ഡബിളടിച്ച് റൊണാള്‍ഡോ; യുവന്റസിന് ജയം
റോം: ഇറ്റാലിയന്‍ സീരി എയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അത്ഭുത പ്രകടനങ്ങള്‍ തുടരുന്നു. ഇരട്ട ഗോള്‍ നേടി റൊണാള്‍ഡോ തിളങ്ങിയപ്പോള്‍ എംപോളിക്കെതിരേ യുവന്റസിന് 2-1 ന്റെ വിജയം. ജയത്തോടെ യുവന്റസ് ഇറ്റാലിയന്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടരുന്നു. ഇറ്റാലിയന്‍ സീരി എയില്‍ കളിച്ച 10 മത്സരങ്ങളില്‍ ഒന്‍പത് ജയവും ഒരു സമനിലയുമടക്കം 28 പോയിന്റുമായാണ് യുവന്റസ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്.
എംപോളിയോട് ഒരു ഗോള്‍ പിറകില്‍ നിന്ന ശേഷം റൊണാള്‍ഡോ നേടിയ ഇരട്ട ഗോളുകളുടെ ബലത്തില്‍ ശക്തമായി തിരിച്ചുവന്നാണ് യുവന്റസ് മത്സരം കൈക്കലാക്കിയത്. സ്വന്തം മൈതാനത്ത് കാണികളുടെ പിന്‍ബലത്തില്‍ നിറഞ്ഞുകളിച്ച എംപോളി മത്സരത്തിന്റെ 28ാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി. യുവന്റസ് ഗോള്‍മുഖത്ത് നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഫ്രാന്‍സിസ്കോ കപൂട്ടോയാണ് ഗോള്‍ നേടിയത്.
ആദ്യ പകുതിയില്‍ ഗോളിന് വേണ്ടി യുവന്റസ് കിണഞ്ഞുശ്രമിച്ചെങ്കിലും എംപോളി ഗോള്‍കീപ്പറുടെ മിന്നും പ്രകടനം അവര്‍ക്ക് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ മിന്നല്‍ മുന്നേറ്റങ്ങളുമായി കളംപിടിച്ച യുവന്റസ് മത്സരത്തിന്റെ 54ാം മിനുട്ടില്‍ സമനില പിടിച്ചു. ഡിബാലയെ ബോക്സില്‍ വീഴത്തിയതിന് ലഭിച്ച പെനാല്‍റ്റി റൊണാള്‍ഡോ അനായാസം വലയിലെത്തിച്ചു. 70ാം മിനുട്ടില്‍ ബുള്ളറ്റ് ഷോട്ടിലൂടെ റൊണാള്‍ഡോ വീണ്ടും എംപോളി വലകുലുക്കിയതോടെ യുവന്റസ് വിജയതീരമണിഞ്ഞു. യുവന്റസിന്റെ ഏഴാം നമ്പര്‍ ജഴ്സിയില്‍ കളിക്കളത്തിലെത്തുന്ന റൊണാള്‍ഡോ യുവന്റസിന് വേണ്ടിയുള്ള തന്റെ ഏഴാം ഗോളാണ് മനോഹരായ ബുള്ളറ്റ് ഷോട്ടിലൂടെ നേടിയത്. മറ്റൊരുമത്സരത്തില്‍ ടോറിനോയും ഫിയോറന്റീനയും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."