പ്രതിഷേധമിരമ്പി എസ്.കെ.എസ്.എസ്.എഫ് എയര്‍പോര്‍ട്ട് മാര്‍ച്ച്
കൊണ്ടോട്ടി: മതമൈത്രി അരക്കിട്ടുറപ്പിച്ച ഇന്ത്യയുടെ മണ്ണില്‍ 'ഫാസിസത്തിന് മാപ്പില്ല, നീതി നിഷേധം നടപ്പില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കരിപ്പൂര്‍ വിമാനത്താവളത്തിലേക്കു നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. ഇടമുറിയാത്ത പെരുമഴ അവഗണിച്ച് ഒഴുകിയെത്തിയ ആയിരങ്ങള്‍ തീര്‍ത്ത പ്രതിഷേധ ജ്വാല അധികാരി വര്‍ഗത്തിനു താക്കീതായി. പാലക്കാട്-കോഴിക്കോട് ദേശീയപാത 213 കൊളത്തൂര്‍ ജങ്ഷനില്‍ രാവിലെ 9.30നാണ് മാര്‍ച്ച് ആരംഭിച്ചത്. രാവിലെ മുതല്‍ വിവിധ ജില്ലകളില്‍ നിന്നായി ആയിരത്തിലധികം പേരാണ് മാര്‍ച്ചിനെത്തിയത്.
മഴ വകവയ്ക്കാതെ പ്രവര്‍ത്തകര്‍ അച്ചടക്കത്തിന്റെ ആള്‍രൂപങ്ങളായി റോഡിന്റെ ഒരു ഭാഗം മാത്രമായി നിരയായി നിന്നു. വിമാനത്താവള യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും മറുനിരയിലൂടെ ഗതാഗത കുരുക്കില്ലാതെ കടന്നു പോകാന്‍ സൗകര്യമൊരുക്കിയും സംഘടന മാതൃകയായി. പ്രകടനം തുടങ്ങി ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോഴും പ്രകടനത്തിന്റെ നിര കൊളത്തൂര്‍ ജങ്ഷനില്‍ തന്നെയായിരുന്നു.
വിമാനത്താവള റോഡ് നുഹ്മാന്‍ ജങ്ഷനില്‍ മലപ്പുറം ഡിവൈ.എസ്.പി തോട്ടത്തില്‍ ജലീല്‍, കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫ, കരിപ്പൂര്‍ എസ്.ഐ കെ.സി.മുത്തുക്കോയ തങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം എത്തിയിരുന്നെങ്കിലും നിയമപാലകരെ അത്ഭുതപ്പെടുത്തി പ്രതിഷേധപ്രകടനം ഉദ്ഘാടന വേദിക്ക് മുന്നില്‍ അണിനിരന്ന് മാതൃകയായി. വഴിവക്കിലുള്ളവരെ മാറ്റിയും ഗതാഗതം സുഗമമാക്കിയും പൊലിസിനെ സഹായിച്ച് വിഖായ പ്രവര്‍ത്തകരും കര്‍മനിരതരായി.മാര്‍ച്ച് ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ടി.വി.ഇബ്‌റാഹീം എം.എല്‍.എ, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഓണംപിളളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട് സംസാരിച്ചു.
ഹജ്ജ് കമ്മിറ്റി അംഗം അഹ്മദ് മൂപ്പന്‍, പി.എ. ജബ്ബാര്‍ ഹാജി, കെ.കെ.എസ്. തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ സംബന്ധിച്ചു. ആര്‍.ബി. ശ്രീകുമാര്‍ നടത്തുന്ന നിയമപോരാട്ടത്തിലെ ഇരകള്‍ക്കും ഉത്തരേന്ത്യയിലെ പീഡിതര്‍ക്കും സംഘടന ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
പ്രകടനത്തിന് എസ്.കെ.എസ്.എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍,സീനിയര്‍ വൈസ്പ്രസിഡന്റ് ഓണംപിളളി മുഹമ്മദ് ഫൈസി, സെക്രട്ടറി സത്താര്‍ പന്തലൂര്‍, ട്രഷറര്‍ ബശീര്‍ ഫൈസി ദേശമംഗലം,മുസ്തഫ അശ്‌റഫി കക്കുപ്പടി , അബ്ദുറഹീം ചുഴലി, ഡോ.സുബൈര്‍ ഹുദവി, ഹബീബ് ഫൈസി കോട്ടോപ്പാടം, പി.എം.റഫീഖ് അഹമ്മദ്, ഇബ്‌റാഹീം ഫൈസി ജെഡിയാര്‍, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, മമ്മൂട്ടി മാസ്റ്റര്‍ തരുവണ, മുജീബ് ഫൈസി പൂലോട്, കുഞ്ഞാലന്‍ കുട്ടി ഫൈസി, ടി.പി.സുബൈര്‍ മാസ്റ്റര്‍, ശഹീര്‍ പാപ്പിനിശ്ശേരി, വി.കെ.ഹാറൂന്‍ റശീദ്, ഹാശിഖ് കുഴിപ്പുറം, ആസിഫ് ദാരിമി പുളിക്കല്‍,അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍, ശിഹാബ് കുഴിഞ്ഞൊളം നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."