കോള്‍പാടത്തിപ്പോള്‍ പക്ഷികളുടെയും തുമ്പികളുടെയും വസന്തകാലം
പൊന്നാനി: തൃശൂര്‍-പൊന്നാനി കോള്‍മേഖല ഇപ്പോള്‍ പക്ഷികളുടെയും തുമ്പികളുടെയും വസന്തകാലമാണ്. കഴിഞ്ഞ ദിവസം മേഖലയില്‍ നടത്തിയ കണക്കെടുപ്പില്‍ 115 സ്പീഷീസുകളിലായി പതിനായിരത്തിലേറെ പക്ഷികളെയാണ് കണ്ടെത്തിയത്.ഇന്ത്യയില്‍ അപൂര്‍വമായി കണ്ടുവരുന്ന ചെന്നീലിക്കാളിയെ ഉപ്പുങ്ങല്‍ കോള്‍മേഖലയില്‍ കണ്ടെത്തിയിരുന്നു. 2015ല്‍ വെള്ളായിക്കായലില്‍ കണ്ടതിന് ശേഷം ഇത് രണ്ടാം തവണയാണ് ഈ പക്ഷിയെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നീര്‍പ്പക്ഷികളെ കൂടാതെ വലിയ രാജഹംസം, കായല്‍ പുള്ള്, പാടക്കുരുവി, കരിവാലന്‍ പുല്‍ക്കുരുവി, വലിയ പുള്ളിപ്പരുന്ത് തുടങ്ങിയ പക്ഷികളെയും കോള്‍മേഖലയില്‍ ഇത്തവണ കണ്ടെത്തിയിട്ടുണ്ട്.31 ഇനം തുമ്പികളെയും കണ്ടെത്തി. അത്യപൂര്‍വമായ പച്ചക്കണ്ണന്‍ ചേരാച്ചിറകന്‍ ഉള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്.
പാടശേഖരങ്ങളിലെല്ലാം ദേശാടനത്തുമ്പിയായ തുലാത്തുമ്പിയുടെ വലിയ കൂട്ടങ്ങളെ കണ്ടെത്തിയിരുന്നു.അതിനിടെ, മലിനജലത്തില്‍ മുട്ടയിട്ടു വളരുന്ന ചങ്ങാതിത്തുമ്പിയുടെ വന്‍തോതിലുള്ള സാന്നിധ്യം കോളിലെ അനിയന്ത്രിതമായ മലിനീകരണം വ്യക്തമാക്കുന്നതായി സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
പക്ഷിനിരീക്ഷണ കൂട്ടായ്മയായ കോള്‍ ബേഡേഴ്‌സ് കലക്ടീവ്, കേരള കാര്‍ഷിക സര്‍വകലാശാല, കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രം, ഡ്രാഗണ്‍ ഫ്‌ളൈസ് ഓഫ് കേരള ഫേസ്ബുക്ക് ഗ്രൂപ്പ്, കേരള വനം വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് കോള്‍ മേഖലയില്‍ സര്‍വേ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."