ഇവിടെ വേണം അപകടം പതിഞ്ഞിരിക്കുന്ന റോഡിലൂടൊരു സര്‍ക്കസ് യാത്ര
കൂറ്റനാട്: മംഗലം-മുടപ്പക്കാട് റോഡിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്തവര്‍ക്കറിയാം റോഡിന്റെ അവസ്ഥ. കയറ്റിറക്കങ്ങള്‍ നിറഞ്ഞ കുന്നിന്‍പ്രദേശത്തുകൂടി ഇടുങ്ങിയ റോഡിലൂടെ ഭീതിയോടെയുള്ള യാത്ര ജീവന്‍ പണയപ്പെടുത്തിയാല്‍പോര, തീറെഴുതിക്കൊടുത്തുവേണം. വര്‍ഷങ്ങളായി പരുതൂര്‍ പഞ്ചായത്തിലെ മംഗലംകുന്ന് നിവാസികള്‍ യാത്രചെയ്യുന്നത് ഇങ്ങനെയാണ്.
പലഭാഗങ്ങളിലും റോഡിനുതാഴെ വലിയ താഴ്ചയാണ്. മിക്കയിടങ്ങളിലും സംരക്ഷണഭിത്തിപോലുമില്ല. കഷ്ടിച്ച് രണ്ട് ചെറുവാഹനങ്ങള്‍ക്കു ഒരേസമയം കടന്നുപോകാനുള്ള വീതിമാത്രമേ റോഡിനുള്ളൂ. എന്നാല്‍, സ്വകാര്യബസും ലോറിയുമടക്കം നൂറുകണക്കിന് വാഹങ്ങളാണ് ദിവസവും ഇതിലൂടെ കടന്നുപോകുന്നത്. പ്രദേശത്തെ മൂന്ന് കോളനികളിലെ ജനങ്ങളുടെ ആശ്രയമാണ് ഈ റോഡ്. പട്ടാമ്പി, തൃത്താല തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള വിദ്യാര്‍ഥികളും ഈപാതയാണ് ആശ്രയിക്കുന്നത്. മംഗലം സെന്ററിലേക്ക് വരുന്ന ഭാഗത്താണ് കൂടുതല്‍ പ്രശ്‌നം. ഇവിടെ റോഡിനൊരുവശം ഏഴുമീറ്ററോളം താഴ്ചയുണ്ട്. ഈഭാഗത്ത് നാലഞ്ചു വീടുകളുമുണ്ട്. റോഡിന്റെ ഇരുഭാഗത്തുമുള്ള മതിലുകള്‍ ഈ ഭാഗത്തെ ഒരു കുപ്പിക്കഴുത്താക്കി മാറ്റി.
മതിലുകള്‍ക്കുമുന്നില്‍ പൊന്തക്കാടാണ്. ഒരേസമയം ഒരു വാഹനത്തിനുമാത്രമേ ഇതുവഴി പോകാനാകൂ. മഴക്കാലത്ത് സ്ഥിതി ഒന്നുകൂടി രൂക്ഷമാകും. റോഡില്‍നിന്ന് വെള്ളമൊഴുകി നേരെ താഴെയുള്ള വീടുകളിലെത്തും. കഴിഞ്ഞ മഴക്കാലത്ത് ഇത്തരത്തില്‍ വെള്ളമൊഴുകി ചോലക്കാട്ട് ചന്ദ്രന്റെ വീടിനു മുന്നിലേക്ക് മതിലിടിഞ്ഞുവീണിരുന്നു. ചില വീടുകള്‍ക്ക് മതിലുപോലുമില്ല.
പട്ടാമ്പി പാലത്തിന്റെ പ്രവൃത്തി നടക്കുമ്പോള്‍ ഗതാഗത നിയന്ത്രണത്തിന്റെ സമയത്ത് കെ.എസ്.ആര്‍.ടി.സി ബസുകളും വലിയ ലോറികളും ഇതുവഴി വരാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞിരുന്നു. രണ്ട് സ്വകാര്യബസുകള്‍ സര്‍വിസ് നടത്തിയിരുന്ന റൂട്ടില്‍ നിലവില്‍ ഒരു ബസേയുള്ളൂ. റോഡ് വീതികൂട്ടി സംരക്ഷണഭിത്തിയുള്‍പ്പെടെ നിര്‍മിച്ച് ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയകൂട്ടായ്മ പഞ്ചായത്തിനും വില്ലേജ് ഓഫിസര്‍ക്കും പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."