മോദി ഉറ്റ സുഹൃത്തെന്ന് ഷിന്‍സോ ആബെ
ടോക്കിയോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഉറ്റ സുഹൃത്തുക്കളില്‍ ഒരാളാണെന്നു ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ. ജപ്പാനില്‍ മോദി നടത്തുന്ന സന്ദര്‍ശനത്തിനിടെയാണ് ആബെയുടെ അഭിപ്രായ പ്രകടനം.
13ാമത് ഇന്ത്യാ-ജപ്പാന്‍ ഉച്ചകോടിക്കായി ശനിയാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ടോക്കിയോവിലെത്തിയത്. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനിടെ പ്രതിരോധം, പ്രാദേശിക സുരക്ഷ തുടങ്ങിയ മേഖലകളില്‍ സഹകരണ കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്. ആദ്യ ദിവസം യമനാഷിയിലെ ഗവാഗുച്ചി തടാകത്തിനു സമീപത്തുള്ള അവധിക്കാല വസതിയില്‍ മോദിക്ക് ആബെ സ്വീകരണമൊരുക്കി. ഇതാദ്യമായാണ് ഒരു വിദേശ നേതാവിനു വസതിയിലേക്കു പ്രവേശനം നല്‍കുന്നത്.
രാജസ്ഥാനില്‍നിന്നുള്ള സ്ഫടികക്കല്ലില്‍ നിര്‍മിച്ച രണ്ടു കരകൗശലവസ്തുക്കള്‍, ഉത്തര്‍ പ്രദേശില്‍നിന്നുള്ള വിദഗ്ധ ശില്‍പി നിര്‍മിച്ച പരവതാനി, ജോധ്പുരി പരമ്പരാഗത വസ്ത്രം തുടങ്ങിയവ മോദി ആബെയ്ക്കു സമ്മാനിച്ചു. ജാപ്പനീസ് പ്രധാനമന്ത്രിക്കായി പ്രത്യേകം പറഞ്ഞു നിര്‍മിച്ചവയായിരുന്നു ഈ സമ്മാനങ്ങളൊക്കെയും. യമനാഷിയില്‍ എട്ടു മണിക്കൂറോളം ചെലവഴിച്ച ശേഷം ഇരുവരും ടോക്കിയോവില്‍ തിരിച്ചെത്തി. ഇന്നു നടക്കുന്ന പ്രത്യേക ചടങ്ങില്‍ മോദി ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യും. ഇതിനു പുറമേ ടോക്കിയോവില്‍ ബിസിനസ് ഫോറം അടക്കം വിവിധ വാണിജ്യ പരിപാടികളിലും അദ്ദേഹം സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."