പനിയില്‍ വിറച്ച് പെരിന്തല്‍മണ്ണ; മാതൃശിശു ബ്ലോക്ക് നോക്കുകുത്തി
പെരിന്തല്‍മണ്ണ: ജില്ലയില്‍ പനിബാധിതര്‍ വര്‍ധിക്കുമ്പോഴും ജില്ലാ ആശുപത്രിയില്‍ കിടത്തിചികിത്സക്ക് വിധേയരായ പനി ബാധിതര്‍ക്ക് കിടക്കാന്‍ വരാന്തയില്‍ പോലും സ്ഥലമില്ലാത്ത അവസ്ഥ. പനി ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിയതോടെ പനി വാര്‍ഡിലെ കട്ടിലുകളിലും നിലത്തും വരാന്തയിലും രോഗികളും നിറഞ്ഞു.
ദിവസേന ഒപിയില്‍ ചികിത്സക്കായി എത്തുന്ന രോഗികളില്‍ പകുതിയോളം പേര് പനി ബാധിതരാണ്. പാതായ്ക്കരയിലും തിരൂര്‍ക്കാടും ഉള്‍പ്പെടെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി പടരുകയും പാതായ്ക്കരയില്‍ കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് ഒരു സ്ത്രീ മരിക്കുകയും ചെയ്തു. ഡെങ്കിപ്പനി ബാധ കണ്ടെത്തിയ സ്ഥലങ്ങളില്‍ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ആശുപത്രിയിലെത്തുന്ന പനി ബാധിതരുടെ എണ്ണം വര്‍ധിച്ച് കിടത്തി ചികിത്സക്ക് സൗകര്യങ്ങളില്ലാതെ രോഗികള്‍ വലയുമ്പോഴും ഉദ്ഘാടന സജ്ജമായി കിടക്കുന്ന മാതൃശിശു ബ്ലോക്ക് വെറും നോക്കുകുത്തിയായി നിലനില്ക്കുന്നു.
ഇത് താല്‍ക്കാലികമായി പനി ബാധിച്ചവരെ കിടത്തി ചികിത്സക്ക് ഉപയോഗിക്കുകയോ അല്ലെങ്കില്‍ ഇപ്പോള്‍ ആശുപത്രിയിലുള്ള മാതൃശിശു വാര്‍ഡുകള്‍ താല്കാലികമായി മാറ്റുകയോ ചെയ്താല്‍ ഈ കഷ്ടതക്ക് ഏറെക്കുറെ ആശ്വാസമാകുകയും കിടത്തിച്ചികിത്സാ സൗകര്യം ഒന്നുംകൂടി വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ പുതിയ ബ്ലോക്കിന്റെ പ്രവര്‍ത്തനത്തിന് വിലങ്ങുതടി ആവശ്യമായ ജീവനക്കാരെ നിയമിക്കാത്തതാണ്. ഇതു സംബന്ധിച്ച് മഞ്ഞളാംകുഴി അലി എം.എല്‍.എ രണ്ടു തവണ നിയമസഭയില്‍ സബ്മിഷന് ഉന്നയിച്ചെങ്കിലും ഫലം കണ്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."