ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ: പി.കെ.എസ്
പാലക്കാട് : ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്ക് പട്ടികജാതിക്ഷേമസമിതി സംസ്ഥാന സമ്മേളനം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച പ്രമേയം സമ്മേളനം അംഗീകരിച്ചു. സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് യങ് ലോയേഴ്‌സ് യൂണിയന്‍ നേതാവ് പ്രേരണകുമാരി അടക്കം ആര്‍എസ്എസ് ആഭിമുഖ്യത്തിലുള്ള അഞ്ച് വനിതാ അഭിഭാഷകരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 12 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് വിധിയുണ്ടായത്.
കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇതിനെതിരെ വിശ്വാസികളുടെ പേരില്‍ ആര്‍എസ്എസും സംഘപരിവാറും യുഡിഎഫും രംഗത്തിറങ്ങിയത് കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനും വര്‍ഗീയകലാപം നടത്താനുമാണ് . തെറ്റിദ്ധരിച്ച് ഇത്തരം സമരത്തില്‍ പങ്കെടുക്കുന്ന പട്ടികജാതിക്കാരുള്‍പ്പടെയുള്ളവര്‍ രാഷ്ട്രീയ ഗൂഢനീക്കം തിരിച്ചറിയണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതില്‍ സമ്മേളനം പ്രതിഷേധിച്ചു.
സംഘപരിവാറിന്റെ ഭീകരമുഖമാണ് ആക്രമണത്തിലൂടെ വ്യക്തമാകന്നത്. മതനിരപേക്ഷമൂല്യങ്ങള്‍ പ്രചരിപ്പിക്കുക മാത്രമാണ് സ്വാമി നിര്‍വഹിക്കുന്നത്. വിശ്വാസങ്ങളെയും ആത്മീയതയേയും വര്‍ഗീയവല്‍ക്കരിക്കുന്നതില്‍ അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ട്. ഇതില്‍ അസഹിഷ്ണുതയുള്ളവരാണ് ആക്രമണം നടത്തിയത്. വിരുദ്ധ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കാനാണ് നീക്കം. സംഘപരിവാര്‍ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കണം. അക്രമികളെ ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ദളിത് ചിന്തകന്‍ കാഞ്ച ഐലയ്യയുടെ പുസ്തകങ്ങള്‍ നിരോധിച്ചതിലും സമ്മേളനം പ്രതിഷേധിച്ചു.
സംഘപരിവാറിന്റെ ആശയങ്ങളെ എതിര്‍ത്തതിന്റെ പേരിലാണ് പുസ്തകങ്ങള്‍ നിരോധിക്കുന്നത്. ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്ന മോഡി സര്‍ക്കാരിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."