മലയാളത്തിനായി തുടരുന്ന നിരാഹാര സമരത്തിന് തിരുവോണ നാളില്‍ സാംസ്‌കാരിക കേരളത്തിന്റെ പട്ടിണി സമരം
തിരുവനന്തപുരം: പി.എസ്.സി ചോദ്യപേപ്പര്‍ മലയാളത്തിലാക്കണമെന്ന ആവശ്യം ഉയര്‍ത്തി പി.എസ്.സി ഓഫിസിനു മുമ്പില്‍ തുടരുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യവുമായി സാംസ്‌കാരിക കേരളം കൈകോര്‍ക്കുന്നു. പി.എസ്.സി ഓഫീസിനു മുന്നില്‍ രൂപിമയും പ്രിയേഷും തുടങ്ങിയ നിരാഹാര സമരത്തിനാണ് ഐക്യദാര്‍ഢ്യവുമായി തിരുവോണ നാളില്‍ കേരളത്തിലെ എഴുത്തുകാര്‍ ഒന്നിച്ചെത്തുന്നത്. സമരം 13 നാള്‍ പിന്നിട്ടു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സമരത്തിലുള്ളവരേ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പകരം ആളുകള്‍ നിരാഹാരം തുടരുന്നുണ്ട്.
സമരത്തെ എതിര്‍ത്ത് ചില എഴുത്തുകാരും സാംസ്‌കാരിക, സാഹിത്യ വിമര്‍ശകരും തെറ്റായ വ്യാഖ്യാനം നടത്തുന്നതിനിടയില്‍ കൂടിയാണ് അയ്മനം ജോണ്‍,അശോകന്‍ ചെരുവില്‍,പി.എഫ്.മാത്യൂസ്,ഇ.സന്തോഷ്‌കുമാര്‍,എസ്.ഹരീഷ്,പ്രിയ എ. എസ,്‌കെ.മധുപാല്‍,സി.എസ് ചന്ദ്രിക, വിനോയ് തോമസ്,ബി. മുരളി, വിനു ഏബ്രഹാം, സോക്രട്ടീസ് വാലത്ത്, കെ.എസ് രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വലിയ നിരയെത്തുന്നത്.
ഇംഗ്ലീഷ് ഭാഷയേയോ മറ്റു ഭാഷകളേയോ തള്ളിപ്പറയുകയല്ല ഈ സമരത്തിന്റെ ലക്ഷ്യം. പി.എസ്.സി പരീക്ഷ ഇംഗ്ലീഷില്‍ എഴുതുന്നത് നിര്‍ത്തലാക്കണമെന്നുമല്ല ഈ സമരത്തിന്റെ ആവശ്യം, സ്വന്തം നാട്ടില്‍ മലയാള ഭാഷയിലും ചോദ്യ പേപ്പര്‍ വേണം എന്നതു മാത്രമാണ്.
അതേ സമയം പി.എസ്.സി ചോദ്യപേപ്പര്‍ മലയാളത്തിലാക്കണമെന്ന ആവശ്യം ഉയര്‍ത്തി പി.എസ്.സിയുമായി മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ച നടത്തും. ഈ മാസം 16 ന് തിങ്കളാഴ്ചയാണ് പി.എസ്.സിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
മലയാളത്തില്‍ ചോദ്യപേപ്പര്‍ വേണമെന്ന വിഷയം പി.എസ്.സി അധികൃതരുമായി സംസാരിക്കുമെന്ന് സെപ്തംബര്‍ ഏഴിന് ചേര്‍ന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു എന്നാല്‍ മുഹറം, ഓണം, രണ്ടാം ശനി തുടങ്ങി ഈ മാസം 15വരെ അവധി ദിവസങ്ങളായതിനാലാണ് ചര്‍ച്ച നീണ്ടത്. അടുത്ത പ്രവൃത്തി ദിവസം സെപ്തംബര്‍16 ആണ്. ഈ ദിവസം തന്നെ വിഷയത്തില്‍ ചര്‍ച്ച നടക്കും. ഇത് സമരത്തിന്റെ പ്രസക്തി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നുതന്നെയാണ് സമരത്തിലുള്ളവരും പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."