ജീപ്പില്‍ നിന്ന് കുഞ്ഞ് തെറിച്ചുവീണ സംഭവം: മാതാപിതാക്കള്‍ക്കെതിരേ പൊലിസും ബാലാവകാശ കമ്മിഷനും കേസെടുത്തു
തൊടുപുഴ: ജീപ്പില്‍ സഞ്ചരിക്കവെ മാതാവിന്റെ കൈയില്‍ നിന്ന് ഒരു വയസുകാരി വനപാതയില്‍ തെറിച്ചുവീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരേ പൊലിസും ബാലാവകാശ കമ്മിഷനും കേസെടുത്തു. കുഞ്ഞ് തെറിച്ചുവീണിട്ടും അതറിയാതെ ദമ്പതികള്‍ സഞ്ചരിച്ചത് മൂന്നു മണിക്കൂറായിരുന്നു. ഈ അശ്രദ്ധക്കെതിരേയാണ് ബാലാവകാശ നിയമമനുസരിച്ച് കേസെടുത്തത്.
ജില്ലാ കലക്ടറോടും പൊലിസ് മേധാവിയോടും സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ വിശദീകരണവും തേടിയിട്ടുണ്ട്.
വീട്ടിലെത്തിയ ശേഷമാണ് ഇവര്‍ കുഞ്ഞിനെ കാണാനില്ലെന്ന് ഓര്‍ത്തത്. ഇതിനിടെ റോഡില്‍ നിന്ന് വനംവകുപ്പ് ചെക്ക്പോസ്റ്റിലേക്ക് മുട്ടിലിഴഞ്ഞെത്തിയ കുഞ്ഞിന് വനം വകുപ്പ് ജീവനക്കാരാണ് രക്ഷകരായത്. കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ട കുഞ്ഞിനെ അഞ്ചു മണിക്കൂറിന് ശേഷം മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു.
മൂന്നാര്‍ രാജമലയ്ക്ക് സമീപമായിരുന്നു സംഭവം. കമ്പിളികണ്ടം സ്വദേശികളായ സതീഷ്-സത്യഭാമ ദമ്പതികളുടെ മകള്‍ രോഹിത(അമ്മു)യാണ് മറയൂര്‍- മൂന്നാര്‍ റോഡില്‍ രാജമല ചെക്ക് പോസ്റ്റിന് സമീപം റോഡില്‍ വീണത്.
ഞായറാഴ്ച രാവിലെ പഴനിയില്‍ ക്ഷേത്രദര്‍ശനത്തിന് പോയ കുടുംബം വൈകിട്ട് മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വളവ് തിരിയുന്നതിനിടയില്‍ ജീപ്പിന്റെ അരികിലിരുന്ന് ഉറങ്ങുകയായിരുന്ന മാതാവിന്റെ കൈയില്‍ നിന്ന് കുട്ടി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ഈ സമയത്ത് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റര്‍ വിശ്വനാഥനും വാച്ചര്‍ കൈലേശനും കരച്ചില്‍ കേട്ടു.
സി.സി. ടി.വി കാമറയില്‍ എന്തോ ഒന്ന് റോഡില്‍ ഇഴഞ്ഞ് മറുവശത്തേക്ക് എത്തുന്നത് കാണുകയും ചെയ്തു.
വന്യമൃഗങ്ങള്‍ അടക്കം വിഹരിക്കുന്ന പാതയില്‍ ഈ സമയം വാഹനങ്ങള്‍ വരാതിരുന്നതും കുട്ടി എതിര്‍വശത്തേയ്ക്ക് പോകാതിരുന്നതും വലിയ അപകടമാണ് ഒഴിവാക്കിയത്. സമീപത്ത് കുത്തൊഴുക്കുള്ള പുഴ റോഡിനോട് ചേര്‍ന്നാണ് ഒഴുകുന്നത്. തെരുവ് നായ്ക്കളുടെ ശല്യമേറെയുള്ള ഭാഗമാണെങ്കിലും നായ്ക്കള്‍ ഇല്ലാതിരുന്നതും രക്ഷയായി.
അതേസമയം കുട്ടിയെ ഉപേക്ഷിച്ചതല്ലെന്നും ഭാര്യ ഉറങ്ങി പോയപ്പോള്‍ അബദ്ധവശാല്‍ വീണുപോയതാണെന്നുമാണ് പിതാവ് സതീഷ് പറഞ്ഞത്. ഭാര്യ മരുന്ന് കഴിച്ചതിന്റെ ക്ഷീണത്തില്‍ ഉറങ്ങിപോയതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."