കേരളത്തിന് മുന്നറിയിപ്പ്, പെരിങ്ങല്‍കുത്തിന്റെ സ്ലൂയിസ് വാല്‍വ് തുറന്നു
തൊടുപുഴ: കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാടിന്റെ പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍ ഡാമുകള്‍ നിറയുന്നു. സംഭരണശേഷി 90 ശതമാനം പിന്നിട്ടതോടെ രണ്ട് ഡാമുകളും തുറക്കുന്നത് സംബന്ധിച്ച ആദ്യ മുന്നറിയിപ്പ് തൃശൂര്‍, എറണാകുളം ജില്ലാ ഭരണകൂടങ്ങള്‍ക്ക് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് കൈമാറി. ഈ ഡാമുകള്‍ തുറന്നാല്‍ ഇതിലെ വെള്ളം കേരളത്തിന്റെ പെരിങ്ങല്‍കുത്ത്, ഷോളയാര്‍ ഡാമുകളിലേക്കാണ് എത്തുന്നത്.
ഇതേത്തുടര്‍ന്ന് പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വ് തുറന്ന് സെക്കന്റില്‍ 250 ഘന മീറ്റര്‍ വെള്ളം ഒഴുക്കിവിടാന്‍ തുടങ്ങി. ഇതോടെ ജലനിരപ്പ് 417.7 മീറ്ററായി കുറഞ്ഞു. സംഭരണശേഷിയുടെ 48 ശതമാനം വെള്ളമാണ് നിലവില്‍ പെരിങ്ങല്‍കുത്തിലുള്ളത്. 423.976 മീറ്റര്‍ ആണ് പെരിങ്ങല്‍കുത്തിന്റെ പരമാവധി സംഭരണ ശേഷി. പറമ്പിക്കുളം - ആളിയാര്‍, തൂണിക്കടവ്, പെരുവാരിപ്പള്ളം അണക്കെട്ടുകള്‍ ചേര്‍ന്നതാണ് തമിഴ്‌നാടിന്റെ പറമ്പിക്കുളം പദ്ധതി. ഈ അണക്കെട്ടുകളെല്ലാം കനാലുകള്‍ കൊണ്ട് പരസ്പരം ബന്ധപ്പെട്ടതാണ്. 1818.25 അടിയാണ് പറമ്പിക്കുളത്തെ ഇന്നലത്തെ ജലനിരപ്പ്. 1820 അടിയെത്തിയാല്‍ ഡാം തുറക്കും. അപ്പര്‍ ഷോളയാറില്‍ 3293.2 അടിയാണ് ജലനിരപ്പ്. 3295 അടിയെത്തിയാല്‍ ഇതും തുറക്കേണ്ടിവരും. പറമ്പിക്കുളത്ത് നിന്നുള്ള വെള്ളം നേരിട്ടെത്തുക പെരിങ്ങല്‍കുത്തിലാണ്.
അപ്പര്‍ ഷോളയാറിലെ വെള്ളമെത്തുന്നത് കേരളത്തിന്റെ ഷോളയാറിലുമാണ്. 811.68 മീറ്റര്‍ പരമാവധി സംഭരണ ശേഷിയുള്ള ഷോളയാറില്‍ ഇപ്പോള്‍ 809.671 മീറ്ററാണ് ജലനിരപ്പ്. സംഭരണ ശേഷിയുടെ 88 ശതമാനമാണിത്. ഇത് തുറക്കേണ്ടി വന്നാല്‍ വെള്ളമെത്തുക പെരിങ്ങല്‍കുത്തിലാണ്. ഇരു ഡാമുകളിലെയും വെള്ളം ഒരുമിച്ചെത്തുകയും മഴ ശക്തിപ്പെടുകയും ചെയ്താല്‍ പെരിങ്ങല്‍കുത്ത് പെട്ടെന്ന് സംഭരണശേഷിയിലെത്തും. ഈ വെള്ളം ചാലക്കുടി പുഴയിലേക്ക് തുറന്നുവിടേണ്ടി വരും. പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് 422.5 മീറ്ററിലെത്തിയാല്‍ വാച്ച്മരം കനാല്‍ വഴി ഇടമലയാര്‍ ഡാമിലെത്തും. ഇടമലയാറില്‍ സംഭരണശേഷിയുടെ 69 ശതമാനം വെള്ളം നിലവിലുണ്ട്. തമിഴ്‌നാടിന്റെ തന്നെ നീരാര്‍ ഡാം തുറന്നാലും വെള്ളമെത്തുക ഇടമലയാറിലാണ്. ഇപ്പോള്‍ നീരാര്‍ ഡാം 80 ശതമാനം പിന്നിട്ട് കഴിഞ്ഞു. ഇടമലയാറും പെരിങ്ങല്‍കുത്തും തുറന്നപ്പോഴാണ് കഴിഞ്ഞ വര്‍ഷം ആലുവ, ചാലക്കുടി മേഖലകള്‍ വെള്ളത്തിലായത്. എന്നാല്‍ ആശങ്ക വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് കെ.എസ്.ഇ.ബിയുടേയും ദുരന്തനിവാരണ അതോറിറ്റി അധികൃതരുടെയും നിര്‍ദേശം. പെരിങ്ങല്‍കുത്ത് കൂടാതെ പൊന്മുടി, തര്യോട്, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകള്‍ നിലവില്‍ തുറന്നുവിട്ടിട്ടുണ്ട്.
തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, ഈറോഡ്, സേലം, ദിണ്ടുക്കല്‍, വിരുദുനഗര്‍, മധുരൈ, ശിവഗംഗ, തിരുച്ചികരൂര്‍ തുടങ്ങിയ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും. വടക്കന്‍ മേഖലയില്‍ കാഞ്ചിപുരം, തിരുവള്ളൂര്‍, ചെന്നൈ, ചെങ്കല്‍പെട്ട്, വെല്ലൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."