വ്യവസായിയുടെ ദുരൂഹമരണം: പ്രതി അറസ്റ്റില്‍
എടവണ്ണ: പ്രമുഖ വ്യവസായിയായിരുന്ന എടവണ്ണ ചെരുമണ്ണിലെ കല്ലുവെട്ടി കുഴിയില്‍ അബ്ദുല്‍ ഗഫൂര്‍ എന്ന കുഞ്ഞിപ്പ (47) വധക്കേസിലെ മുഖ്യപ്രതിയായ പത്തപ്പിരിയത്തെ അറഞ്ഞിക്കല്‍ അബ്ദുസലാമി (49) നെ പൊലിസ് അറസ്റ്റ് ചെയ്തു.
2016 മെയ് ഒന്നിനു പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. തിരുവാലി കോഴിപ്പറമ്പിലെ സ്വന്തം ഫാമില്‍ സുഹൃത്തുക്കളോടൊപ്പം ഉറങ്ങാന്‍ കിടന്ന അബ്ദുല്‍ ഗഫൂറിനെ കുഴഞ്ഞുവീണ നിലയില്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്. തുടര്‍ന്നു നടന്ന പരിശോധനയില്‍ തലയ്ക്കു പിറകിലേറ്റ മുറിവും കണ്ടെത്തി. ഇതോടെ കൊലപാതകമാണെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലിസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തായ സലാമിനെതിരേ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തത്. പെരിന്തല്‍മണ്ണ നാര്‍ക്കോട്ടിക് ഡിവൈ.എസ്.പിക്കായിരുന്നു അന്വേഷണ ചുമതല. ഹൈക്കോടതിയും സുപ്രിം കോടതിയും ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു വണ്ടൂര്‍ സി.ഐ എ.ജെ ജോണ്‍സന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കോഴിക്കോട്ടെ സ്വകാര്യ ഫ്‌ളാറ്റില്‍വച്ച് അറസ്റ്റ് ചെയ്തത്.എടവണ്ണ എസ്.ഐ ബിനു തോമസ്, സി.പി.ഒമാരായ അനീഷ് ചാക്കോ, കൃഷ്ണകുമാര്‍ എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."