രാഹുല്‍ ഈശ്വറിനെ തള്ളി തന്ത്രികുടുംബം: 'നടപടികളോട് യോജിപ്പില്ല, പിന്തുടര്‍ച്ചാവകാശമില്ല'
കോട്ടയം: ശബരിമലയില്‍ രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന് പറഞ്ഞ അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രി കുടുംബം. രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും പ്രസ്താവനകളും തന്ത്രി കുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പടര്‍ന്നിട്ടുണ്ട്.
രാഹുല്‍ ഈശ്വറിന് പിന്തുടര്‍ച്ചാവകാശമില്ലെന്നും സന്നിധാനത്തിന്റെ ശുദ്ധി കളങ്കപ്പെടുത്താനുള്ള അഭിപ്രായങ്ങളോടും നടപടികളോടും യോജിപ്പില്ലെന്നുമാണ് തന്ത്രി കുടുംബത്തിന്റെ നിലപാട്. വിശ്വാസത്തിന്റെ പേരില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നടത്തരുത്. വിധി പ്രകാരം രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളില്‍ ശബരിമലയുമായോ തന്ത്രി കുടംബവുമായോ യാതൊരു ബന്ധവുമില്ല. പിന്തുടര്‍ച്ചാവകാശവും ഇല്ല. ദേവസ്വം ബോര്‍ഡുമായി നല്ല ബന്ധത്തിലാണ് തന്ത്രികുടുംബം. അങ്ങനെയാണ് ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇനിയും അങ്ങനെയായിരിക്കും.
പത്തനംതിട്ടയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗം വേദനയുണ്ടാക്കുന്നതാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. സര്‍ക്കാരുമായോ ദേവസ്വം ബോര്‍ഡുമായോ യാതൊരു വിയോജിപ്പുമില്ലെന്ന് സൂചിപ്പിക്കുന്നതോടൊപ്പം ഭക്തജനങ്ങളുടെ ഐശ്വര്യമാണ് തങ്ങളുടെ ലക്ഷ്യമെന്നും സന്നിധാനം സമാധാനത്തിന്റെയും ഭക്തിയുടെയും സ്ഥാനമായി നിലനിര്‍ത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും തന്ത്രികുടുംബം വ്യക്തമാക്കി.
എന്നാല്‍ ഇത്തരമൊരു വെളിപ്പെടുത്തല്‍ താന്‍ നടത്തിയിട്ടില്ലെന്നും അതിനെകുറിച്ച് തനിക്ക് അറിവില്ലെന്നും ശബരിമല തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. താഴമണ്‍ മഠത്തില്‍ പരേതനായ തന്ത്രി കണ്ഠരര് മഹേശ്വരരിന്റെ മകളുടെ മകനാണ് രാഹുല്‍ ഈശ്വര്‍. പിതാവ് വഴിയാണ് ബ്രാഹ്മണര്‍ക്ക് പിന്തുടര്‍ച്ചാവകാശം ലഭിക്കുക.
രാഹുലിന്റെ അച്ഛനും അമ്മയും നമ്പൂതിരിമാരാണെങ്കിലും അച്ഛന്‍ താഴമണ്‍ കുടുംബാംഗം അല്ലാത്തതിനാലാണ് രാഹുല്‍ ഈശ്വറിന് പിന്തുടര്‍ച്ചാവകാശം ഇല്ലാത്തത്. 2007ല്‍ മഹേശ്വരര് ശബരിമല തന്ത്രിയായിരിക്കെ, രാഹുലിനെ പരികര്‍മിയായി കൊണ്ടുപോയെങ്കിലും ദേവസ്വം ബോര്‍ഡ് അതിനുവദിച്ചില്ല. തുടര്‍ന്ന് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ വിധി രാഹുലിനെതിരാകുകയും ചെയ്തിരുന്നു.
മാത്രമല്ല, രാഹുല്‍ വിവാഹം കഴിച്ചിരിക്കുന്നത് നായര്‍ കുടുംബത്തില്‍ നിന്നാണ്. അതിനാല്‍ യോഗക്ഷേമ സഭയില്‍ രാഹുലിന് അംഗത്വം നല്‍കിയിട്ടില്ലെന്ന് യോഗക്ഷേമ സഭ കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ശാന്തി ക്ഷേമ യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വി.എസ്. മണിക്കുട്ടന്‍ നമ്പൂതിരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."