കെ.വൈ.സി. പ്രക്രിയ ലളിതമാക്കാന്‍ സി.കെ.വൈ.സി. രജിസ്ട്രി അവതരിപ്പിച്ചു
കൊച്ചി: കെ.വൈ.സി. പ്രക്രിയകളില്‍ വന്‍ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചു കൊണ്ട് സെന്‍ട്രല്‍ കെ.വൈ.സി. റെക്കോര്‍ഡ് രജിസ്ട്രിക്കു തുടക്കമായി. എല്ലാ സാമ്പത്തിക മേഖലകളിലും ഉപയോഗിക്കാനാവുന്ന കെ.വൈ.സി. റെക്കോര്‍ഡുകള്‍ക്കു തുടക്കമിട്ടാണ് നിക്ഷേപകര്‍ക്കും വ്യക്തികള്‍ക്കും ഗുണകരമായ സി.കെ.വൈ.സി. റെക്കോര്‍ഡ് രജിസ്ട്രി അവതരിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക സ്ഥാപനങ്ങള്‍ ഉപഭോക്താവിനെക്കുറിച്ച് അറിയുവാന്‍ ശേഖരിക്കുന്ന വിവരങ്ങളടങ്ങിയ കെ.വൈ.സി. രേഖകളുമായി ബന്ധപ്പെട്ട് വന്‍ തോതിലുള്ള ചെലവു കുറക്കലുകള്‍ക്കു വഴി തുറക്കുന്നതു കൂടിയാവും സി.കെ.വൈ.സി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷന്‍ അസ്സറ്റ് റീ കണ്‍സ്ട്രക്ഷന്‍ ആന്റ് സെക്യൂരിറ്റി ഇന്ററസ്റ്റ് ഓഫ് ഇന്ത്യ (സി.ഇ.ആര്‍.എസ്.എ.ഐ.) ആയിരിക്കും സി.കെ.വൈ.സി. രജിസ്ട്രി കൈകാര്യം ചെയ്യുക. നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ( എന്‍.എസ്.ഇ.) ഗ്രൂപ്പ് കമ്പനിയായ ഡോട്ട്എക്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ആയിരിക്കും സി.കെ.വൈ.സി.ക്കു വേണ്ടിയുള്ള സേവനങ്ങള്‍ കൈകാര്യം ചെയ്യുകയും സി.ഇ.ആര്‍.എസ്.എ.ഐ.ക്കു വേണ്ടിയുള്ള ഹെല്‍പ് ഡെസ്‌ക്ക് ആയി പ്രവര്‍ത്തിക്കുകയും ചെയ്യുക.
സി.കെ.വൈ.സി.യില്‍ നിക്ഷേപകര്‍ കെ.വൈ.സി. വിവരങ്ങളോ രേഖകളോ ഒരിക്കല്‍ മാത്രം ഏതെങ്കിലും സാമ്പത്തിക സ്ഥാപനത്തില്‍ നല്‍കിയാല്‍ മതിയാകും. അതിനുശേഷം ലഭിക്കുന്ന സവിശേഷമായ സെന്‍ട്രല്‍ കെ.വൈ.സി. നമ്പര്‍ എല്ലാ സാമ്പത്തിക സേവനങ്ങള്‍ക്കും ഉപയോഗിക്കാനാവും. ബാങ്ക് അക്കൗണ്ടുകള്‍, മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍, ന്യൂ പെന്‍ഷന്‍ സിസ്റ്റം, ഡീ മാറ്റ് അക്കൗണ്ടുകള്‍, ബ്രോക്കിങ് അക്കൗണ്ടുകള്‍ എന്നിവയ്‌ക്കെല്ലാം ഇതു മതിയാവും. ഈ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണെന്നും സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് വലിയ തോതില്‍ ഗുണകരമാകുമെന്നും ഫിനാന്‍ഷ്യല്‍ സര്‍വിസസ് വകുപ്പ് ജോയിന്റ് സെക്രട്ടറി മുഹമ്മദ് മുസ്തഫ ചൂണ്ടിക്കാട്ടി. നിലവില്‍ വിവിധ സ്ഥാപനങ്ങളില്‍ കെ.വൈ.സി. പ്രക്രിയ നടത്തേണ്ടി വരുന്നത് ഒഴിവാകുന്നതും എല്ലാ സാമ്പത്തിക സ്ഥാപനങ്ങളിലും ഒരേ രൂപത്തിലുള്ള കെ.വൈ.സി. പ്രക്രിയ നിലവില്‍ വരുന്നതും നിക്ഷേപകര്‍ക്കു ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."