പുതിയ റിട്ട് ഹരജി പരിഗണിച്ചേക്കില്ല, ഫ്ളാറ്റ് ഉടമകള്‍ക്ക് വീണ്ടും തിരിച്ചടി: വിധി നടപ്പാക്കാനാവില്ലെന്ന് നഗരസഭ പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷം, യോഗത്തില്‍ ബഹളം
ന്യൂഡല്‍ഹി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ നടപടികളാരംഭിച്ചതോടെ പ്രതിഷേധവും ആശങ്കയുമായി ഫ്ളാറ്റ് ഉടമകള്‍. എന്നാല്‍ സുപ്രിം കോടതിയില്‍ പുതിയ റിട്ട് ഹരജി നല്‍കാനുള്ള ഫ്‌ളാറ്റ് ഉടമകളുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. നിലവിലെ സാഹചര്യത്തില്‍ പരാതിക്കാരുടെ ഹരജികള്‍ സുപ്രിം കോടതി പരിഗണിച്ചേക്കില്ലെന്നാണ് വ്യക്തമാകുന്നത്. സുപ്രിം കോടതി ഉത്തരവില്‍ പുതിയ ഹരജികള്‍ പരിഗണിക്കരുതെന്ന് പ്രത്യേകനിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതി ഉത്തരവ് ഇത്തരത്തിലായതിനാല്‍ പുതിയ സാഹചര്യത്തില്‍ റിട്ട് ഹരജികള്‍ ജഡ്ജിക്ക് പരിഗണിക്കാനാവില്ല.
പുതിയ ഹരജികള്‍ സ്വീകരിക്കരുതെന്ന ജസ്റ്റിസ് അരുണ്‍മിശ്രയുടെ ഉത്തരവ് ഉള്ളതിനാലാണ് ഇതെന്ന് സുപ്രിംകോടതി രജിസ്ട്രി അറിയിച്ചു. അതേസമയം വിധിക്കെതിരേ തിരുത്തല്‍ ഹരജി നല്‍കാന്‍ ഫ്‌ളാറ്റുടമകള്‍ക്ക് തടസമില്ല.
നിയമലംഘനം കണ്ടെത്തിയ മൂന്നംഗ സമിതി തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് ആരോപിച്ച് ഇന്നലെയാണ് ഫ്‌ളാറ്റുടമകള്‍ വീണ്ടും ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി ജഡ്ജിമാരുടെ മുമ്പിലേക്ക് എത്തില്ലെന്നാണ് രജിസ്ട്രി നല്‍കുന്ന വിവരം. ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഒടുവിലത്തെ ഉത്തരവില്‍ ഈ കേസില്‍ പുതിയ ഹരജികള്‍ സ്വീകരിക്കരുതെന്ന നിര്‍ദേശമുണ്ട്. വേണമെങ്കില്‍ പരാതിക്കാര്‍ക്ക് തിരുത്തല്‍ ഹരജികള്‍ നല്‍കാം എന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഫ്‌ളാറ്റ് ഉടമകള്‍ക്ക് കുടിയൊഴിഞ്ഞുപോകാനുള്ള നോട്ടിസ് പതിക്കുന്ന നടപടിയിലേക്ക് നഗരസഭ കടന്നിരിക്കുകയാണ്. ഇതിനായുള്ള യോഗം മരട് നഗരസഭയില്‍ പുരോഗമിക്കുന്നതിനിടെ യോഗം ബഹളത്തില്‍ കലാശിച്ചു. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ചേരിതിരിഞ്ഞ് വാഗ്വോദം തുടങ്ങി. സുപ്രിം കോടതി വിധി നടപ്പാക്കാനാവില്ലെന്ന് നഗരസഭ പ്രമേയം പാസാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതംഗീകരിക്കാന്‍ ഭരണസമിതി തയാറായിട്ടില്ല. യോഗത്തിലേക്ക് ഫ്‌ളാറ്റ് ഉടമകളും പ്രതിഷേധവുമായെത്തിയിട്ടുണ്ട്.
ചമ്പക്കര കനാലിന് സമീപമുള്ള 15 നിലകളിലായി 40 ഫ്ളാറ്റുകള്‍ ഉള്ള ഗോള്‍ഡണ്‍ കായലോരം അപാര്‍ട്മെന്റ്, 90 ഫ്ളാറ്റുകളുള്ള കുണ്ടന്നൂരിലെ പതിനെട്ട് നില ഹോളി ഫെയ്ത്ത് എച്ച് ടു.ഒ, നെട്ടൂര്‍ കടത്തു കടവിനു സമീപം 16 നിലകളിലായി 94 ഫ്ളാറ്റുകളുള്ള ആല്‍ഫാ വെഞ്ചേഴ്സ് ഇരട്ട അപാര്‍ട്മെന്റ് സമുച്ചയം,18 നിലകളിലായി 125 ഫ്ളാറ്റുകളുള്ള നെട്ടൂര്‍ കേട്ടെഴുത്ത് കടവിലെ ജെയ്ന്‍ കോറല്‍ കോവ് എന്നീ അപ്പാര്‍ട്ട്മെന്റുകളാണ് പൊളിച്ച് നീക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടിരിക്കുന്നത്.
തങ്ങള്‍ക്കിനി ഒന്നുമില്ലെന്നും ഉള്ളത് മുഴുവന്‍ കൊടുത്ത് വാങ്ങിയ ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റിയാല്‍ പോകാനൊരിടമില്ലെന്ന് ഫ്ളാറ്റുടമകള്‍ പറഞ്ഞു. നിരവധി പ്രവാസി മലയാളികളുടെ സ്വപ്നമാണ് ചിറകരിയപ്പെടുന്നതെന്നും ആത്മഹത്യ മാത്രമാണ് തങ്ങളുടെ മുന്നിലുള്ള ഏക പോംവഴിയെന്നും അവര്‍ പറയുന്നു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മാതാക്കളില്‍ നിന്നും ഫ്ളാറ്റുകള്‍ സ്വന്തമാക്കിയ തങ്ങള്‍ മാറ്റാരുടേയോ കുറ്റത്തിന് ക്രൂശിക്കപ്പെടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സുപ്രിം കോടതിയിലുള്ള വിശ്വാസം നഷ്ടപെട്ട തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് അവര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അതേസമയം കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച പരിസ്ഥിതി പഠന റിപ്പോര്‍ട്ട് ചെന്നൈ ഐ.ഐ.ടിയില്‍ നിന്ന് ഇതുവരെ ലഭ്യമായിട്ടില്ല.
നഗരസഭ ഇന്ന് അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ആ യോഗമാണ് ബഹളത്തില്‍ കലാശിച്ചത്. യോഗം തുടരുകയാണ്.
തുടര്‍നടപടികളറിയാന്‍ കാത്തിരിക്കുകയാണ് വന്‍ കെട്ടിട സമുഛയങ്ങള്‍ പൊളിച്ചുമാറ്റുമ്പോഴുണ്ടാകുന്ന പരിസ്ഥിതി ആഘാതങ്ങളുടെ ആശങ്കയിലാണ് പ്രദേശവാസികള്‍. സമീപത്തെ കെട്ടിടങ്ങളുടെ സംരക്ഷണം, അന്തരീക്ഷമലീനീകരണം തടയല്‍ എന്നീ കാര്യങ്ങളില്‍ അധികൃതര്‍ ജാഗ്രത പാലിക്കണമെന്ന് പ്രദേശവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."