തീയില്‍നിന്ന് രക്ഷയേകുന്ന കോട്ടും ഗംബൂട്ടും ഫയര്‍ഫോഴ്‌സിന് പുതുകവചം
നിലമ്പൂര്‍: ദുരന്തമുഖത്ത് കൂടുതല്‍ കര്‍മനിരതരാകാന്‍ സംസ്ഥാനത്തെ ഫയര്‍ഫോഴ്‌സിന് പുതുകവചം. തീയില്‍നിന്ന് രക്ഷയേകുന്ന സുരക്ഷാകവചം സംസ്ഥാനത്തെ എല്ലാ ഫയര്‍ ആന്‍ഡ് സെസ്‌ക്യൂ സ്റ്റേഷനിലുമെത്തി.
കോട്ടും ഗംബൂട്ടും ഹെല്‍മെറ്റും അടങ്ങിയ സെറ്റ് അഗ്നിരക്ഷാ സേനയിലെ 4,000 അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. ഒരു സെറ്റ് സുരക്ഷാകവചത്തിന് 30,000 രൂപയാണ് വില. പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയെ കാണാനെത്തിയ ഫയര്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നല്‍കിയ വാഗ്ദാനം നിറവേറ്റുകയായിരുന്നു. അഗ്നിരക്ഷാ പ്രവര്‍ത്തനങ്ങളില്‍ കൈപ്പത്തികളും കൈവിരലുകളും പൊള്ളുന്ന സേനാംഗങ്ങളുടെ പ്രയാസത്തെ അതിജീവിക്കാനാണ് പുതുകവച സെറ്റ് നല്‍കിയത്. ചൂടിനെ നൂറുശതമാനം പ്രതിരോധിക്കുന്നതാണ് പാന്റും ഷര്‍ട്ടും ഉള്‍പ്പെടുന്ന നീല സുരക്ഷാകവചം. തുണി പോലുള്ള വസ്തു കൊണ്ടാണ് ഇതു നിര്‍മിച്ചതെങ്കിലും പെട്ടെന്ന് തീപിടിക്കില്ല. അതിശക്തമായ തീയാണെങ്കില്‍ ചുറ്റും ഏറെ നേരം കത്തിപ്പടര്‍ന്നാല്‍ മാത്രമാണ് കോട്ടിന്റെ ഒന്നാം പാളിയില്‍ തീയേല്‍ക്കുക. രണ്ടാം പാളിലേക്ക് പടരുന്നതിന് മുന്‍പ് സുരക്ഷിതമായി ഊരിമാറ്റാനാകും. കണങ്കാല്‍ മുതല്‍ താടിയെല്ല് വരെ ചൂടില്‍നിന്ന് സംരക്ഷിക്കുന്നതാണ് പാന്റും ഷര്‍ട്ടും. വയര്‍ലെസുകള്‍ ഉള്‍പ്പെടെ സൂക്ഷിക്കാനായി പ്രത്യേക പോക്കറ്റുകളും ഇതിലുണ്ട്.
തീക്കനലില്‍ ചവിട്ടിയാലും ഏറെനേരം വരെ ഉരുകാത്തതും ചൂട് കടത്തിവിടാത്തതുമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഗംബൂട്ട്. താഴ്ഭാഗത്ത് മൂന്നു തലങ്ങളായാണ് സുരക്ഷാകവചം ഒരുക്കിയിരിക്കുന്നത്. മുട്ടുവരെ ഉയരമുള്ള ഈ ബൂട്ട് ചൂടിനെ പ്രതിരോധിക്കും. മുഖവും തലയും സംരക്ഷിക്കുന്ന ഹെല്‍മെറ്റാണ് കിറ്റിലെ മറ്റൊരു പ്രത്യേകത. ടോര്‍ച്ച് ഘടിപ്പിച്ച ഹെല്‍മെറ്റില്‍ കഴുത്തില്‍ പൊള്ളലേല്‍ക്കാതിരിക്കാന്‍ അലുമിനിയത്തിന്റെ പാളിയുണ്ട്. തീപിടിക്കുകയോ ഉരുകിപ്പോവുകയോ ചെയ്യാത്തതാണ് ഹെല്‍മെറ്റിന്റെ എല്ലാ ഭാഗങ്ങളും.
മുഖം സംരക്ഷിക്കാന്‍ പോറല്‍ ഏല്‍ക്കാത്ത തരത്തിലാണ് ഗ്ലാസ് പിടിപ്പിച്ചിട്ടുള്ളത്. താടിയെല്ല് വരെ കവര്‍ ചെയ്യാവുന്ന ഗ്ലാസാണിത്. സ്റ്റേഷനുകളില്‍ നേരത്തെ തന്നെ ഹെല്‍മെറ്റ് ഉണ്ടായിരുന്നു. അപകടമുണ്ടാകുമ്പോള്‍ ഇതണിയണമെന്നാണ് വ്യവസ്ഥ. പഴക്കം ചെന്നതിനാല്‍ ആരും ഇതണിയാന്‍ തയാറാകാറില്ല. ഇപ്പോള്‍ ലഭിച്ച ഗംബൂട്ടും ഹെല്‍മെറ്റും അംഗങ്ങള്‍ തന്നെയാണ് സൂക്ഷിക്കേണ്ടത്. സ്ഥലംമാറ്റം ലഭിച്ചാല്‍ ഇതു കൊണ്ടുപോവുകയും വേണം. കേടുപാടുകള്‍ വന്നാല്‍ നന്നാക്കേണ്ടതും സേനാംഗങ്ങള്‍ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."