ഓണക്കാലത്ത് എക്‌സൈസ് വകുപ്പ് നടത്തിയത് 12,000 റെയ്ഡുകള്‍
തിരുവനന്തപുരം: ഓണക്കാലം മുന്നില്‍ക്കണ്ട് കഴിഞ്ഞ ഒരു മാസത്തിനിടെ എക്‌സൈസ് വകുപ്പ് സംസ്ഥാനത്തുടനീളം നടത്തിയത് 12,678 റെയ്ഡുകള്‍. ഓഗസ്റ്റ് 10നാണ് എക്‌സൈസ് വകുപ്പ് ഓണക്കാലം മുന്നില്‍ക്കണ്ട് റെയ്ഡുകള്‍ സജീവമാക്കിയത്. ഇതിലൂടെ 8,658 അബ്കാരി, പുകയില, മയക്കുമരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. 2,797 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 427 ലിറ്റര്‍ ചാരായവും 21,896 ലിറ്റര്‍ കോടയും ഓപ്പറേഷന്‍ വിശുദ്ധി എന്ന പേരില്‍ നടത്തിയ റെയ്ഡുകളില്‍ എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തു.
വിവിധ അബ്കാരി കേസുകളില്‍ 1826 പേര്‍ അറസ്റ്റിലാവുകയും ചെയ്തു. കള്ള് ഷാപ്പുകള്‍, ബാറുകള്‍, ബാര്‍ ഹോട്ടലുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങി ലൈസന്‍സുള്ള കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ നടത്തിയ റെയ്ഡുകളിലാണ് നിയമലംഘന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതും അനധികൃതമായി സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ പിടിച്ചെടുത്തതും. ഈ റെയ്ഡുകളില്‍ 98.62 ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത പണവും എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തിരുന്നു.
ഓണക്കാലത്ത് സംസ്ഥാനത്തേക്ക് മദ്യവും മയക്കുമരുന്നും കൂടുതലായി ഒഴുകിയെത്തുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് വകുപ്പ് നടപടികള്‍ ഒരു മാസം മുന്‍പേ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."