തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷം
തിരൂരങ്ങാടി: ശുദ്ധജലക്ഷാമം രൂക്ഷം. തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വര്‍ട്ടേഴ്‌സ് ആശുപത്രി ജനറല്‍ വാര്‍ഡില്‍ വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. നിത്യേനെ 1500 ഓളം രോഗികള്‍ ചികിത്സയ്‌ക്കെത്തുന്ന ആശുപത്രിയിലാണ് ജലക്ഷാമം കാരണം രോഗികള്‍ ദുരിതത്തിലായത്.
ജനറല്‍വാര്‍ഡിലെ ടോയ്‌ലറ്റുകളില്‍ ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്നും പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും കിണറ്റില്‍നിന്നും വെള്ളം എടുത്തുകൊണ്ടുപോകേണ്ട അവസ്ഥയാണുള്ളതെന്നും രോഗികള്‍ പറയുന്നു. ആശുപത്രിയിലേക്കുള്ള വെള്ളം സംസ്ഥാന ജലവിഭവവകുപ്പാണ് വിതരണം ചെയ്തിരുന്നത്. എന്നാല്‍ ജലക്ഷാമം കാരണം ഇപ്പോള്‍ ജലവിതരണം കാര്യമായി നടക്കുന്നില്ല. കാലവര്‍ഷമായിട്ടും കടലുണ്ടിപ്പുഴയില്‍ നീരൊഴുക്ക് ആരംഭിക്കാത്തതാണ് ജലവിതരണവകുപ്പിനും തിരിച്ചടിയായത്. നിലവില്‍ കൂരിയാട്ട് വാട്ടര്‍ സര്‍വിസില്‍ നിന്നും പ്രതിദിനം 60,000 ലിറ്റര്‍ വെള്ളം എത്തിച്ചാണ് ഡയാലിസിസ് യൂനിറ്റിലേത് അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത്.
ഇതിനുമാത്രമായി ദിവസം 25,000 രൂപ ചെലവ് വരുന്നതായി അധികൃതര്‍ പറഞ്ഞു. നിത്യേനെ 21 രോഗികളാണ് ഡയാലിസിസിനായി യൂനിറ്റില്‍ എത്തുന്നത്. ജലക്ഷാമം റിപ്പോര്‍ട്ട് ചെയ്തതോടെ നേരത്തെ ഏതാനും സന്നദ്ധ സംഘടനകള്‍ ജലവിതരണം നടത്തിയിരുന്നു. പിന്നീട് ഇവരും പിന്‍വാങ്ങി. കാലവര്‍ഷം കനത്തതോടെ ആശുപത്രിയില്‍ രോഗികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."