വര്‍ഷങ്ങള്‍ നീണ്ട സേവനം മതിയാക്കി നാട്ടില്‍ പോകുന്ന യുവാവിന് സ്‌പോണ്‍സര്‍ നല്‍കിയത് ഗംഭീര യാത്രയയപ്പ്
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: അതിരറ്റു സ്‌നേഹിക്കുന്നവര്‍ക്ക് പിരിയുമ്പോളുണ്ടാകുന്ന വേദനയിലാണ് സഊദിയിലെ ഒരു കുടുംബം. തങ്ങള്‍ക്ക് വര്‍ഷങ്ങളോളം സേവന ചെയ്ത ജോലിക്കാരന്‍ പിരിഞ്ഞു പോകുമ്പോള്‍ ഇവര്‍ നല്‍കിയ വികാര യാത്രയയപ്പ് ഇതാണ് തെളിയിക്കുന്നത്. പലപ്പോഴും സ്‌പോണ്‍സര്‍മാരുടെ കെടുകാര്യസ്ഥത വാര്‍ത്തയാകുമ്പോഴാണ് വ്യത്യസ്ത വാര്‍ത്തയുമായി സഊദിയില്‍ ഒരു സ്‌പോണ്‍സര്‍ എത്തുന്നത്. തനിക്കു കീഴില്‍ വര്‍ഷങ്ങള്‍ നീണ്ട സേവനം ചെയ്തു അവസാനം പ്രവാസം അവസാനിപ്പിക്കുന്ന ഇന്ത്യക്കാരനായ യുവാവിന് സഊദി സ്‌പോണ്‍സറും കുടുംബവും നല്‍കിയ യാത്രയയപ്പാണ് പ്രവാസി മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായത്.
ഇന്ത്യക്കാരനായ ആരിഫ് എന്ന യുവാവിനാണ് സ്‌പോണ്‍സര്‍ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചും ഗംഭീര യാത്രയയപ്പ് നല്‍കിയത്. ഉപഹാരങ്ങള്‍ നല്‍കിയും ഇന്ത്യക്കാരനോടുള്ള സ്‌നേഹവും ആദരവും ചടങ്ങില്‍ സഊദി പൗരന്മാര്‍ പ്രകടിപ്പിക്കുകയുണ്ടായി. വര്‍ഷങ്ങളോളം തങ്ങള്‍ക്കൊപ്പം ജീവിച്ച ഇന്ത്യക്കാരനെ വേര്‍പിരിയുക എളുപ്പമല്ലെന്ന് സഊദി പൗരന്‍ ദീബ് ഫലാഹ് അല്‍മുതൈരി പറഞ്ഞു. സല്‍സ്വഭാവവും നല്ല പെരുമാറ്റവും മൂലം എല്ലാവരുടെയും മനം കവരാന്‍ ആരിഫിന് സാധിച്ചതായും ദീബ് അല്‍മുതൈരി പറഞ്ഞു. സേവനം മതിയാക്കി ആരിഫ് സ്വദേശത്തേക്ക് തിരിച്ചുപോകുന്നതില്‍ തങ്ങള്‍ക്ക് സങ്കടമുണ്ടെന്ന് നജാ അല്‍മുതൈരി പറഞ്ഞു. ഇത്രയും നന്നായി പെരുമാറുന്ന ഒരു തൊഴിലാളിയെ ഇതിനു മുമ്പ് കണ്ടിട്ടില്ല.
സത്യസന്ധനായ തൊഴിലാളികള്‍ക്ക് മാതൃകയാണ് ആരിഫ്. ജോലി സ്ഥലത്ത് അഞ്ചു നേരത്തെ നമസ്‌കാരത്തിനും ആരിഫ് ആണ് ബാങ്ക് വിളിച്ചിരുന്നത്. മറ്റുള്ളവര്‍ക്കു മുമ്പായി യുവാവ് നമസ്‌കാര സ്ഥലത്ത് എത്തുമായിരുന്നു. തങ്ങളുടെ അതിഥികളെ നന്നായി സ്വീകരിച്ചിരുന്ന ഇന്ത്യക്കാരന്‍ പലപ്പോഴും തന്റെ പോക്കറ്റിലെ പണം ചെലവഴിച്ച് അതിഥികളെ ആദരിക്കുകയും ചെയ്തിരുന്നുവെന്നും സഊദികള്‍ ഓര്‍ത്തെടുത്തു. തങ്ങള്‍ എത്ര വലിയ ചടങ്ങ് സംഘടിപ്പിച്ച് ആദരിച്ചാലും ആരിഫിന്റെ ആത്മാര്‍ഥതക്കും സത്യസന്ധതക്കും ജോലിയോടുള്ള അര്‍പ്പണ മനോഭാവത്തിനും അത് പകരമാകില്ലെന്നും സഊദികള്‍ സാക്ഷ്യപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."