമുണ്ടായി, സാവധാനം കെട്ടടങ്ങി.
മാനനഷ്ടക്കേസ് കൊടുത്താലുള്ള പ്രശ്‌നമൊക്കെ ബെഹ്‌റക്കറിയാം. മാനനഷ്ടക്കേസ് കൊടുക്കുന്ന ആള്‍ തനിക്കു മാനം ഉണ്ടായിരുന്നു എന്നു ആദ്യം തെളിയിക്കണം. ചിലര്‍ക്ക് അതുതന്നെ ബുദ്ധിമുട്ടാണ്. ബെഹ്‌റയ്ക്ക് അതു പ്രശ്‌നമാവില്ല. പക്ഷേ, വിമര്‍ശനം ജനങ്ങള്‍ വിശ്വസിച്ചതുകൊണ്ട് തന്റെ മാനം നഷ്ടമായി എന്നും കോടതിയെ ബോധ്യപ്പെടുത്തണം. അത് ശ്ശി ബുദ്ധിമുട്ടാണ്. നേതാക്കള്‍ പറയുന്നതു ജനങ്ങള്‍ വിശ്വസിക്കുന്നു എന്നു തെളിയിക്കുന്നതെങ്ങനെ? മാനം എന്നത്, മുറിച്ചെടുത്ത് ഇതാ എന്ന് കൈയില്‍ ഉയര്‍ത്തിക്കാട്ടാവുന്ന സാധനമല്ലല്ലോ. നേതാക്കള്‍ പറഞ്ഞാല്‍ മാനം പോകുമെങ്കില്‍ കേരളത്തില്‍ മാനം എന്ന സാധനം ആര്‍ക്കെങ്കിലും ബാക്കി ഉണ്ടാകുമോ! വലിയ പ്രശ്‌നം ഇതൊന്നുമല്ല. കേസ് കൊടുപ്പിക്കാന്‍ ഇന്നു ഉത്സാഹക്കമ്മിറ്റി തകൃതിയായി ശ്രമിക്കും. എത്ര കൊല്ലം ഈ പൊല്ലാപ്പിനു പിന്നാലെ നടക്കേണ്ടി വരും എന്നറിയില്ല. ഉത്സാഹക്കാരെയൊന്നും പിന്നെ കാണില്ല. അതുകൊണ്ട് ഇതൊന്നും നടക്കാന്‍ പോകുന്നില്ല.
പിളര്‍പ്പ് മുറപോലെ നടക്കട്ടെ
കേരള കോണ്‍ഗ്രസ് പലവട്ടം പിളര്‍ന്നിട്ടുണ്ട്. എത്രവട്ടം എന്നു പറയാന്‍ സാധിക്കില്ല. അതിനു ഗവേഷണം നടത്തണം. അതിനൊന്നും ഇപ്പോള്‍ നേരമില്ല. എത്ര കേരള കോണ്‍ഗ്രസ് ഇപ്പോഴുണ്ട് എന്നും പറയാനാവില്ല. പ്രത്യേക സര്‍വെ നടത്തേണ്ടി വരും. പൊതുവെ പാര്‍ട്ടി പിളര്‍ന്നാല്‍ അപ്പോള്‍ ലോകം അറിയാറുണ്ട്. പക്ഷേ, ഇത്തവണ പാര്‍ട്ടി പിളര്‍ന്നോ ഇല്ലയോ എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്നില്ല. രണ്ടും പറയാം. മുമ്പൊന്നും ഇങ്ങനെയൊരു അസന്ദിഗ്ധാവസ്ഥ ആ പാര്‍ട്ടിയിലുണ്ടായിട്ടില്ല.
ഈ അവസ്ഥ കണ്ട്, കേരള കോണ്‍ഗ്രസിന്റെ ജീവാത്മാവും പരമാത്മാവും ആയിരുന്ന കെ.എം മാണി പരലോകത്തെ ആനന്ദസാഗരത്തില്‍ ആറാടുന്നുണ്ടാവണം. പിളര്‍പ്പും വളര്‍ച്ചയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള മാണിസാറിന്റെ തിയറി ആഗോളതലത്തില്‍തന്നെ അംഗീകരിക്കപ്പെട്ടതാണല്ലോ. ആ മാണിസാര്‍ ലോകത്തോട് വിട പറഞ്ഞ് ആറു മാസം തികയുംമുമ്പ് പാര്‍ട്ടി പിളര്‍ന്നെന്നോ ഇല്ലെന്നോ തീര്‍ത്തു പറയാന്‍ പറ്റാത്ത അവസ്ഥയിലെത്തി. മാണിസാറിന്റെ സ്മരണ നിലനിര്‍ത്താന്‍ ഇതിലപ്പുറമൊന്നും ചെയ്യാനില്ല.
