14ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം
മലപ്പുറം: ജില്ലയുടെ സമുദ്ര മേഖലയില്‍ 14ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31വരെ ട്രോളിങ് നിരോധനം നടപ്പിലാക്കും. മത്സ്യബന്ധന ബോട്ടുകള്‍ ഹാര്‍ബറുകളിലോ ബേസ് ഓപറേഷനുകളിലോ 14ന് അര്‍ധരാത്രിക്കകം നങ്കൂരമിടണം. ഇതുസംബന്ധിച്ചു ജില്ലാ കലക്ടര്‍ അമീത് മീണയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി നടപടികള്‍ സ്വീകരിച്ചതായി കലക്ടര്‍ അറിയിച്ചു. വറുതിക്കാലത്തു തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കു സൗജന്യ റേഷന്‍ നല്‍കുന്നതിനു സിവില്‍ സപ്ലൈസ് വകുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.അപകട നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സുരക്ഷാ നടപടികളും ക്രമീകരിച്ചിട്ടുണ്ട്. നടപടികളുമായി മത്സ്യത്തൊഴിലാളികള്‍ സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. രക്ഷാപ്രവര്‍ത്തനത്തിനായി 65 അടി വലുപ്പവും 420 കുതിരശക്തിയുമുള്ള ഒരു ബോട്ടും നാലു മീറ്റര്‍ തീരത്തോടടുത്ത പ്രദേശങ്ങളിലും കായലുകളിലും രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനു രണ്ട് എന്‍ജിന്‍ ഘടിപ്പിച്ച ഫൈബര്‍ വള്ളവും തയാറാക്കിയിട്ടുണ്ട്. ഇതിനു പുറമേ, നാല് പൊലിസുകാരെ മേഖലയില്‍ നിയോഗിക്കും. എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള ഒരാളെ നോഡല്‍ ഓഫിസറായും നിയമിക്കും.ട്രോളര്‍ ബോട്ടുകള്‍ക്കു ഡീസലും ഐസ് പ്ലാന്റുകളില്‍നിന്ന് ഐസും നല്‍കരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്. 14,15 തിയതികളില്‍ നേവിയും കോസ്റ്റ് ഗാര്‍ഡും സൗജന്യ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. 14നു രാവിലെ 10നു പൊന്നാനിയിലും വൈകിട്ട് 2.30നു കൂട്ടായിയിലും 15ന് ഒസോന്‍ കടപ്പുറത്തുമാണ് ക്ലാസുകള്‍. ഇതിനു പുറമേ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 30 സന്നദ്ധ പ്രവര്‍ത്തകരെ പഞ്ചായത്തുകള്‍ നിയോഗിച്ചിട്ടുണ്ട്. ഫിഷറീസ് കണ്‍ട്രോള്‍ റൂം ഫോണ്‍: 0494 2666428 യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ. നാരായണന്‍, ജോയിന്റ് ആര്‍.ടി.ഒ കെ. സതീഷ്‌കുമാര്‍, മത്സ്യഫെഡ് മാനേജര്‍ എ. ശ്യാംസുന്ദര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."