കണ്ണൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്കും സി.എ.ജി ഓഡിറ്റ് നിഷേധിച്ചത് അഴിമതി പുറത്തുവരുമെന്ന് ഭയന്ന്: ചെന്നിത്തല
തിരുവനന്തപുരം: കിഫ്ബിക്ക് പിന്നാലെ കണ്ണൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്കും (കിയാല്‍) സര്‍ക്കാര്‍ സി.എ.ജി ഓഡിറ്റ് നിഷേധിച്ചത് കോടികളുടെ അഴിമതി പുറത്ത് വരുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വേലി തന്നെ വിളവ് തിന്നുന്നത് സി.എ.ജി കൈയോടെ പിടികൂടും എന്ന ഭയമാണ് വിചിത്രമായ വാദങ്ങളുയര്‍ത്തി സി.എ.ജി ഓഡിറ്റ് തടയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
2015, 2016 വര്‍ഷം വരെ കിയാലിന്റെ ഓഡിറ്റ് നടത്തിയിരുന്നത് സി.എ.ജിയാണ്.
എന്നാല്‍ 2017 മുതല്‍ സര്‍ക്കാര്‍ വിചിത്രമായ വാദമുയര്‍ത്തിയാണ് കിയാലിന്റെ സി.എ.ജി ഓഡിറ്റ് തടഞ്ഞിരിക്കുന്നത്. 65 ശതമാനം പൊതുമേഖല ഓഹരിയുള്ള കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ലെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്.
കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം നിയമപ്രകാരം കിയാല്‍ സര്‍ക്കാര്‍ കമ്പനി തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ സി.എ.ജിക്ക് ഓഡിറ്റ് അനുമതി നിഷേധിക്കുന്നത്.
അന്നൊന്നും ഇല്ലാത്ത പുതിയ കാര്യങ്ങള്‍ കിയാലില്‍ നടക്കുന്നതു കൊണ്ടല്ലേ സര്‍ക്കാരിന്റെ ഈ നിലപാട് മാറ്റം. കിഫ്ബിയുടെയും കിയാലിന്റെയും പ്രവര്‍ത്തനങ്ങളെ ഓഡിറ്റ് ചെയ്യാനുള്ള അനുമതി സി.എ.ജിക്ക് നല്കാന് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."