കോട്ടയം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ കേരള കോണ്‍ഗ്രസുകാര്‍ വളരെ ശ്രദ്ധാപൂര്‍വമാണ് കരുക്കള്‍ നീക്കുന്നത്. മാണിസാര്‍ ജയിച്ച സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജയിക്കണം എന്നവര്‍ക്ക് വലിയ നിര്‍ബന്ധമൊന്നുമില്ല. ആരു ജയിച്ചാലും വേണ്ടില്ല, വല്ല വിധേനയും ഒരു പിളര്‍പ്പ് ഉണ്ടാക്കിയെടുക്കണം എന്നേയുള്ളൂ. ഐക്യം ഉണ്ടെങ്കിലേ മാണിയുടെ പിന്‍ഗാമി കോട്ടയത്തു ജയിക്കൂ എന്നൊരു ധാരണ ചിലര്‍ പരത്തുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അയ്യായിരത്തില്‍ താഴെ വോട്ടിനാണ് മാണിസാര്‍ ജയിച്ചത്. മാണിസാറിന് കിട്ടിയ വോട്ട് അദ്ദേഹത്തിന്റെ ശിഷ്യനു കിട്ടില്ലെന്നാണ് 'ഇറ്റു വീണേക്കാവുന്ന ചോരത്തുള്ളികള്‍ക്ക് വേണ്ടി നാവൂ നുണഞ്ഞ് നടന്ന സൃഗാലന്‍' മാരും 'അണപ്പല്ലു കൊണ്ട് ഇറുമ്മുകയും മുന്‍പല്ലു കൊണ്ട് ചിരിക്കുകയും ചെയ്യുന്ന'വരും വിചാരിക്കുന്നത്. (ഈ സാഹിത്യമൊന്നും ഈ ലേഖകന്റെ വകയല്ല കേട്ടോ. പാര്‍ട്ടി മുഖപത്രത്തിലെ മുഖപ്രസംഗമെഴുത്തുകാരന്റെ സാഹിത്യമാണ്. സി.പി.എമ്മുകാരെക്കുറിച്ചല്ല പാര്‍ട്ടി സഹപ്രവര്‍ത്തകരെക്കുറിച്ചാണ് ഈ സാഹിത്യമെന്നും അറിയുക).
മാണിസാറിന്റെ അനുയായികള്‍ക്കു ജയത്തില്‍ സംശയമില്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തിലേറെ ലീഡ് കിട്ടിയില്ലേ. പോരാത്തതിന് ഇത്തവണ മാണിസാറിനുള്ള ബഹുമാനവോട്ടും ഉണ്ടാവും. സൃഗാലനല്ല, ഏതു കാലന്‍ വന്നാലും അതുകുറയില്ല!
പാര്‍ട്ടി പ്രസിദ്ധീകരണം പതിവ് ഉത്തരവാദിത്തം അഭിനന്ദനീയമായമാംവിധം നിര്‍വഹിച്ചിട്ടുണ്ട്. നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നം തീരാതിരിക്കാനും എരിതീയില്‍ എണ്ണയൊഴിക്കാനും ചുമതലപ്പെടുത്തുക പാര്‍ട്ടിപ്പത്രത്തെയാണ്. ഒരു മുഖപ്രസംഗമെഴുതി അതു സാധിക്കാന്‍ പത്രാധിപന്മാര്‍ക്കു കഴിയും. സാധാരണയായി മുഖപ്രസംഗം ആരും വായിക്കില്ല. പാര്‍ട്ടിപ്പത്രത്തിന്റെ മുഖപ്രസംഗത്തിന്റെ കാര്യം പറയാനുമില്ല. പക്ഷേ, പാര്‍ട്ടിയിലോ മുന്നണിയിലോ ഉള്ള ആരെയെങ്കിലും നല്ല മുന്തിയ സാഹിത്യഗുണമുള്ള തെറി പറയുന്ന മുഖപ്രസംഗമാണെങ്കില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാവും, ചാനലുകളില്‍ ചര്‍ച്ചയുമാകും. ആ ധര്‍മം പ്രതിച്ഛായ നിര്‍വഹിച്ചിട്ടുണ്ട്. അതോടെ പാര്‍ട്ടിയുടെ പ്രതിച്ഛായ ചന്ദ്രയാന്‍ പോലെ പൊങ്ങി. ഇനി അതിനെക്കുറിച്ചാര്‍ക്കും പരാതി വേണ്ട. തോറ്റാലും ജയിച്ചാലും, വോട്ടെണ്ണിക്കഴിഞ്ഞാലും പിളര്‍പ്പ് കണ്‍ഫേം ചെയ്യാനാവും. അതു വരെ ക്ഷമിക്ക്...
പണം പോട്ടെ, അന്തസ്സ് വരട്ടെ
ഇന്ത്യ റഷ്യക്ക് 7150 കോടി രൂപ വായ്പ കൊടുക്കാന്‍ പോവുകയാണത്രെ. അത്ഭുതം. ഇന്ത്യയുടെ അഞ്ചിരട്ടി പ്രതിശീര്‍ഷ വരുമാനവും ഇന്ത്യയുടെ അഞ്ചിലൊന്നു മാത്രം വിദേശകടവും ഉള്ള രാജ്യമത്രെ റഷ്യ. തിന്നുന്നവന് ബോധമില്ലെങ്കില്‍ വിളമ്പുന്നവനെങ്കിലും ബോധം വേണ്ടേ എന്നാരോ പറഞ്ഞത് ഇന്ത്യക്കു ബാധകമല്ല. ഇവിടെ ഒരു സര്‍ക്കാര്‍ കഴിഞ്ഞു കൂടാന്‍ ഗതിയില്ലെന്നു പറഞ്ഞ് റിസര്‍വ് ബാങ്കില്‍നിന്നു കിട്ടാവുന്നത് മുഴുവന്‍ ഊറ്റി വാങ്ങിയിട്ടുണ്ട്. 1.7 ലക്ഷം കോടി രൂപ കൈയിലുള്ള നിലയ്ക്ക് ഒരു പതിനായിരം കോടി അമേരിക്കയ്ക്കും കൊടുക്കാവുന്നതേ ഉള്ളൂ. ട്രംപിനു പരിഭവം വേണ്ടല്ലോ. പണം പോയാലെന്ത് അന്തസ്സ് വരട്ടെ.
മുനവാക്ക്
മോദി സര്‍ക്കാരിന്റെ നൂറു നാള്‍: ആഘോഷമില്ല
വേണമെന്നില്ല. അങ്ങ് ജമ്മു കശ്മിരിലും അസമിലും ഭയങ്കര ആഘോഷം നടക്കുന്നുണ്ട്. അതു വ്യാപിച്ചാല്‍ മതി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."