കശ്മിരികളോട് സൈന്യം ചെയ്യുന്ന കൊടും ക്രൂരതകള്‍ പുറത്തുവിട്ട് വിദേശ മാധ്യമങ്ങള്‍
വാഷിങ്ടണ്‍: ജമ്മുകശ്മിരിന് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കശ്മിരികളോട് സൈന്യം ചെയ്ത കൊടും ക്രൂരതകള്‍ പുറത്തുവിട്ട് വിദേശ മാധ്യമങ്ങള്‍. വാഷിങ്ടണ്‍ ആസ്ഥാനമായ അസോഷ്യേറ്റ് പ്രസ് (എ.പി) ആണ് ചിത്രസഹിതം ഏതാനും കശ്മീരികള്‍ അനുഭവിക്കേണ്ടിവന്ന ക്രൂരതകള്‍ വിവരിക്കുന്നത്.
ഓഗസ്റ്റ് പത്തിനാണ് ബഷീര്‍ അഹമ്മദ് ധറിന്റെ വീട്ടില്‍ സൈന്യം എത്തിയത്. ഇതിന് ശേഷം 48 മണിക്കൂറിനുള്ളില്‍ രണ്ടുതവണകളിലായാണ് ധര്‍ സൈന്യത്തിന്റെ കൂട്ടയടിക്ക് വിധേയനായത്. സൈന്യത്തിന്റെ സാന്നിധ്യത്തെ ചോദ്യംചെയ്യുന്ന സ്വന്തം സഹോദരനെ കണ്ടതിനായിരുന്നു ഈ ശിക്ഷയത്രയുമെന്ന് ധര്‍ പറയുന്നു. സൈനിക ക്യാംപില്‍ വച്ചായിരുന്നു മര്‍ദനം. മൂന്നു ഭടന്‍മാര്‍ ചേര്‍ന്ന് ബോധം നഷ്ടമാവുന്നതുവരെ അടിച്ചു. വീട്ടില്‍ വച്ച് ബോധം തിരിച്ചുവരുമ്പോള്‍ പിന്‍ഭാഗം ചതഞ്ഞരഞ്ഞത് കാരണം ഇരിക്കാന്‍ പോലും കഴിഞ്ഞില്ല. ഇവിടെ രക്തം കട്ടപിടിക്കുകയും ചെയ്തിരുന്നു. നാലുദിവസത്തിന് ശേഷം വീണ്ടും സൈന്യം ധറിന്റെ ഹെഫ് ഷിര്‍മലിലുള്ള വീട്ടിലെത്തി. വീട്ടിലുണ്ടായിരുന്ന ധാന്യ ശേഖരമെല്ലാം അവര്‍ മണ്ണെണ്ണയൊഴിച്ച് നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
എ.പി വാര്‍ത്താ ഏജന്‍സി അഭിമുഖം നടത്തിയ 50 ഓളം പേര്‍ സൈന്യം അവരുടെ വീട്ടില്‍ നടത്തിയ റെയ്ഡുകള്‍ വിവരിച്ചു. ഇലക്ട്രിക് ഷോക്ക് ഉള്‍പ്പെടെയുള്ള ക്രൂരമായ മര്‍ദനമുറകള്‍ അഴിച്ചുവിട്ടതായി ചിലര്‍ സാക്ഷ്യപ്പെടുത്തി. മാലിന്യം ഭക്ഷിക്കാനും മലിനജലം കുടിക്കാനും നിര്‍ബന്ധിപ്പിച്ചതുള്‍പ്പെടെയുള്ള അനുഭവങ്ങളും ചിലര്‍ പങ്കുവച്ചു. ഭക്ഷണത്തില്‍ വിഷംകലര്‍ത്തുകയോ അവ നശിപ്പിക്കുകയോ ഉപജീവനമാര്‍ഗമായ കന്നുകാലികളെ കൊലപ്പെടുത്തുകയോ ചെയ്ത സൈന്യത്തിന്റെ ക്രൂരതകളും കശ്മീരികള്‍ പങ്കുവച്ചതായി എ.പി റിപ്പോര്‍ട്ട് ചെയ്തു.
പരിഗാം ഗ്രാമത്തില്‍ സനാഉല്ല സൂഫി തന്റെ രണ്ടുമക്കളെ സൈന്യം തെരുവിലിട്ടു തല്ലിച്ചതക്കുന്ന അനുഭവമാണ് എ.പിയോട് വെളിപ്പെടുത്തിയത്. സൈന്യം വരുമ്പോള്‍ സനാഉല്ല വീട്ടില്‍ ഉറങ്ങുകയായിരുന്നു. ചങ്ങലകൊണ്ടും തോക്കിന്റെ പാത്തി കൊണ്ടുമാണ് തെരുവിലിട്ട് മക്കളെ തല്ലിയത്. മക്കളുടെ കരച്ചില്‍ കേട്ട് നിസഹായനായി നില്‍ക്കാനെ കഴിഞ്ഞുള്ളൂവെന്നും സനാഉല്ല പറഞ്ഞു.
രാജ്യവിരുദ്ധ പ്രക്ഷോഭകരെ കുറിച്ചു പറയണമെന്നാവശ്യപ്പെട്ട് മൂന്നുമണിക്കൂറോളം തന്റെ മകനെ സൈന്യം മര്‍ദിച്ച കാര്യമാണ് മുസഫര്‍ അഹമ്മദ് സോഫിക്കു പറയാനുണ്ടായിരുന്നത്. തറയില്‍ കിടത്തിയ ശേഷം മൂന്നുമണിക്കൂറോളം പിന്‍ഭാഗത്ത് കാലു കൊണ്ട് സൈന്യം ചവിട്ടി. പിന്നീട് ഷോക്കടിപ്പിക്കുകയും ചെയ്തു. ഉച്ചത്തില്‍ നിലവിളിച്ചതോടെ മര്‍ദനം ശക്തിപ്പെടുത്തി. വെള്ളം ചോദിച്ചപ്പോള്‍ മലിനജലമാണ് മകന് കൊടുത്തതെന്നും സോഫി പറഞ്ഞു.
എന്നാല്‍, കശ്മിരില്‍ സൈന്യം എവിടെയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ലെന്നാണ് ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിദ് ദോവല്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."