പാലായില്‍ പ്രചാരണത്തിന് ഒറ്റക്കെട്ടായി ഇറങ്ങും
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് (എം)ലുണ്ടായ പോരിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍. ജോസ് കെ. മാണി വിഭാഗത്തില്‍നിന്ന് പി.ജെ ജോസഫിനെതിരേയുണ്ടായ അവഹേളനപരമായ നടപടികളെത്തുടര്‍ന്ന് പൊട്ടിത്തെറിയുടെ വക്കോളമെത്തിയ പ്രശ്‌നങ്ങള്‍ ഇന്നലെ യു.ഡി.എഫ് നേതൃത്വം മുന്‍കൈയെടുത്ത് പരിഹരിച്ചു. യു.ഡി.എഫ് കണ്‍വന്‍ഷനിലും പ്രതിച്ഛായ ലേഖനത്തിലൂടെയും പി.ജെ ജോസഫിനുണ്ടായത് പോലുള്ള അവഹേളനപരമായ നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന യു.ഡി.എഫ് നേതൃത്വം ഉറപ്പ് നല്‍കിയതോടെയാണ് ഇടഞ്ഞ് നിന്ന ജോസഫ് വിഭാഗം വഴങ്ങിയത്.
ജോസഫിനുനേരെ കണ്‍വന്‍ഷനിലും ലേഖനത്തിലും യു.ഡി.എഫ് നേതൃത്വത്തിന് അമര്‍ഷമുണ്ട്. യു.ഡി.എഫ് ഉപസമിതി ഇന്നലെ ജോസഫ് വിഭാഗവുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ജോസ് വിഭാഗവും ഉറപ്പു നല്‍കിയ കാര്യവും കോണ്‍ഗ്രസ് നേതൃത്വം ജോസഫ് വിഭാഗത്തെ അറിയിച്ചു. ഇതോടെ പാലായില്‍ ഒറ്റക്ക് പ്രചാരണത്തിനിറങ്ങാനുള്ള തീരുമാനം പിന്‍വലിച്ചതായി ജോസഫ് വിഭാഗം നേതാക്കള്‍ യു.ഡി.എഫ് ഉപസമിതിയെ അറിയിക്കുകയായിരുന്നു
ഓണത്തിനുശേഷം പാലായില്‍ പി.ജെ ജോസഫ് പ്രചാരണത്തിനെത്തുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും അറിയിച്ചു. ഇനി അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് പി.ജെ ജോസഫിന് യു.ഡി.എഫ് ഉറപ്പ് നല്‍കി. ജോസ് കെ. മാണിയുമായി ചര്‍ച്ച നടത്തി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും നേതാക്കള്‍ അറിയിച്ചു. രാഷ്ട്രീയ എതിരാളികള്‍ക്ക് സ്വയം ആയുധം നല്‍കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണം സുഗമമായി മുന്നോട്ടുപോകുമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് പി.ജെ ജോസഫ് എത്തും. ഇനി പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. യു.ഡി.എഫില്‍ ഒരു നേതാവിനുനേരെയും അസ്വസ്ഥതയുണ്ടാവുന്ന നടപടികള്‍ ഉണ്ടാവില്ല. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ബെന്നി ബെഹനാന്‍ പറഞ്ഞു. യു.ഡി.എഫിന്റെ വിജയമാണ് ജോസഫിന്റെ ലക്ഷ്യമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എയും പറഞ്ഞു. യു.ഡി.എഫിനൊപ്പം ഒറ്റക്കെട്ടായി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുമെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. ഉപസമിതിയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പി.ജെ ജോസഫിനെ അറിയിക്കേണ്ടതുണ്ട്. അതിനുശേഷം പ്രചാരണത്തില്‍ എങ്ങനെ പങ്കെടുക്കണമെന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും.
എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജോസഫ് വാഴക്കന്‍, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവര്‍ യു.ഡി.എഫ് ഉപസമിതിയ്ക്ക് വേണ്ടിയും ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് മോന്‍സ് ജോസഫ്, ടി.യു.കുരുവിള, ജോയ് എബ്രഹാം എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതെങ്കിലും ബെന്നി ബെഹനാന് എത്താന്‍ അസൗകര്യമുണ്ടായതിനെ തുടര്‍ന്ന് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. എല്ലാവരും ഐക്യത്തോടെ ഒറ്റക്കെട്ടായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്ന് ജോസ് കെ. മാണിയും പാലായില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."