കേന്ദ്രനേതൃത്വം പച്ചക്കൊടി കാണിച്ചു: കെ. കൃഷ്ണന്‍കുട്ടി മന്ത്രിയാകും
പാലക്കാട്: ദേശീയ നേതൃത്വം പച്ചക്കൊടി കാണിച്ചതോടെ കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ ജലസേചന മന്ത്രിയാകാനുള്ള സാധ്യത തെളിയുന്നു. മാത്യു ടി. തോമസിന് മന്ത്രിപദം ഒഴിയേണ്ടിവരുമെന്ന സൂചനയാണ് പാര്‍ട്ടിയിലെ ഉയര്‍ന്ന നേതാക്കള്‍ നല്‍കുന്നത്. ഏതു വിധേനയും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ കഴിയില്ലെന്നും സ്ഥാനം ഒഴിയേണ്ടി വന്നാലും അഴിമതിക്ക് വഴങ്ങില്ലെന്നും മന്ത്രി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത് മന്ത്രിപദവി ഒഴിയുമെന്ന സൂചനയാണ് നല്‍കുന്നത്.
രണ്ടര വര്‍ഷം കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും ചിറ്റൂര്‍ എം.എല്‍.എയുമായ കെ. കൃഷ്ണന്‍കുട്ടിക്ക് മന്ത്രിപദവി നല്‍കണമെന്ന് വാക്കാല്‍ കരാര്‍ ഉണ്ടെന്നു പറയപ്പെടുന്നുണ്ട്.
പാര്‍ട്ടിയുടെ കെട്ടുറപ്പിന് മന്ത്രി മാത്യു ടി. തോമസിനെ മാറ്റണമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയതായും ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ കേരളത്തില്‍ നിന്നെത്തിയ നേതാക്കളോട് ഈ അഭിപ്രായം പങ്കുവച്ചതായും അറിയുന്നു.
മന്ത്രിസ്ഥാനം ഒഴിഞ്ഞാല്‍ മാത്യു ടി. തോമസിനെ സംസ്ഥാന അധ്യക്ഷനാക്കാനും അണിയറയില്‍ നീക്കം നടത്തുന്നുണ്ട്. പാലക്കാട് സംസ്ഥാന സമ്മേളനം നടത്തി ശക്തി തെളിയിക്കാന്‍ ഒരു വിഭാഗം നേരത്തെ നീക്കം നടത്തിയിരുന്നു.
പ്രളയത്തെ തുടര്‍ന്ന് സമ്മേളനം മാറ്റിവയ്ക്കുകയായിരുന്നു. അടുത്ത മാസം പാലക്കാട് സംസ്ഥാന സമ്മേളനം നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
എന്നാല്‍ മന്ത്രി മാറ്റം എല്‍.ഡി.എഫ് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മുഖ്യമന്ത്രിക്ക് കൃഷ്ണന്‍കുട്ടി മന്ത്രിയാവുന്നതിനോട് എതിര്‍പ്പില്ലെന്നാണ് അറിയുന്നത്.കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ നല്ല ബന്ധമുള്ള മന്ത്രി മാത്യു ടി. തോമസിനെ പിണക്കിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ മാറിമറിയുമോ എന്ന ഭയവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."