മരട്: നഗരസഭയുടെ അടിയന്തരയോഗം ഇന്ന്; പുനരധിവാസം ഉറപ്പാക്കും
കൊച്ചി: ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് മരട് നഗരസഭ ഇന്ന് അടിയന്തര കൗണ്‍സില്‍ യോഗം കൂടും. പൊളിച്ചുമാറ്റുന്ന ഫ്ളാറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ നോട്ടിസ് പതിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. രാവിലെ പത്തരയ്ക്കായിരിക്കും യോഗം ചേരുക. അതേസമയം ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കുന്നത് ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ നഗരസഭ നടപടികളാരംഭിച്ചു. അടിയന്തര ടെന്‍ഡര്‍ ക്ഷണിച്ച് പരസ്യം നല്കാന് നിര്‍ദേശം നല്‍കിയതായി മുന്‍സിപ്പല്‍ ചെയര്പേഴ്സന് ടി.എച്ച് നദീറ പറഞ്ഞു.
ഇത്രയും ഉയരമുള്ള കെട്ടിടങ്ങള്‍ പൊളിക്കുക എന്നത് അതിസങ്കീര്‍ണമായ പ്രക്രിയ ആണ്. ഇക്കാര്യത്തില്‍ വൈദഗ്ധ്യമുള്ള ഏജന്‍സികളെ കണ്ടെത്തേണ്ടിവരും. ഇതിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് നഗരസഭ വിലയിരുത്തുന്നത്. സുപ്രിംകോടതി നിശ്ചയിച്ച സമയത്തിനുള്ളില്‍ ഇത്തരം ഏജന്‍സികളെ കണ്ടെത്തി പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്കയും നഗരസഭയ്ക്കുണ്ട്.
ഈ മാസം 20നകം പൊളിച്ച് നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടിവരുമെന്ന താക്കീതാണ് സുപ്രിംകോടതി നല്‍കിയിരിക്കുന്നത്. കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുമ്പോഴുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, കെട്ടിടാവശിഷ്ടങ്ങള്‍ പുറന്തള്ളുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കും നഗരസഭ പരിഹാരം കണ്ടെത്തിയിട്ടില്ല. ഇത് സംബന്ധിച്ച് ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് വേഗത്തിലാക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഫ്ളാറ്റ് നിവാസികളുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."