എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസ ധനമെത്തി
സ്വന്തം ലേഖകന്‍
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ ഒടുവില്‍ ആശ്വാസ ധനസഹായമെത്തി. കുടിശ്ശികയുള്ള മൂന്നുമാസത്തെ പെന്‍ഷനില്‍ രണ്ടുമാസത്തെ തുകയും ഓണം അലവന്‍സായ ആയിരം രൂപാ വീതവുമാണ് ഇന്നലെ ഇവര്‍ക്ക് ലഭിച്ചത്.
പണം ലഭിക്കാതെ എങ്ങനെ ഓണമുണ്ണുമെന്ന ആശങ്കയില്‍ കഴിഞ്ഞിരുന്ന ആയിരക്കണക്കിന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇതോടെ ആശ്വാസമായി.
ഒരുമാസത്തെ പെന്‍ഷന്‍ തുക ഇക്കഴിഞ്ഞ വ്യാഴാഴ്ചയും കിട്ടിയിരുന്നു.
എന്നാല്‍ പിന്നീട് കുടിശ്ശികയുള്ള പെന്‍ഷന്‍ കിട്ടുമെന്ന് ഒരുറപ്പും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല.
ഓണം പടിവാതില്‍ക്കലെത്തിനില്‍ക്കെ സര്‍ക്കാര്‍ കനിവിനായി കാത്തുനില്‍ക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ദൈന്യത ഇന്നലെ 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. ഇന്നലെയാണ് ബാങ്ക് അക്കൗണ്ടില്‍ പണം ഇട്ടുവെന്ന സന്ദേശം പല എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടേയും ഉറ്റവരുടെ മൊബൈല്‍ ഫോണില്‍ എത്തിയത്.
2200 രൂപയും 1200 രൂപയുമാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഒരു മാസം പെന്‍ഷനായി ലഭിച്ചിരുന്നത്.
2200 രൂപ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെങ്കില്‍ 1700 രൂപയേ ലഭിക്കു.
എല്ലാ മാസവും കൃത്യമായി 10 ാം തിയതിക്കുള്ളില്‍ പെന്‍ഷന്‍ കിട്ടിയിരുന്നെങ്കിലും നാല് മാസമായി ഇത് മുടങ്ങിക്കിടക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."