നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പഴമയോടെ ചരിത്രം വിളിച്ചോതി ബദ്ര്‍ താഴ്‌വര
മദീന: ഇസ്‌ലാമിക ചരിത്രത്തിലെ പ്രഥമ യുദ്ധം നടന്ന ബദ്ര്‍ താഴ്‌വര ഇന്നും അതിന്റെ ചരിത്രം വിളിച്ചോതി പ്രൗഢിയോടെ നിലനില്‍ക്കുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാനമായ അധ്യായം രചിച്ചു റമദാന്‍ 17നാണു ഇവിടെ വച്ച് യുദ്ധം അരങ്ങേറിയത്. മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ യുദ്ധം അരങ്ങേറിയ സ്ഥലം ഇന്നും അതിന്റെ പഴമയില്‍ തന്നെയാണ് നിലകൊള്ളുന്നത്.
മദീനക്കടുത്ത യാമ്പു എന്ന കൊച്ചു പ്രദേശത്തു നിന്നും 90 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം നിലകൊള്ളുന്നത്. മലകളാല്‍ ചുറ്റപ്പെട്ട പ്രദേശത്താണ് താഴ്‌വര സ്ഥിതി ചെയ്യുന്നത്. പഴമയുടെ തനിമ നിലനിര്‍ത്തി സഊദി ഭരണകൂടം ഇത് സംരക്ഷിച്ചു പോരുന്നുണ്ട്. ഇസ്‌ലാമിന്റെയും അതിനെ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെയും രാഷ്ട്രത്തിന്‍േറയും നിലനില്‍പ്പ് ഉറപ്പുവരുത്തിയ സമരമായിരുന്നു ബദര്‍ എന്ന് അന്വര്‍ത്ഥമാക്കും വിധം ഈത്തപ്പനകള്‍ വിളഞ്ഞു നില്‍ക്കുന്ന ഈ പ്രദേശത്തേക്ക് കടന്നു ചെല്ലുമ്പോള്‍ തന്നെ ഒരു മൂകത അനുഭവപ്പെടുമെന്നു ഇവിടം സന്ദര്‍ശിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഹിജ്‌റ വര്‍ഷം രണ്ട് (എ.ഡി 624ല്‍)റംസാന്‍ പതിനേഴിനു നടന്ന സംഭവത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും ഇവിടെ ഉണ്ടെങ്കിലും ചില നിയന്ത്രണങ്ങളൊക്കെ സഊദി ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മദീനയില്‍ നിന്നും ഏകദേശം 150 കിലോമീറ്റര്‍ അകലെ മലകളാല്‍ ചുറ്റപ്പെട്ട പ്രദേശമായ ബദര്‍ എന്ന പ്രദേശം ഇപ്പോഴും ഇസ്‌ലാമിക ചരിത്രത്തില്‍ കൊത്തിവെക്കപ്പെട്ട സ്ഥലമാണ്. ഇപ്പോഴും സഊദിയിലെ സന്ദര്‍ശകരില്‍ പലരും ഇവിടേക്ക് എത്തുന്നുന്നുണ്ട്.
എന്നാല്‍, പലപ്പോഴും ഇങ്ങോട്ടുള്ള സന്ദര്‍ശന യാത്രകള്‍ക്ക് അധികൃതര്‍ അനുമതി നല്‍കാറില്ല. മാത്രമല്ല, ബസ്സുകളിലും മറ്റുമുള്ള വലിയ സംഘമായി പോകുന്നവരുടെ യാത്രയും തടയപ്പെടുകയാണ്. എന്നാലും കാറുകളിലും മറ്റുമായി നിരവധി പേരാണ് ഇവിടേക്ക് എത്തിച്ചേരുന്നത് . ഹാജിമാര്‍ക്കും നാട്ടില്‍ നിന്ന് ഉംറ വിസയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കും ഇവിടേക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. രക്തസാക്ഷികളുടെ പേരുകള്‍ കൊത്തിവച്ച കല്ലുകള്‍ ഇന്നും ബദറിന്റെ തിരു മുറ്റത് കാണാനാകും. യുദ്ധം നടന്ന സ്ഥലം ചുറ്റും അധികൃതര്‍ മതില്‍ കെട്ടി വേര്‍തിരിച്ചിട്ടുണ്ട്.
ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന സ്ഥാനമുള്ള ബദറില്‍ സന്ദര്‍ശകര്‍ക്ക് അടുത്തകാലം വരെ ചാരത്തെത്തി സലാം പറഞ്ഞു മടങ്ങാമായിരുന്നെങ്കിലും ഇപ്പോള്‍ ബദറിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
വിശ്വാസികള്‍ ഇന്നും കൈവിടാതെ ഈ ദിനം മഹത്വമായി സൂക്ഷിക്കുകയും കൊണ്ടാടുകയും ചെയ്യുന്നതും ഇതിന്റെ പരിശുദ്ധത കൊണ്ടാണ് . റമദാന്‍ പതിനേഴിനു ബദര്‍ രക്തസാക്ഷികളുടെയും പോരാളികളുടെയും മഹത്വം ഘോഷിക്കുകയും അപദാനങ്ങള്‍ പാടുകയും ബറകത്തിനായി ഭക്ഷണം ദാനം ചെയ്യുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."