കോടിയേരിയുടെ ഉപദേശം അപ്രസക്തം: സുകുമാരന്‍ നായര്‍
ചങ്ങനാശേരി: ശബരിമല യുവതീ വിഷയത്തില്‍ എന്‍.എസ്.എസ് നിലപാട് തിരുത്തണമെന്ന കോടിയേരി ബാലകൃഷ്ണന്റെ ഉപദേശത്തിന് മറുപടിയുമായി എന്‍.എസ്.എസ് ജന. സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
കോടിയേരിയുടെ നിലപാട് അപ്രസക്തമാണ്. മന്നത്തു പത്മനാഭന്റെ ആദര്‍ശങ്ങളില്‍ അടിയുറച്ചുനിന്നു നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്രമാണ് എന്‍.എസ്.എസിനുള്ളത്. വിശ്വാസ സംരക്ഷണവുമായി ഇതിനെ കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ല. ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ നിലപാടാണ് തിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലവിഷയം സംബന്ധിച്ച് വിശ്വാസികള്‍ക്കെതിരേ സര്‍ക്കാര്‍ നീക്കമുണ്ടാകുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ അങ്ങനെയൊരു നിലപാടിലേക്ക് പോകരുതെന്നും ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ അംഗീകരിക്കില്ലെന്നും ആ നീക്കത്തില്‍നിന്നു പിന്മാറണമെന്നും കോടിയേരിയെ ഫോണില്‍ ബന്ധപ്പെട്ട് അറിയിച്ചിരുന്നതാണ്.
അതല്ലാത്തപക്ഷം വിശ്വാസ സംരക്ഷണത്തിനായി എന്‍.എസ്.എസിനും നിലപാട് സ്വീകരിക്കേണ്ടിവരുമെന്നും അറിയിച്ചിരുന്നു.അതുകൊണ്ടാണ് കോടിയേരിയുടെ ഇപ്പോഴത്തെ ഉപദേശം അപ്രസക്തമാണെന്ന് പറയേണ്ടിവരുന്നത്. വിശ്വാസികള്‍ക്ക് അനുകൂലമായി എന്‍.എസ്.എസ് എടുത്തിട്ടുള്ള നിലപാട് വ്യക്തമാണ്. അതിന്റെ പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളൊന്നും തന്നെയില്ല എന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.എന്‍.എസ്.എസ് ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് പരിശോധിക്കണമെന്നും ജന. സെക്രട്ടറി വികാരത്തിന് അടിമപ്പെട്ടിരിക്കുകയാണെന്നും നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മന്നത്തുപത്മനാഭന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് എന്‍.എസ്.എസിന്റേതെന്ന കോടിയേരിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് സുകുമാരന്‍ നായരുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."