ഇടത് സര്‍ക്കാരിനെ താഴെയിടാനുള്ള തടിയൊന്നും അമിത്ഷായ്ക്കില്ല, ഭീഷണി ഗുജറാത്തില്‍ മതി: മുഖ്യമന്ത്രി
പാലക്കാട്: കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെ വലിച്ച് താഴെയിടാനുള്ള ശേഷിയൊന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.കെ.എസ് സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ച് പാലക്കാട് കോട്ടമൈതാനിയില്‍ നടന്ന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെ താഴെയിടുമെന്ന് ഗുജറാത്തില്‍ പോയി പറഞ്ഞാല്‍ മതി. സംസ്ഥാനത്തെ ഇടത് സര്‍ക്കാരിനെ താഴെയിടാനുള്ള തടിയൊന്നും അമിത്ഷായ്ക്കില്ല.
അമിത്ഷായുടെ വാക്കുകേട്ട് ഇവിടെയങ്ങ് കളിക്കാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ നടക്കില്ല. നിങ്ങള്‍ക്ക് കൈയേറാന്‍ പറ്റിയ സര്‍ക്കാരല്ല ഇത്. കേരളത്തിലെ ജനങ്ങള്‍ കൈപിടിച്ചുയര്‍ത്തിയ സര്‍ക്കാരാണിത്. പണ്ടത്തെകാര്യം സ്വപ്‌നംകണ്ട് നടക്കുകയാണെങ്കില്‍ അത് ദുഃസ്വപ്‌നമായി മാറും. ഭീഷണിയൊക്കെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരോട് മതി. ഇത് വലിയ കാര്യമാണെന്നുകരുതി പിന്നില്‍നില്‍ക്കുന്ന ചിലരുണ്ട്. അവര്‍കൂടി മനസിലാക്കാനാണ് ഇത് പറയുന്നത്.
സുപ്രിംകോടതിയോടാണ് അമിത്ഷായുടെ ഭീഷണി. അതിനുപിന്നില്‍ ചില ഉദ്ദേശ്യമുണ്ട്. ബാബരി മസ്ജിദ് കേസ് അടുത്തുതന്നെ വാദംകേള്‍ക്കുകയാണ്. ആ കേസില്‍ തങ്ങള്‍ ആഗ്രഹിക്കുന്ന വിധി വരണമെന്നാണ് പറയുന്നത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ നിലപാടെടുക്കുന്നത് ശരിയാണോ? കുറേനാളായി കേരളത്തെ ലക്ഷ്യമിട്ട് അവര്‍ നടക്കുകയാണ്. നിങ്ങള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും പ്രവര്‍ത്തിച്ച മണ്ണാണിത്. ഇവിടെ അമിത്ഷായെ കുറേപ്രാവശ്യം കൊണ്ടുവന്നാല്‍ തങ്ങളുടെ പണി കുറയുമെന്നാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ കരുതുന്നത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എതിരല്ല. വിശ്വാസം സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കും. ഇപ്പോഴുണ്ടായ അറസ്റ്റിനെ ചില മാധ്യമങ്ങള്‍ വിശ്വാസികള്‍ക്കെതിരാണെന്ന് പ്രചരിപ്പിക്കുകയാണ്. വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും അക്രമമുണ്ടായി. അക്രമം നടത്തിയത് ക്രിമിനലുകളായ സംഘ്പരിവാറുകാരാണ്. ഭീഷണിക്കൊന്നും സര്‍ക്കാര്‍ വഴങ്ങില്ല.
ക്രിമിനലുകളെ കൊണ്ടുവന്ന് വിശ്വാസികളെ തടയാനാണ് സംഘ്പരിവാര്‍ ശ്രമിച്ചത്. ഇനി അതനുവദിക്കില്ല. ആരാധനാ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതാണ്. സുപ്രിംകോടതി ഹൈക്കോടതി വിധി പുനഃസ്ഥാപിക്കണമെന്ന് പറഞ്ഞാല്‍ സര്‍ക്കാര്‍ അതും നടപ്പാക്കുമെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."