ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ വിളിച്ച യോഗം ഇന്നത്തേക്ക് മാറ്റി
കോട്ടയം: കേരള കോണ്‍ഗ്രസ്(എം)ലെ വിഭാഗീയ പ്രശ്‌നങ്ങളില്‍ ഇടഞ്ഞ് നില്‍ക്കുന്ന ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ ഇന്നലെ നടത്താനിരുന്ന യു.ഡി.എഫ് ഉപസമിതിയോഗം ഇന്നത്തേക്ക് മാറ്റിവച്ചു. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് എത്തിച്ചേരാന്‍ അസൗകര്യം അറിയിച്ചത് മൂലമാണ് ചര്‍ച്ച മാറ്റിയത്. കോട്ടയം ഡി.സി.സിയില്‍ ഇന്ന് മൂന്നിന് വീണ്ടും യോഗം ചേരാനാണ് തീരുമാനം.
പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് പ്രചാരണവേദികളില്‍നിന്ന് വിട്ടുനില്‍ക്കുന്ന ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കുകയാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ ലക്ഷ്യം. പരസ്പരം സഹകരിക്കാനാകാത്ത വിധം അകല്‍ച്ചയിലായ ഇരുവിഭാഗങ്ങളെയും കൂട്ടിയോജിപ്പിക്കുക എന്നത് ഉടനെ സാധ്യമല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ഉറപ്പാണ്. എന്നാല്‍ പാലാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും പരസ്യപ്പോര് നിര്‍ത്തിവയ്പ്പിക്കുകയാവും ഇന്ന് നടക്കുന്ന അനുനയ ചര്‍ച്ചകളുടെ പ്രധാന ലക്ഷ്യം.
പാലായില്‍ നടന്ന യു.ഡി.എഫ് കണ്‍വന്‍ഷനില്‍ പി.ജെ ജോസഫിനെ ജോസ് വിഭാഗം പ്രവര്‍ത്തകര്‍ കൂക്കിവിളിച്ചതും പ്രതിച്ഛായ മാസികയിലെ അപഹസിക്കുന്ന ലേഖനവുമാണ് ജോസഫ് വിഭാഗത്തെ കൂടുതല്‍ അസംതൃപ്തരാക്കിയത്. പിന്നീട് ജോസ് ടോമിന്റെ പ്രചാരണത്തിനായി പ്രത്യേകം കണ്‍വന്‍ഷനുകള്‍ നടത്താനും തീരുമാനിച്ചു. ഇതോടെ പ്രത്യേകമായി പ്രചാരണം നടത്തേണ്ടതില്ലെന്ന് ജോസഫ് വിഭാഗത്തെ യു.ഡി.എഫ് നേതൃത്വം അറിയിച്ചു. ഈ അഭ്യര്‍ഥന മാനിച്ച് പ്രത്യേകം കണ്‍വന്‍ഷനുകള്‍ വിളിക്കാനുള്ള തീരുമാനം ജോസഫ് വിഭാഗം തീരുമാനിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സമവായ ചര്‍ച്ചയ്ക്ക് സാഹചര്യമുണ്ടായത്.
ചര്‍ച്ചകള്‍ക്കായി മോന്‍സ് ജോസഫ് എം.എല്‍.എ, ജോയി എബ്രഹാം എന്നിവരെയാണ് പി.ജെ ജോസഫ് നിയോഗിച്ചിരിക്കുന്നത്. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുമായി കോട്ടയത്തെ ഡി.സി.സി ഓഫിസില്‍ ചര്‍ച്ച നടത്തുമെന്നായിരുന്നു തീരുമാനം.
യു.ഡി.എഫ് കണ്‍വീനറുടെ സാന്നിധ്യത്തില്‍ മാത്രമേ ചര്‍ച്ചക്ക് തയ്യാറുള്ളൂവെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയിരുന്നു. ഇന്നലെ ബെന്നി ബെഹനാന് യോഗത്തില്‍ എത്താന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് യോഗം ഇന്നത്തേക്ക് മാറ്റിവച്ചത്.
ഏകപക്ഷീയമായ വിട്ടുവീഴ്ചക്കില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ജോസഫിനെതിരേയുണ്ടായ കൂക്കിവിളിയിലും പ്രതിച്ഛായ ലേഖനത്തിന്റെയും പേരില്‍ ജോസ് വിഭാഗം നേതൃത്വം ഖേദം പ്രകടിപ്പിക്കണം.
യു.ഡി.എഫ് നേതൃത്വം പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. അനുരഞ്ജന ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മൗനം പാലിക്കാനാവും ജോസഫ് വിഭാഗം തീരുമാനിക്കുകയെന്നും അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."