നിലപാടുമാറ്റി സര്‍ക്കാര്‍: പാഠപുസ്തകത്തിലെ ഇസ്ലാമിക ചരിത്ര ഭാഗങ്ങള്‍ നിലനിര്‍ത്തും
കോഴിക്കോട്: പത്താം ക്ലാസ് സ്കൂള്‍ പാഠപുസ്തകങ്ങളില്‍നിന്ന് ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കാനുള്ള കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനം മന്ത്രി ഇടപെട്ടതിനെ തുടര്‍ന്നു പിന്‍വലിച്ചു.
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് പുസ്തകം പരിഷ്കരണത്തിന്റെ ഭാഗമായി ചരിത്ര പ്രധാനമായ ചില പാഠഭാഗങ്ങള്‍ നീക്കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്. വിദ്യാര്‍ഥികള്‍ക്ക് അധിക വായനക്ക് നല്കിയ ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ അതേപടി അടുത്ത വര്‍ഷത്തെ പുസ്തകത്തിലും നിലനില്ക്കും.പത്താം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തിലെ കുഞ്ഞാലിമരക്കാരെ കുറിച്ചുള്ള പാഠഭാഗവും പടപ്പാട്ടുകളെ കുറിച്ചുള്ള ഭാഗവും പുസ്തകത്തില്‍ നിന്ന് ഒഴിവാക്കാനായിരുന്നു തീരുമാനം. സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫതുല്‍ മുജാഹിദീനെ കുറിച്ചുള്ള ഭാഗവും ഒഴിവാക്കാന്‍ തീരുമാനമായിരുന്നു. പരിഷ്കരണത്തിന്റെ ഭാഗമായി ചില ഭാഗങ്ങള്‍ ഒഴിവാക്കിയപ്പോള്‍ സമാനമായ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ഇസ്ലാമിക ചരിത്ര ഭാഗത്തിന് പകരം ഒന്നും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതാണ് വിമര്‍ശനത്തിനു കാരണമായത്. തീരുമാനത്തിനെതിരേ യോഗത്തിലെ ചില അംഗങ്ങള്‍ അപ്പോള്‍ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പുസ്തകം പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് കരിക്കുലം കമ്മിറ്റി അംഗമായ ഏ.കെ അബ്ദുല്‍ ഹകീം സുപ്രഭാതത്തോട് പറഞ്ഞു. എന്നാല്‍ തീരുമാനം വേണ്ടെന്നുവച്ചതായും അദ്ദേഹം പറഞ്ഞു.
പാഠപുസ്തകത്തിലെ ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കുകയില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസും അറിയിച്ചു. പാഠഭാഗത്തെ ബോക്സുകളുടെ ആധിക്യം ക്ലാസ് റൂം വിനിമയത്തെയും കുട്ടികളുടെ വായനയെയും തടസപ്പെടുത്തുന്നതായി പാഠപുസ്തകം പരിശോധിച്ച കരിക്കുലം സബ്കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. ഇത് സംസ്ഥാന കരിക്കുലം കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ 'ബോക്സുകള്‍' പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കേണ്ടതില്ല എന്ന് നിശ്ചയിക്കുകയാണുണ്ടായതെന്നും എസ്.സി.ഇ.ആര്.ടി ഡയരക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."